സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ കാബി ലേമിനെ അറിയാത്തവരായി ആരും തന്നെ കാണില്ല. ലൈഫ് ഹാക്‌സ് എന്ന പേരില്‍ കാട്ടിക്കൂട്ടലുകള്‍ നടത്തുന്ന യൂട്യൂബര്‍മാരെയും ടിക് ടോക്കര്‍മാരെയും എയറില്‍ കയറ്റിയാണ് ഈ സെനഗലുകാരന്‍ പ്രസിദ്ധനായത്.

നിങ്ങള്‍ ചെയ്യുന്ന കാട്ടിക്കൂട്ടലുകള്‍ക്ക് പകരം ‘ഇത്രയേ ചെയ്യേണ്ടതുള്ളൂ’ എന്ന് കാണിക്കുന്ന കാബിയുടെ ഐക്കോണിക് എക്‌സ്പ്രഷനും ആരാധകരേറെയാണ്.

ആളുകളെ ട്രോളിക്കൊണ്ടാണ് കാബി പ്രസിദ്ധനായതെങ്കില്‍, പ്രശസ്തരായ താരങ്ങളെ പിക്ചര്‍ പെര്‍ഫെക്ഷനോടെ അനുകരിച്ചാണ് എഡ്ബൂക ഡികേ എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ കൈയടികളേറ്റുവാങ്ങുന്നത്.

പ്രൊഫഷണല്‍ റെസ്‌ലിങ്ങിലെ അതികായരായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ സൂപ്പര്‍ താരങ്ങളുടെ എന്‍ട്രന്‍സ് അനുകരിച്ചാണ് എഡ്ബൂക തരംഗമാവുന്നത്. അവരുടെ തീം മ്യൂസിക്കിനൊപ്പം, താരങ്ങളുടെ ഓരോ ജെസ്റ്ററും ഐക്കോണിക് പോസുകളും അതുപോലെ ഒപ്പിയെടുത്താണ് എഡ്ബക വീഡിയോ ചിത്രീകരിക്കാറുള്ളത്.

നിലവിലെ ഡബ്ല്യൂ.ഡബ്ല്യൂ.ഇ യൂണിവേഴ്‌സല്‍ ചാമ്പ്യന്‍ റോമന്‍ റെയ്ങ്‌സിനെയും സഹോദരന്‍മാരയ ഊസോ ബ്രദേഴ്‌സിനെയും മാനേജര്‍ പോള്‍ ഹെയ്മനയും അനുകരിക്കുന്ന വീഡിയോ റോമന്‍ റെയ്ങ്‌സ് പങ്കുവെച്ചതോടെയാണ് എഡ്ബൂക്കയെ ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയത്.