തുടര്‍ച്ചയായി സെഞ്ച്വറികള്‍ നേടുന്നത് എളുപ്പമുള്ള കാര്യമല്ല; സൂപ്പര്‍ താരത്തെ പ്രശംസിച്ച് അജിന്‍ക്യാ രഹാനെ
Cricket
തുടര്‍ച്ചയായി സെഞ്ച്വറികള്‍ നേടുന്നത് എളുപ്പമുള്ള കാര്യമല്ല; സൂപ്പര്‍ താരത്തെ പ്രശംസിച്ച് അജിന്‍ക്യാ രഹാനെ
ശ്രീരാഗ് പാറക്കല്‍
Sunday, 30th August 2026, 10:25 am

ഇന്ത്യന്‍ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് മുന്‍ താരം അജിന്‍ക്യാ രഹാനെ. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരത്തിലും മിന്നും പ്രകടനമാണ് താരം നടത്തിയതെന്ന് രഹാനെ പറഞ്ഞു. തുടര്‍ച്ചയായി സെഞ്ച്വറികള്‍ നേടുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ഒരു ബാറ്റര്‍ എന്ന നിലയില്‍ നിര്‍ണായകമായി തീരുമാനമെടുക്കാന്‍ കഴിയുക എന്നത് വളരെ പ്രധാനമാണെന്നും പടിക്കലിന് അതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ദേവ്ദത്ത് രണ്ട് മത്സരങ്ങളിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയും ബൗളര്‍മാരെ ആധിപത്യത്തോടെ നേരിടുകയും ചെയ്തു. തുടര്‍ച്ചയായി സെഞ്ച്വറികള്‍ നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരു ബാറ്റര്‍ എന്ന നിലയില്‍ നിര്‍ണായകമായി തീരുമാനമെടുക്കാന്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. ദേവ്ദത്ത് അത് കൃത്യമായി കാട്ടിത്തന്നു. അദ്ദേഹത്തിന്റെ സമീപനത്തില്‍ വ്യക്തമായ ഉദ്ദേശവും ആത്മവിശ്വാസവും ഉണ്ടായിരുന്നു. ബാറ്റിങ്ങിലെ എല്ലാ ഷോട്ടുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്,’ രഹാനെ പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പയിലെ താരമായിരുന്നു ദേവ്ദത്ത് പടിക്കല്‍.
മൂന്ന് ഇന്നിങ്‌സില്‍ നിന്നും 328 റണ്‍സ് നേടിയാണ് പടിക്കല്‍ കരുത്ത് കാട്ടിയത്. രണ്ട് സെഞ്ച്വറിയടക്കം 109.33 എന്ന ശരാശരിയിലായിരുന്നു താരത്തിന്റെ റണ്‍ വേട്ട. യുവതാരം സായ് സുദര്‍ശന് പരിക്കേറ്റതിന് പിന്നാലെയാണ് ദേവ്ദത്ത് പടിക്കലിന് പരമ്പരയില്‍ അവസരം ലഭിച്ചത്. വീണുകിട്ടയ അവസരം താരം കൃത്യമായി വിനിയോഗിക്കുകയും, മികച്ച പ്രകടനങ്ങളിലൂടെ മൂന്നാം നമ്പറിനുള്ള തന്റെ അവകാശം ശക്തമായി ഉന്നയിക്കുകയുമായിരുന്നു.

രണ്ടാം മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ പടിക്കല്‍ സംസാരിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഏത് സ്ഥാനത്ത് ആയാലും ടീമിന് വേണ്ടി റണ്‍സ് നേടുന്നതാണ് തനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ കളി ജയിച്ചിരുന്നെങ്കില്‍ അത് വളരെ മികച്ചതായിരുന്നു, എന്നാലും ടീമിന് വേണ്ടി സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങള്‍ എപ്പോഴും നിങ്ങളുടെ രാജ്യത്തിനായി കളിക്കാനും സംഭാവന നല്‍കാനും പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നു, അത് മാത്രമാണ് നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യം.

റണ്‍സ് നേടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ അത് എവിടെ ചെയ്യുന്നു എന്നത് പ്രശ്‌നമല്ല. അത് മൂന്നാം സ്ഥാനത്തും മറ്റെവിടെയും ആകാം. അത് പ്രശ്‌നമല്ല. സത്യം പറഞ്ഞാല്‍, എനിക്ക് ടീം വിജയിക്കുക എന്നതാണ് പ്രധാനം, ഞാന്‍ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു,’ മത്സരത്തിന് ശേഷം പടിക്കല്‍ പറഞ്ഞത്.

Content Highlight: Ajinkya Rahane Praises Indian One Down Batter Devdutt Padikkal In Test Cricket

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ