'ഭർത്താവ് മരിച്ചയുടൻ കാമുകനെ കാണാൻ പോയ കഥാപാത്രത്തെ ഒരുപാടുപേർ വിമർശിച്ചു'; ചോദ്യങ്ങൾക്ക് മറുപടിയുമായി സംയുക്ത, വൈറലായി പഴയ അഭിമുഖം
Malayalam Cinema
'ഭർത്താവ് മരിച്ചയുടൻ കാമുകനെ കാണാൻ പോയ കഥാപാത്രത്തെ ഒരുപാടുപേർ വിമർശിച്ചു'; ചോദ്യങ്ങൾക്ക് മറുപടിയുമായി സംയുക്ത, വൈറലായി പഴയ അഭിമുഖം
നന്ദന എം.സി
Tuesday, 17th March 2026, 7:46 pm

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത വർമ.  സംയുക്തയെ പോലെ തന്നെ മലയാളികൾക്ക് പ്രിയങ്കരനാണ് ബിജു മേനോൻ. ഇരുവരുടെയും വിവാഹ ശേഷം സംയുക്ത പൂർണമായും മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

ഇപ്പോഴിതാ ‘മഴ’ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംയുക്ത സംസാരിക്കുന്ന ഒരു പഴയ ഇന്റർവ്യൂയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

‘മഴ എന്ന സിനിമയിൽ ശരിക്കും എന്റെ കഥാപാത്രം വളരെ നല്ല കഥാപാത്രമായിരുന്നു. പക്ഷെ അത് മാധവി കുട്ടിയുടെ കഥയായിരുന്നു. അത് തന്നെ വലിയൊരു പ്ലസ് ആയിരുന്നു. അതൊക്കെയായിരുന്നു കൂടുതൽ നോക്കിയിരുന്നത്.

മഴ’, Photo: YouTube/ Screengrab

പിന്നെ ഓരോ കഥാപാത്രങ്ങളും ഓരോ പോലെയാണ്. ‘മഴ’യിലെ കഥാപാത്രം കണ്ടിട്ട് ഒരുപാട് സ്ത്രീകൾ എന്നോട് ചോദിച്ചിട്ടുണ്ട് ഇതെന്തൊരു മോശം കഥാപാത്രമാണെന്ന്. കാരണം കല്യാണം കഴിഞ്ഞ ഒരു സ്ത്രീ ഭർത്താവ് മരിച്ചയുടൻ കാമുകനൊപ്പം പോവുകയാണ്.

അതുപോലെ ‘മേഘമൽഹാർ’ എന്ന കഥാപാത്രം. അതൊക്കെ നമ്മുടെ മലയാളികളുടെ കാഴ്ചപ്പാടിൽ ഒരു നെഗറ്റീവ് കാര്യമാണല്ലോ. പലരും എന്റെ അടുത്ത് ചോദിച്ചിട്ടുണ്ട് എന്തിനാ അങ്ങനെയൊരു കഥാപാത്രം ചെയ്തതെന്ന്.

അത് ചെയ്യാൻ പാടില്ലായിരുന്നു, അത് ചെയ്തത് ശരിയാണോ എന്നെല്ലാം ചോദിച്ചു. ചെയ്തത് ശരിയാണോ എന്ന് ചോദിക്കുന്നവരോട് അത് ഞാൻ അല്ലല്ലോ, ഞാൻ സംയുക്തയാണ് അത് ആ കഥാപാത്രമാണ്. പലതരം സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്. പല സ്വഭാവമുള്ളവരുണ്ട്. അതിലൊരു വ്യക്തിയാണ് ആ കഥാപാത്രം,’ സംയുക്ത പറഞ്ഞു.

ബിജു മേനോൻ, സംയുക്ത വർമ, Photo: Biju Menon/ Facebook

കൂടാതെ തനിക്ക് ഒരിക്കലും വീട്ടിലെ കാര്യങ്ങൾ നോക്കി നിൽക്കുന്നതിൽ വിരസത അനുഭവപ്പെടാറില്ലെന്നും സംയുക്ത പറയുന്നു.

‘എല്ലാ വീട്ടമ്മമാരെയും പോലെ ഞാൻ വീട് ക്ലീൻ ചെയ്യുകയും കുക്ക് ചെയ്യുകയും പുസ്തകങ്ങൾ വായിക്കുകയും നല്ല സിനിമകൾ കാണുകയും ചെയ്യും.

ഹെൽത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് യോഗ, ധ്യാനം പോലുള്ളവയും ചെയ്യുന്നുണ്ട്. ഞാനൊരു നല്ല കുക്ക് ആണോ എന്ന് അറിയില്ല. പക്ഷേ ബിജുവേട്ടന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ എനിക്കറിയാം.

ജീവിതത്തിൽ ബിജുവേട്ടൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്യുന്ന ഒരു കാര്യം നല്ല സ്വാദുള്ള ഫുഡ് കഴിക്കുകയും ഫ്രണ്ട്സിനൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്നതാണ്. വർക്ക് കഴിഞ്ഞു വന്നാൽ കൂടുതൽ എൻജോയ് ചെയ്യുന്നത് ഈ കാര്യങ്ങളാണ്,’ സംയുക്ത പറഞ്ഞു.

Content Highlight: Actress Samyuktha Varma talks about her character in the movie Mazha

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.