ന്യൂദല്‍ഹി: എ.ഐ.സി.സി ആസ്ഥാനത്ത് സ്വാതന്ത്ര്യദിന ആഘോഷത്തില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ബി.ജെ.പി. സ്വാതന്ത്യദിനത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സേവാദള്‍ നേതാക്കളുമായി നടത്തുന്ന സംഭാഷണം പുറത്ത് വിട്ട് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. ‘ഇതല്ല ഞങ്ങളുടെ വന്ദേമാതരത്തിന്റെ പതിപ്പ്’ എന്ന് രാഹുല്‍ പറയുന്ന വീഡിയോ ക്ലിപ്പ് ആണ് ദുബെ പങ്കുവെച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഖെയും സോണിയാ ഗാന്ധിയും വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നത് തടഞ്ഞെന്നും ബി.ജെ.പി ആരോപിക്കുന്നു. ഞങ്ങള്‍ വന്ദേമാതരം മുഴുവനായി പാടുന്നില്ല, ഇത് വന്ദേമാതരത്തിന്റെ ഞങ്ങളുടെ പതിപ്പല്ല’ എന്ന് രാഹുല്‍ ഗാന്ധി പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
‘ഇന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് ദേശീയഗാനമായ വന്ദേമാതരത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ഒരു ഭാഗമാണിത്. ഇനി രാജ്യം തീരുമാനിക്കട്ടെ ഞാന്‍ വായടച്ച് മിണ്ടാതിരിക്കണമോയെന്ന്, പങ്കുവെച്ച രാഹുലിന്റെ വീഡിയോടൊപ്പം ദുബെ പറഞ്ഞു.
ദേശീയ ഗീതത്തിന്റെ ഉടമസ്ഥാവകാശം എങ്ങനെയാണ് ആര്‍ക്കെങ്കിലും അവകാശപ്പെടുകയെന്ന് ദുബെ ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്. വന്ദേമാതരം പൂര്‍ണമായും ആലപിച്ച ശേഷം രാഹുല്‍ ഗാന്ധി ദേഷ്യത്തോടെ സേവാദള്‍ നേതാക്കളോട് സംസാരിക്കുന്ന വീഡിയോയാണ് ദുബെ പുറത്തുവിട്ടത്.
സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിയും പരസ്യമായി മാപ്പു പറയണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്.
വന്ദേമാതരത്തെ രാഹുല്‍ ഗാന്ധിയടക്കം അവഹേളിച്ചുവെന്ന് ആരോപിച്ച് നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് ബി.ജെ.പി.
ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയും ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. സോണിയ ഗാന്ധിക്ക് ദേശിയ ഗീതത്തിന്റെ പൂര്‍ണരൂപം അസ്വസ്ഥതയുണ്ടാക്കിയെന്നും അത് നിര്‍ത്താന്‍ സൂചന നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ഈ ആരോപണം ശക്തമായി നിഷേധിച്ചതായി റിപ്പോര്‍ട്ട്.
മുഴുവന്‍ ഗാനവും തടസ്സമില്ലാതെ ആലപിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. സോണിയ ഗാന്ധിയുടെ ആംഗ്യങ്ങള്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒരു കസേര ഒരുക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: AICC Vande Mataram controversy; “This is not our version of Vande Mataram”—BJP releases audio of Rahul Gandhi’s conversation
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.