മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റുകളായ മലയാള സിനിമകള്‍ ബോളിവുഡില്‍ റീമേക്ക് ചെയ്ത് ഹിറ്റടിക്കുന്ന ആളാണ് അജയ് ദേവ്ഗണ്‍. ദൃശ്യം, അതിന്റെ തുടര്‍ഭാഗം തുടങ്ങിയവ ബോളിവുഡ് ബോക്‌സ് ഓഫീസില്‍ നിന്ന് വമ്പന്‍ കളക്ഷന്‍ നേടിയവയാണ്. എന്നാല്‍ തുടരും എന്ന സിനിമ ഒ.ടി.ടിയില്‍ എത്തിയതിന് പുറകെ ചിത്രത്തിന്റെ റീമേക്ക് ബോളിവുഡിന് അസാധ്യമായിരിക്കുമെന്ന് പറയുകയാണ് സൈബറിടങ്ങള്‍.
മെയ് 30നാണ് ചിത്രം ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്. മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് സിനിമ പ്രേമികള്‍ ആഘോഷിക്കുന്നത്. മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് അജയ് ദേവ്ഗണ്‍ കൂട്ടിയാല്‍ കൂടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
എന്നാല്‍ ‘തുടരും’ എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഉണ്ടാകുമെന്ന് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍ ചില ബോളിവുഡ് നിര്‍മാതാക്കള്‍ തുടരുമിന്റെ അണിയറപ്രവര്‍ത്തകരെ സമീപിക്കുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി നിര്‍മിച്ച മലയാള ചിത്രങ്ങളുടെ ഹിന്ദി റീമേക്കുകളില്‍ അജയ് ദേവ്ഗണ്‍ അഭിനയിച്ചിട്ടുണ്ട്. ദൃശ്യം, ദൃശ്യം 2 എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ അജയ് ദേവ്ഗണ്‍ വിജയ് സല്‍ഗോങ്കര്‍ എന്ന കഥാപാത്രമായാണ് എത്തിയത്. 2006ല്‍ പുറത്തിറങ്ങിയ ഗോള്‍മാല്‍ എന്ന ചിത്രം 2001 ലെ പ്രിയദര്‍ശന്‍ ചിത്രം കാക്കകുയിലിന്റെ റീമേക്കാണെന്ന് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മോഹന്‍ലാലിന്റെ ക്രൈം ത്രില്ലര്‍ ചിത്രം ‘ഒപ്പം’ അജയ് ദേവ്ഗണ്‍ റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
മലയാളത്തിലെ ചരിത്രവിജയമായി മാറിയ ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കുന്ന ആദ്യ ചിത്രമായി തുടരും മാറി. മോഹന്‍ലാലിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയാണ് തുടരും.