തുടരും; 'ആഹാ, ആണോ' എന്ന് ചോദിച്ച് ലാലേട്ടന്‍ പോയി; ഞാന്‍ അവിടെ സ്റ്റക്കായി നിന്നു: അമൃത വര്‍ഷിനി
Entertainment
തുടരും; 'ആഹാ, ആണോ' എന്ന് ചോദിച്ച് ലാലേട്ടന്‍ പോയി; ഞാന്‍ അവിടെ സ്റ്റക്കായി നിന്നു: അമൃത വര്‍ഷിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th May 2025, 11:40 am

മലയാളികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.

ചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു നേടിയിരുന്നത്. 16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു തുടരും. ചിത്രത്തില്‍ ശോഭനയുടെയും മോഹന്‍ലാലിന്റെയും മകളായി എത്തിയത് അമൃത വര്‍ഷിനി ആയിരുന്നു.

അമൃതയുടെ ആദ്യ സിനിമയായിരുന്നു തുടരും. താന്‍ പൂജയുടെ ദിവസം ആദ്യമായി മോഹന്‍ലാലിനെ കണ്ടതിനെ കുറിച്ച് പറയുകയാണ് അമൃത വര്‍ഷിനി. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘പൂജയുടെ ദിവസമാണ് ഞാന്‍ ആദ്യമായി ലാലേട്ടനെ കാണുന്നത്. അന്ന് എല്ലാവരും കാഷ്വല്‍ ഡ്രസും ഇട്ടിട്ടായിരുന്നു വന്നത്. എന്നാല്‍ ഞാന്‍ പോയത് ദാവണിയും ഇട്ടിട്ടായിരുന്നു (ചിരി). അത് ശരിക്കും തമാശ തന്നെയായിരുന്നു.

ഞാന്‍ ചെന്നതും സിനിമയില്‍ അഭിനയിക്കുന്ന ഓരോരുത്തരും അവിടേക്ക് വരുന്നതാണ് കാണുന്നത്. ആദ്യം തോമസേട്ടനാണ് (തോമസ് മാത്യു) വന്നത്. പിന്നാലെ തന്നെ ആര്‍ഷ ചേച്ചിയും (ആര്‍ഷ ബൈജു) വന്നു. അത് കഴിഞ്ഞാണ് ശോഭന മാം വരുന്നത്.

ഞാന്‍ എന്റെ കിളി പോയെന്നാണ് വിചാരിച്ചത്. കുറച്ച് കഴിഞ്ഞതും ലാലേട്ടന്‍ വന്നു. അന്നാണല്ലോ ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അതോടെ ഞാന്‍ മൊത്തത്തില്‍ പോയി. ഞാന്‍ ആകെ സ്റ്റക്കായിട്ട് അങ്ങനെ നോക്കി നിന്നു.

ഞാന്‍ സത്യത്തില്‍ അതുവരെ ഒരു അഭിനേതാക്കളെയും അങ്ങനെ നേരിട്ട് കണ്ടിരുന്നില്ല. എനിക്ക് അത് എന്റെ ആദ്യ അനുഭവമായിരുന്നു. ഞാന്‍ പെട്ടെന്ന് തന്നെ ലാലേട്ടന്റെ അടുത്തേക്ക് ചെന്നു. ‘ഞാന്‍ അമൃത വര്‍ഷിനി’ എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി.

ലാലേട്ടന്‍ അപ്പോള്‍ ‘ആഹാ, ആണോ’ എന്നായിരുന്നു ചോദിച്ചത്. ഞാന്‍ അതും കേട്ട് അവിടെ തന്നെ നിന്നു. അദ്ദേഹം അതും ചോദിച്ചിട്ട് പോയിട്ടും ഞാന്‍ അതുപോലെ അവിടെ നിന്നുപോയി. ഞാന്‍ അന്ന് സത്യത്തില്‍ ഒരുപാട് സന്തോഷത്തിലായിരുന്നു,’ അമൃത വര്‍ഷിനി പറയുന്നു.


Content Highlight: Amritha Varshini Talks About How She First Met Mohanlal In Thudarum Movie Pooja Day