രജനികാന്ത് നായകനായ ‘ജയിലർ’ ഒന്നാം ഭാഗത്തിലെ ‘കാവാലാ’ സൃഷ്ടിച്ച തരംഗത്തിന് പിന്നാലെ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനമായ ‘അല ബോലേലോ’യുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ് ഷംന കാസിം. എന്നാൽ പാട്ട് റിലീസ് ചെയ്യുന്നതിന് മുമ്പ് താൻ അനുഭവിച്ച ടെൻഷൻ ജീവിതത്തിൽ മറ്റൊന്നിനും ഉണ്ടായിട്ടില്ലെന്ന് ഷംന കാസിം പറഞ്ഞു.
‘ജയിലർ ഒന്നാം ഭാഗത്തിൽ തമന്ന ചുവടുവെച്ച ‘കാവാലാ’ വൻ ഹിറ്റായി മാറുകയും വലിയ ട്രെൻഡ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ‘ജയിലർ 2’വിലെ ആദ്യ ഗാനമായ ‘അല ബോലേലോ’യ്ക്ക് അതേ തരത്തിലുള്ള സ്വീകാര്യത ലഭിക്കുമോ എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നുയെന്നും ഷംന പറഞ്ഞു.
പാട്ട് റിലീസ് ചെയ്യുന്നതുവരെ ഒരു പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന പോലെയായിരുന്നു തന്റെ അവസ്ഥയെന്നും താരം പറഞ്ഞു. സ്വന്തം പ്രസവത്തിന് പോലും ഇത്രയും ടെൻഷൻ തോന്നിയിട്ടില്ലെന്നും തമാശയായി ഷംന കൂട്ടിച്ചേർത്തു.
‘സത്യം പറഞ്ഞാൽ പാട്ടിൽ വർക്ക് ചെയ്തതിന് ശേഷം ഇത് റിയൽ ആണോ എന്ന് അറിയാൻ പോലും എനിക്ക് കുറച്ച് സമയം എടുത്തു. നമ്മൾ ഒരു എക്സാം എഴുതിയിട്ട് അതിന്റെ റിസൾട്ടിനായി കാത്തിരിക്കില്ലേ, അതുപോലെയായിരുന്നു. ഇത്രയും ടെൻഷൻ അടിച്ച വേറെ കാര്യമുണ്ടായിട്ടില്ല. എന്റെ ഡെലിവറിക്ക് പോലും ഞാൻ ഇത്രയും ടെൻഷൻ അടിച്ചിട്ടില്ല,’ ഷംന പറഞ്ഞു.
വലിയൊരു ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ ‘ജയിലർ 2’യുടെ അണിയറപ്രവർത്തകർക്ക് വലിയ സമ്മർദമുണ്ടാകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും ഷംന വ്യക്തമാക്കി. ചിത്രത്തിൽ നിന്നുള്ള ആദ്യത്തെ പ്രധാന അപ്‌ഡേറ്റ് എന്ന നിലയിൽ ഗാനത്തിനും വലിയ പ്രതീക്ഷയുണ്ടായിരുന്നു. അതിനൊപ്പം ഒന്നാം ഭാഗത്തിലെ ‘കാവാലാ’ നേടിയ വൻ വിജയവും തന്റെ ടെൻഷൻ വർധിപ്പിച്ചുവെന്നും താരം പറഞ്ഞു.
‘ഒന്നാം ഭാഗത്തിലെ പാട്ട് വന്നപ്പോൾ അത് ഭയങ്കര ട്രെൻഡായിരുന്നു. വലിയ ഇംപാക്ട് ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് ഇതും എങ്ങനെയാകും എന്നത് എനിക്ക് ഒരു കോംപറ്റീഷൻ പോലെയായിരുന്നു,’ ഷംന പറഞ്ഞു.
ഷൂട്ടിംഗ് സമയത്തും താൻ വലിയ രീതിയിൽ നെർവസായിരുന്നുവെന്ന് ഷംന കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക് ശേഷം ഒരു വലിയ ഹീറോയുടെ ചിത്രത്തിൽ മികച്ചൊരു ഗാനത്തിനൊപ്പം നൃത്തം ചെയ്യണമെന്ന തന്റെ ആഗ്രഹം യാഥാർഥ്യമായതിന്റെ സന്തോഷത്തിനൊപ്പം, അതിന്റെ സമ്മർദ്ദം ഉണ്ടായിരുന്നതായും താരം പറഞ്ഞു.
‘ഫസ്റ്റ് ഡേ ഷൂട്ടിന് പോകുന്നതുപോലെയായിരുന്നു എനിക്ക്. ഈ പാട്ടിൽ മുഴുവൻ ഞാനാണ് എന്നത് അപ്പോഴാണ് അറിയുന്നത്. ഷൂട്ട് കഴിഞ്ഞ് പോയിട്ടും എന്റെ മനസ്സിൽ ആ ഷൂട്ടിന്റെ ഓർമകൾ തന്നെയായിരുന്നു,’ ഷംന പറഞ്ഞു.
ഒരു വലിയ താരത്തിന്റെ ചിത്രത്തിൽ നല്ലൊരു പാട്ടിൽ നൃത്തം ചെയ്യണമെന്ന ആഗ്രഹം നേരത്തേ ഉണ്ടായിരുന്നെങ്കിലും, പല കാരണങ്ങൾ കൊണ്ടും ആ ആഗ്രഹം മനസിൽ നിന്ന് മാറ്റിവെച്ചിരുന്നുവെന്നും ഷംന വ്യക്തമാക്കി. നേരത്തെ ‘കുർച്ചി മടത്തപെട്ടി’ പോലുള്ള ഗാനങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും, ആ ഗാനത്തിന്റെ റിലീസിന് ശേഷമാണ് താൻ അതിലുണ്ടായിരുന്നുവെന്ന് പലരും ശ്രദ്ധിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
എന്നാൽ ‘അല ബോലേലോ’ പുറത്തിറങ്ങിയപ്പോൾ ലഭിച്ച പ്രതികരണം തന്റെ പ്രതീക്ഷകളെ തന്നെ മാറ്റിമറിച്ചുവെന്നും ഷംന പറഞ്ഞു. താൻ ആദ്യം ഭയന്നത് ശരീരത്തെക്കുറിച്ചുള്ള മോശം കമന്റുകളും ബോഡി ഷെയ്മിങ്ങുമൊക്കെയായിരുന്നുവെങ്കിലും, അതിന് വിപരീതമായ പ്രതികരണമാണ് ലഭിച്ചതെന്ന് താരം വ്യക്തമാക്കി.
‘പാട്ട് ഇറങ്ങിയ ശേഷം ഒരുപാട് മെസേജുകൾ വന്നു. ഞാൻ വിചാരിച്ചത് ഞാൻ ഫാറ്റായി ഇരിക്കുകയല്ലേ, ബോഡി ഷെയ്മിംഗ് ആയിരിക്കും എന്നാണ്. പക്ഷേ ഞാൻ വിചാരിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടുള്ള റിവ്യൂ ആയിരുന്നു പാട്ടിന് ലഭിച്ചത്. ഞാൻ വിചാരിച്ചത് വേറെ, എനിക്ക് കിട്ടിയത് വേറെ,’ ഷംന പറഞ്ഞു.
Content Highlights: Actress Shamna Kasim shares her experience of dancing in Jailer 2