മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലെ മാതാവിന്റെ വേഷം ചെയ്ത് കൊണ്ട് നമിത തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് അമ്മേ ദേവി, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും നമിത ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. എന്നാൽ നമിതക്ക് ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെയാണ്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാൻ നടിക്ക് സാധിച്ചിരുന്നു.

നമിത പ്രമോദ്.Photo. Youtube/ Screen Grab

ഇപ്പോഴിതാ വനിതക്ക് നൽകിയ അഭിമുഖത്തിൽ പതിനാലാം വയസിൽ അഭിനയിച്ചുതുടങ്ങിയെന്നും ചെറുപ്പം മുതലേ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവന്നിരുന്നുവെന്നും തുറന്നു പറയുകയാണ് നടി. കൂട്ടുകാരൊക്കെ അടിച്ചുപൊളിച്ച് നടക്കുന്ന പ്രായത്തിൽ ജോലിചെയ്ത് സമ്പാദിക്കാൻ തുടങ്ങിയതിനെക്കുറിച്ചും ഉത്തരവാദിത്തബോധം വളർന്നുവന്ന സാഹചര്യങ്ങളെക്കുറിച്ചും താരം സംസാരിച്ചു.

’14 വയസിലാണ് അഭിനയിക്കാൻ തുടങ്ങിയത്. എന്റെ കൂട്ടുകാരൊക്കെ അടിച്ചുപൊളിച്ച് നടക്കുന്ന സമയത്തൊക്കെ ഞാൻ ജോലി ചെയ്തും സമ്പാദിച്ചും തുടങ്ങിയിരുന്നു. ഞങ്ങളൊരു സാധാരണ മിഡിൽ ക്ലാസ് കുടുംബമാണ്. ലാവിഷായി ചെലവാക്കലൊന്നുമില്ല. അച്ഛനും അമ്മയും വളരെ ഉത്തരവാദിത്തത്തോടെ പെരുമാറുന്നത് കണ്ടാണ് വളർന്നത്,’ നമിത പറഞ്ഞു.

അഭിനയത്തിനൊപ്പം ബിസിനസ് കൂടി നോക്കിനടത്താൻ തുടങ്ങിയതോടെ ഉത്തരവാദിത്തങ്ങൾ വർധിച്ചുവെന്നും നമിത പറയുന്നു. പൊതുവെ ഒതുങ്ങിയ പ്രകൃതക്കാരിയായിരുന്ന താൻ ഇപ്പോൾ സംസാരിക്കുന്നത്ര പോലും മുമ്പ് സംസാരിക്കാറില്ലായിരുന്നു. ബിസിനസിന്റെ തിരക്കുകൾക്കിടയിൽ കുടുംബത്തിനൊപ്പം ചെലവഴിക്കാനും പുറത്തുപോകാനുമുള്ള സമയവും ഇപ്പോൾ കുറഞ്ഞുവെന്നും നടി പറഞ്ഞു.

എല്ലാ കാര്യങ്ങളും പെർഫെക്ടായി ചെയ്യണമെന്ന ചിന്ത പലപ്പോഴും സമ്മർദമുണ്ടാക്കിയിരുന്നുവെന്നും താരം പറഞ്ഞു.

‘എല്ലാ കാര്യങ്ങളും കൂടുതൽ നന്നാക്കണമെന്ന തോന്നൽ മാനസിക സമ്മർദമുണ്ടാക്കിയിരുന്നു. അതുകൊണ്ടുതന്നെ പലതും തുടങ്ങാനും പരീക്ഷിക്കാനും കാലതാമസം വരും. അച്ഛൻ മുഖത്തുനോക്കി പറയും, ‘പെർഫെക്ഷൻ നോക്കിയിരുന്നാൽ ഇവിടെ ഇരിക്കുകയേയുള്ളൂ. ഒന്നും നടക്കാൻ പോകുന്നില്ല’ എന്ന്. നമ്മുടെ പോരായ്മകൾ കാണിച്ചുതരുന്ന നല്ല സുഹൃത്തുക്കളുമുണ്ട്,’ നമിത പറഞ്ഞു.

നമിത പ്രമോദ്.Photo. Youtube/ Screen Grab

എല്ലാ കാര്യങ്ങളിലും ഇടപെടണമെന്നും ഓരോന്നും സൂക്ഷ്മമായി നിയന്ത്രിക്കണമെന്നുമുള്ള ശീലം ഉപേക്ഷിക്കാൻ ബോധപൂർവം ശ്രമിച്ചതോടെ മനസമാധാനം ലഭിച്ചുതുടങ്ങിയെന്നും നമിത പറയുന്നു. പെർഫെക്ഷനിസം ഒരു പരിധിവരെ നല്ലതാണെങ്കിലും അത് അമിതമായാൽ ഉത്കണ്ഠയ്ക്ക് കാരണമാകുമെന്നും താരം വ്യക്തമാക്കി.

Content Highlight: Actress Namitha Pramod opens up about starting her acting career at the age of fourteen and having to shoulder responsibilities from a young age