2026-27 ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിനായി മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ചരിത്രത്തിലെ ആദ്യ ഐ.എസ്.എൽ കിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എതിരാളികൾ ഇന്റർ കാശിക്കെതിരെയാണ്. എതിരാളികളുടെ തട്ടകത്തിൽ വെച്ചായിരിക്കും കൊമ്പന്മാർ സീസണിലെ ആദ്യ മത്സരം കളിക്കുക.
മത്സരത്തിൽ ക്യാപ്റ്റൻ അഡ്രിയൻ ലൂണ വീണ്ടും മഞ്ഞ ജേഴ്സി അണിയുന്നത് കാണാനുമാണ് ആരാധകർ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ലോണിൽ ഇന്തോനേഷ്യൻ ക്ലബ്ബിലേക്ക് കൂടുമാറിയ ലൂണ ഈ സീസണിലാണ് ടീമിനൊപ്പം വീണ്ടും ചേർന്നത്.
ആദ്യ മത്സരത്തിൽ ലൂണയുടെ ബൂട്ടുകളിൽ നിന്നും അത്ഭുതങ്ങൾ പിറക്കുമെന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്. ഇന്റർ കാശിക്കെതിരെ ആദ്യ മത്സരത്തിൽ ഗോൾ നേടാൻ ലൂണയ്ക്ക് സാധിച്ചാൽ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഒരു നായകനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു ചരിത്ര നേട്ടവും ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനെ തേടിയെത്തും.

ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് വ്യത്യസ്ത സീസണുകളിലെ ആദ്യ മത്സരത്തിൽ ഗോൾ നേടുന്ന ആദ്യ ബ്ലാസ്റ്റേഴ്സ് നായകൻ എന്ന നേട്ടമാണ് ലൂണയ്ക്ക് സ്വന്തമാക്കാൻ സാധിക്കുക. 2023ൽ ബെംഗളൂരു എഫ്. സിക്കെതിരെയുള്ള ആദ്യ മത്സരത്തിലായിരുന്നു ലൂണ ബ്ലാസ്റ്റേഴ്സിന് വേണ്ടി ക്യാപ്റ്റനെന്ന നിലയിൽ ഗോൾ നേടിയത്. ഇപ്പോൾ ഈ സീസണിലും ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ലക്ഷ്യം കണ്ടാൽ പുതിയ ചരിത്രവും ലൂണക്ക് ബ്ലാസ്റ്റേഴ്സിന്റെ അധ്യായത്തിൽ എഴുതിച്ചേർക്കാം.
നിലവിൽ ലൂണയ്ക്കൊപ്പം ഈ നേട്ടത്തിൽ നൈജീരിയൻ താരം ബർത്തലോമിയോ ഓഗ്ബച്ചയുമുണ്ട്. 2019 സീസണിലെ ആദ്യ മത്സരത്തിൽ അത്‌ലറ്റികോ ഡി കൊൽക്കത്തക്കെതിരെയായിരുന്നു ക്യാപ്റ്റനായി നൈജീരിയൻ ക്യാപ്റ്റൻ ഇരട്ട ഗോൾ നേടി തിളങ്ങിയിരുന്നത്.
അതേസമയം ഇത്തവണ പുതിയ ഉടമസ്ഥരുടെ കീഴിലാണ് ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിനിറങ്ങുന്നത്. ദുബായ് ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റാണ് ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്തത്. ആഷ്ലി വെസ്റ്റ് നേതൃത്വത്തിൽ ഒരുപിടി അനുഭവസമ്പത്തുള്ള വിദേശ താരങ്ങളും ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളും ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇത്തവണ അണിനിരക്കുന്നുണ്ട്. ഇത്തവണ കൊമ്പൻമാരുടെ കിരീട വരൾച്ച അവസാനിക്കുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Adrian Luna need one goal in opening match create a new record for Kerala Blasters in ISL
