സൂപ്പര്‍താരം പുറത്ത്; രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈ താരം ഏകദിന ടീമില്‍
Cricket
സൂപ്പര്‍താരം പുറത്ത്; രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈ താരം ഏകദിന ടീമില്‍
സുദേവ് എ
Monday, 6th July 2026, 11:04 pm

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി ഓള്‍ റൗണ്ടര്‍ ശിവം ദുബെ. പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഢിക്ക് പകരക്കാരനായാണ് ദുബെ ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം പിടിച്ചത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലായിരുന്നു നിതീഷ് കുമാറിന് പരിക്ക് പറ്റിയത്. ഇതിനു പിന്നാലെ താരത്തിന് അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള ടി-20 പരമ്പര നഷ്ടമാവുകയും ചെയ്തിരുന്നു.

ക്വാഡ്രിസെപ്സ് പരിക്കാണ് നിതീഷ് കുമാര്‍ റെഡ്ഢിക്ക് തിരിച്ചടിയായത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ടീമിലെ പ്രധാന ഓള്‍ റൗണ്ടര്‍ ആയിട്ടായിരുന്നു നിതീഷ് കുമാറിനെ ഇന്ത്യ പരിഗണിച്ചിരുന്നത്. എന്നാല്‍ പരിക്കേറ്റ് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരവും മടങ്ങിയതോടെയാണ് ദുബെക്ക് അവസരം ലഭിച്ചത്.

നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍ റൗണ്ടര്‍ ഇന്ത്യന്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇടം പിടിക്കുന്നത്. 2024ല്‍ ശ്രീലങ്കക്കെതിരെയാണ് ദുബെ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ കളത്തിലിറങ്ങിയത്.

2019 വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് താരം ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ നാല് ഏകദിന മത്സരങ്ങളില്‍ നിന്നും 43 റണ്‍സാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ഒരു വിക്കറ്റും 33കാരന്റെ പേരിലുണ്ട്.

അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 14നാണ് നടക്കുന്നത്. ബര്‍മിങ്ഹാമിലെ എഡ്ബാജ്സ്റ്റണിലാണ് മത്സരം. രണ്ടാം മത്സരം ജൂലൈ 16നും മൂന്നാം മത്സരം ജൂലൈ 19നും നടക്കും.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിദ് റാണ, ഗുര്‍നൂര്‍ ബ്രാര്‍.

 

Content Highlight: All-rounder Shivam Dube named in India’s ODI squad against England

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.