അന്ന് ശോഭന മാമിന്റെ കാര്യം എന്നോട് പറഞ്ഞില്ല; ലാലേട്ടന്റെ പേര് കേട്ടതും ഞെട്ടി: അമൃത വര്‍ഷിനി
Entertainment
അന്ന് ശോഭന മാമിന്റെ കാര്യം എന്നോട് പറഞ്ഞില്ല; ലാലേട്ടന്റെ പേര് കേട്ടതും ഞെട്ടി: അമൃത വര്‍ഷിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th May 2025, 8:21 am

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് വന്‍വിജയമായ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. 16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു ഇത്.

മലയാളികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഷണ്‍മുഖം എന്ന കഥാപാത്രത്തിന്റെ മകളായി എത്തിയത് അമൃത വര്‍ഷിനി ആയിരുന്നു. ഇപ്പോള്‍ തനിക്ക് ആദ്യമായി തുടരും സിനിമയിലേക്ക് കോള് വന്നതിനെ കുറിച്ച് പറയുകയാണ് അമൃത.

സിനിമയില്‍ ശോഭനയുണ്ടെന്ന് പറഞ്ഞിരുന്നില്ലെന്നും മോഹന്‍ലാലിന്റെ കാര്യം അറിയാമായിരുന്നു എന്നുമാണ് നടി പറയുന്നത്. തുടരും സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമൃത വര്‍ഷിനി.

‘ശോഭന മാമിന്റെ കാര്യം ആദ്യം എന്നോട് പറഞ്ഞിരുന്നില്ല. ലാലേട്ടനാണ് സിനിമയിലെ നായകന്‍ എന്ന് ആദ്യമേ പറഞ്ഞിരുന്നു. വിഷുവിന്റെ സമയത്തായിരുന്നു തുടരും സിനിമയിലേക്ക് എന്നെ വിളിക്കുന്നത്.

അന്ന് ഒരു ഫോട്ടോഷൂട്ടിന്റെ കാര്യം പറഞ്ഞിട്ട് അമ്മ ഒരു കോളിലായിരുന്നു. അതേ സമയത്ത് തന്നെയാണ് പപ്പയ്ക്കും ഒരു കോള്‍ വരുന്നത്. ഞാന്‍ പുറത്ത് അമ്മ എന്താണ് കോളില്‍ സംസാരിക്കുന്നതെന്ന് കേള്‍ക്കാന്‍ നില്‍ക്കുകയായിരുന്നു.

അതേസമയത്ത് പപ്പ കോളില്‍ സംസാരിച്ച് കൊണ്ട് പുറത്തേക്ക് വന്നു. ഞാന്‍ അപ്പോള്‍ പപ്പ പറയുന്നത് കേള്‍ക്കാന്‍ അവിടേക്ക് ചെന്നു. പപ്പ മോഹന്‍ലാല്‍ എന്നൊക്കെ പറയുന്നത് കേട്ടു. ഞാന്‍ അപ്പോള്‍ ഞെട്ടി.

പപ്പ കോള് കഴിഞ്ഞതും എന്റെ അടുത്തേക്ക് വന്നു. ‘മേക്കപ്പ് ഇല്ലാതെ അഞ്ച് ഫോട്ടോസ് വേണം. വേഗം റെഡിയാകൂ’വെന്ന് പറഞ്ഞു. പിന്നെ എക്‌സൈറ്റ്‌മെന്റില്‍ വെപ്രാളത്തോടെ ഞങ്ങള്‍ എന്തൊക്കെയോ ചെയ്തു. വളരെ സന്തോഷമുള്ള ഒരു നിമിഷമായിരുന്നു അത്,’ അമൃത വര്‍ഷിനി പറയുന്നു.


Content Highlight: Amritha Varshini Talks About Thudarum Movie