കാലങ്ങളായി മലയാളി സിനിമാപ്രേമികള്‍ ചൂണ്ടിക്കാണിക്കുന്ന വിമര്‍ശനങ്ങളിലൊന്നാണ് തമിഴ് സിനിമയില്‍ മലയാളത്തെ ഉപയോഗിക്കുന്ന രീതി. 1990കളില്‍ മലയാളി കഥാപാത്രങ്ങളെ കോമഡിക്ക് വേണ്ടി മാത്രം ഉപയോഗിക്കുകയും മലയാളഭാഷയെ വികലമാക്കി സംസാരിക്കുന്നതും ഇന്നും മാറിയിട്ടില്ല. വിരലിലെണ്ണാവുന്ന സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കി എല്ലാറ്റിലും ഈ ‘തമിഴാളം’ തന്നെയാണ് ഉപയോഗിക്കുന്നത്.
മലയാളസിനിമകളില്‍ തമിഴ് നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും തിരിച്ച് ഈയൊരു കാര്യം നടക്കുന്നില്ലെന്നാണ് പരാതി. ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം പുറത്തുവിട്ട ജയിലര്‍ 2 ഫസ്റ്റ് സിംഗിള്‍ പ്രൊമോ. മലയാളമെന്ന പേരില്‍ വേറെ ഏതോ ഒരു ജിബ്രിഷ് ഭാഷയില്‍ അനിരുദ്ധ് പാടുന്ന വരികള്‍ക്ക് വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
പൂര്‍ണയും സംഘവും അവതരിപ്പിക്കുന്ന പാട്ടിലെ ഹുക്ക് ലൈന്‍ അനിരുദ്ധാണ് പാടിയിരിക്കുന്നത്. മലയാളം ടച്ചുള്ള ലൊക്കേഷനാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പ്രൊമോയില്‍ നിന്ന് വ്യക്തമാണ്. ജയിലറില്‍ തെലുങ്ക് ഫ്‌ളേവറുള്ള ‘കാവാലയ്യാ’ പോലെ ഒരു ഡാന്‍സ് നമ്പറാണ് ഇത്തവണ ഉപയോഗിച്ചത്. അനിരുദ്ധ് പാടുന്ന പോര്‍ഷനാണ് വിമര്‍ശനം ലഭിക്കുന്നത്.
മലയാളം അറിയില്ലെങ്കില്‍ ഇങ്ങനെ മലയാളത്തില്‍ പാടാന്‍ ശ്രമിക്കണോ എന്നാണ് പ്രൊമോയ്ക്ക് നേരെയുള്ള പ്രധാന വിമര്‍ശനം. മലയാളം പാടാനറിയാവുന്ന ആരെയെങ്കിലും വെച്ച് പാടിച്ചാല്‍ പോരെ എന്നും ചിലര്‍ ചോദിക്കുന്നു. മുമ്പ് വേട്ടൈയനില്‍ ‘മനസിലായോ’ എന്ന പാട്ടില്‍ ഉപയോഗിച്ച ‘തമിഴാളവും’ ഒരുപാട് വിമര്‍ശനം നേരിട്ടിരുന്നു.
‘മലയാളം പാട്ട് പാട സൊന്നാ മലയാളത്തെ കൊന്നു’, ‘2024ല്‍ മനസിലായോ, 2026ല്‍ മനസിലായില്ല’, ‘ഇത് തമിഴും മലയാളവുമൊന്നുമല്ല വേറെ ഏതൊ ഒരു ഭാഷയാണ്’, ‘വ്യക്തമായില്ല’ ‘കുറച്ച് മോനെ, അവിടെയും ഇവിടെയും ലാ എന്ന് ചേര്‍ത്താല്‍ മലയാളമാകില്ല അനിരുദ്ധേ’ എന്നിങ്ങനെയാണ് എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.
അനിരുദ്ധ് അടുത്തിടെ സംഗീതം നല്‍കിയ ഡി.സിയില്‍ വേടന്‍ പാടിയ മലയാളം വരികള്‍ക്ക് വലിയ രീതിയില്‍ പ്രശംസ ലഭിച്ചിരുന്നു. മലയാളം വരികള്‍ പാടാന്‍ മലയാളിയായ ഗായകനെ കൊണ്ടുവന്നത് നല്ല കാര്യമെന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ ജയിലര്‍ 2ലൂടെ വീണ്ടും പഴയ ട്രാക്കിലേക്ക് അനിരുദ്ധ് മാറിയെന്നാണ് ഇപ്പോള്‍ പലരുടെയും കമന്റുകള്‍. പാട്ട് മുഴുവന്‍ പുറത്തുവരാതെ വെറും പ്രൊമോ മാത്രം കേട്ടിട്ട് വിമര്‍ശിക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Dear Tamils,please don’t include Malayalam in your songs or dialogues unless it’s pronounced correctly. Mispronouncing words,especially the “la” sounds, can be really irritating to Malayalis and may feel disrespectful to our language. This is NOT Malayalam 😴#Jailer2#AlaBolelopic.twitter.com/hVmm35bama