വര്‍ണപ്പകിട്ട്, ഫ്രണ്ട്‌സ്, ഒളിമ്പ്യന്‍ അന്തോണി ആദം, ഡ്രീംസ്, രാക്ഷസ രാജാവ്, മിസ്റ്റര്‍ ബ്രഹ്‌മചാരി, നാട്ടുരാജാവ്, ഉദയനാണ് താരം, കഥ പറയുമ്പോള്‍, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബ്രോ ഡാഡി തുടങ്ങി മലയാത്തില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ നായികയാണ് മീന.
അതില്‍ തന്നെ ഏറ്റവുമധികം ചിത്രങ്ങള്‍ ചെയ്തിരിക്കുന്നത് നടന്‍ മോഹന്‍ലാലിനൊപ്പമാണ്. എന്തുകൊണ്ടായിരിക്കാം മമ്മൂട്ടിക്കൊപ്പം കൂടുതല്‍ സിനിമകളില്‍ തനിക്ക് അഭിനയിക്കാന്‍ കഴിയാത്തത് എന്ന് പറയുകയാണ് മീന.
മമ്മൂക്കയ്‌ക്കൊപ്പം ഒരു മികച്ച കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് താനെന്നും മീന പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മീന.
‘ മമ്മൂക്കയുടെ കാര്യം ഓര്‍ക്കുമ്പോള്‍ എന്നും അഭിമാനമാണ്. അദ്ദേഹം ഒരു ലെജന്റാണ്. അദ്ദേഹത്തിന്റെ സുഹൃത്താണെന്നത് തന്നെ വലിയ കാര്യമാണ്.
മമ്മൂക്കയോടൊപ്പം നല്ലൊരു സിനിമയില്‍ ഭാഗമാകണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. പക്ഷേ അദ്ദേഹം ഇപ്പോള്‍ ചെയ്യുന്ന സിനിമകളില്‍ നായികയ്ക്ക് അത്ര പ്രധാന്യം ഇല്ല.
അതുകൊണ്ടായിരിക്കാം അത്തരം അവസരങ്ങള്‍ വരാത്തത്. അങ്ങനെ തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്.
പിന്നെ മോഹന്‍ലാല്‍ സാറുമായുള്ള കെമിസ്ട്രിയെ കുറിച്ച് സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. വര്‍ണപകിട്ടിലാണ് ആദ്യമായി ഒന്നിച്ചഭിനയിച്ചത്.
അവിടെ വെച്ചാണ് ഞങ്ങള്‍ സുഹൃത്തുക്കളാകുന്നത്. ഞങ്ങള്‍ക്കിടയില്‍ അങ്ങനെ നല്ലൊരു റാപ്പോ ഉണ്ട്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും അത് സ്‌ട്രോങ് ആയി തന്നെ നില്‍ക്കുന്നു.
ചെയ്യുന്ന സിനിമകള്‍ ക്ലിക്കാകുന്നു. അദ്ദേഹവുമൊത്തുള്ള ആ റാപ്പോ തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു. ഇനി ദൃശ്യം 3 യുടെ കാര്യം നമുക്ക് കാത്തിരുന്ന് തന്നെ കാണാം.
ജീത്തുവും ആന്റണിയുമൊക്കെ തന്നെ അതിനെ കുറിച്ച് കൂടുതല്‍ പറയട്ടെ. എല്ലാവരും ദൃശ്യം 3 യെ കുറിച്ച് ചോദിക്കുന്നുണ്ട്. നമുക്ക് കാത്തിരിക്കാം,’ മീന പറഞ്ഞു.
Content Highlight: Actress meena about Mammotty and Mohanlal