മൾട്ടി സ്റ്റാർ സിനിമകൾ റെക്കോഡ് തകർത്ത കാലത്ത് ആ സിനിമയാണ് മലയാളത്തിന്റെ ചരിത്രം തിരുത്തിയത്: ആന്റണി പെരുമ്പാവൂർ
Entertainment
മൾട്ടി സ്റ്റാർ സിനിമകൾ റെക്കോഡ് തകർത്ത കാലത്ത് ആ സിനിമയാണ് മലയാളത്തിന്റെ ചരിത്രം തിരുത്തിയത്: ആന്റണി പെരുമ്പാവൂർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th January 2025, 10:37 pm

മലയാളസിനിമയിലെ നാഴികക്കല്ലുകളിലൊന്നായി മാറിയ ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കേരളമൊട്ടാകെ തരംഗമായി മാറി.

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ ദൃശ്യം ചൈനീസ് ഉള്‍പ്പെടെ ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ തരംഗമായി മാറിയിരുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു ദൃശ്യം നിർമിച്ചത്. കുടുംബ സുഹൃത്തായ ജീത്തു ജോസഫ് തന്റെ ഭാര്യയോടും മക്കളോടുമാണ് ദൃശ്യത്തിന്റെ കഥ ആദ്യമായി പറയുന്നതെന്നും പിന്നീട് കഥ കേട്ട മോഹൻലാലിന് അതിഷ്ടമായെന്നും ആന്റണി പറയുന്നു. എന്നാൽ ദൃശ്യം ഇത്ര വലിയ വിജയമായി മാറുമെന്ന് താൻ കരുതിയിട്ടില്ലെന്നും മൾട്ടി സ്റ്റാർ ചിത്രങ്ങൾ മാത്രം വിജയമായിരുന്ന കാലത്ത് ചരിത്രം തിരുത്തി കുറിച്ച സിനിമയാണ് ദൃശ്യമെന്നും ആന്റണി കൂട്ടിച്ചേർത്തു.

‘കേൾക്കുന്ന കഥയെക്കുറിച്ച് സംശയം തോന്നിയാൽ ആശങ്ക വീട്ടുകാരുമായി പങ്കുവയ്ക്കാറുണ്ട്. അവരുടെ അഭിപ്രായങ്ങളും മാനിക്കാറുണ്ട്. മൾട്ടി സ്റ്റാർ ചിത്രങ്ങൾ മാത്രം കളക്ഷൻ റെക്കോഡുകൾ തകർത്ത കാലത്ത് മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം.

 

ജീത്തു ജോസഫ് എൻ്റെ ഫാമിലി ഫ്രൻഡായിരുന്നു. ഈ ചിത്രത്തിന്റെ കഥ അദ്ദേഹം എന്റെ ഭാര്യയോടും മക്കളോടുമാണ് ആദ്യം പറഞ്ഞത്. അവളാണ് ആ കഥയെക്കുറിച്ച് എന്നോട് പറഞ്ഞത്. പിന്നീട് കഥ ജീത്തുവിൽ നിന്ന് കേട്ടപ്പോൾ എനിക്കും ഇഷ്ടമായി. അത് കഴിഞ്ഞ് ഞാനാണ് ആ കഥ ലാൽസാറിനോട് പറയുന്നത്. അദ്ദേഹത്തിനും ഇഷ്ടമായപ്പോൾ അതൊരു സിനിമയായി.

അതിന് രസകരമായ ഒരു ത്രെഡ് ഉണ്ടായിരുന്നതല്ലാതെ അത് അത്രയും ഹിറ്റായി മാറുമെന്ന് സ്വപ്‌നത്തിൽപോലും കരുതിയിരുന്നില്ല. അത് അപ്രതീക്ഷിതമായി സൂപ്പർഹിറ്റ് ചിത്രമായി. പിന്നീട് മലയാളത്തിൽ ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമിക്കാൻ ആ വിജയം വലിയ പ്രചോദനമായി.

ദൃശ്യം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റീമേക്ക് ‌ചെയ്‌തത്. മലയാള സിനിമയുടെ മാർക്കറ്റിൻ്റെ വലുപ്പം ആ സിനിമയിലൂടെ തെളിയിക്കാൻ ആശീർവാദിന് കഴിഞ്ഞത് മറ്റൊരു നേട്ടം,’ആന്റണി പെരുമ്പാവൂർ പറയുന്നു.

 

Content Highlight: Antony Perumbavoor About Success Of Drishyam Movie