ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ സിനിമയില്‍ വേണു, മുരളി എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും എത്തിയത്.
എന്നാല്‍ ധ്യാനും പ്രണവും ചെയ്ത കഥാപാത്രങ്ങള്‍ക്ക് പ്രായമാകുന്ന സീനില്‍ അഭിനയിക്കേണ്ടിയിരുന്നത് യഥാര്‍ത്ഥത്തില്‍ മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു എന്നത് വലിയ വാര്‍ത്തയായിരുന്നു. ശ്രീനിവാസന്റെ ആരോഗ്യം മോശമായതായിരുന്നു അത് നടക്കാതെ പോയതിന്റെ കാരണം.
നടന്‍ അജു വര്‍ഗീസും വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ അഭിനയിച്ചിരുന്നു. കേശദേവ്, ജയന്‍ കേശദേവ് എന്നീ ഇരട്ട വേഷത്തിലാണ് അജു എത്തിയത്. മോഹന്‍ലാല്‍ ശ്രീനിവാസനും അഭിനയിച്ചിരുന്നെങ്കില്‍ സിനിമയില്‍ തന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് മുകേഷായിരുന്നുവെന്ന് പറയുകയാണ് അജു വര്‍ഗീസ്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ മോഹന്‍ലാല്‍ സാറും ശ്രീനിവാസന്‍ സാറുമായിരുന്നു പ്രണവിന്റെയും ധ്യാനിന്റെയും പ്രായമായ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്നത്. അവര്‍ വന്നിരുന്നെങ്കില്‍ എന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് മുകേഷേട്ടന്‍ ആയിരുന്നു.
സത്യത്തില്‍ ബേസില്‍ ചെയ്ത വേഷമായിരുന്നു എനിക്ക് വെച്ചത്. പക്ഷെ അവിടെ മോഹന്‍ലാല്‍ സാറും ശ്രീനി സാറും മുകേഷേട്ടനും വന്നാല്‍ ബേസിലിന്റെ കഥാപാത്രം എനിക്ക് ചെയ്യാന്‍ ആകില്ല. ഞാന്‍ അവരേക്കാള്‍ ചെറുപ്പമാണ്.
മുകേഷേട്ടന്‍ തന്നെയായിരുന്നു എന്റെ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് എന്നാണ് എന്റെ ഓര്‍മ. ചുരുക്കത്തില്‍ മുകേഷേട്ടനെ പോലെ ഒരാള്‍ക്ക് കൊടുത്ത വേഷമാണ് അവസാനം എന്നിലേക്ക് വരുന്നത്. അപ്പോള്‍ ഞാന്‍ എന്തായാലും അതിനോട് ഒരു നീതി പുലര്‍ത്തണം.
പക്ഷെ മുകേഷേട്ടന്‍ തമാശ ചെയ്യുന്ന രീതിയിലേക്ക് ഒരിക്കലും ഞാന്‍ ചെയ്താല്‍ എത്തില്ല എന്നതാണ് സത്യം. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യവുമാണ്. അത്തരത്തില്‍ തമാശ ചെയ്താല്‍ എത്തില്ലെങ്കില്‍ ഞാന്‍ ചെയ്യുന്ന പുതിയ ഒരു എസ്‌കേപ്പിസമുണ്ട്. വളരെ നോര്‍മലായി പറയുക എന്നതാണ് അത്,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Varshangalkku Shesham And Mukesh