സിനിമയിലേക്ക് ഒരു തിരിച്ച് വരവുണ്ടാകണമെങ്കിൽ ഭർത്താവ് സമ്മതിക്കണം; എല്ലാം ഒത്ത് വരുകയാണെങ്കിൽ അഭിനയിക്കും: ദീപ നായർ
Malayalam Cinema
സിനിമയിലേക്ക് ഒരു തിരിച്ച് വരവുണ്ടാകണമെങ്കിൽ ഭർത്താവ് സമ്മതിക്കണം; എല്ലാം ഒത്ത് വരുകയാണെങ്കിൽ അഭിനയിക്കും: ദീപ നായർ
നന്ദന എം.സി
Monday, 13th April 2026, 12:28 pm

മലയാള സിനിമയിൽ ഒരിക്കൽ മാത്രം പ്രത്യക്ഷപ്പെട്ടെങ്കിലും പ്രേക്ഷക മനസിൽ ഇടം നേടിയ അഭിനേത്രിയാണ് ദീപ നായർ. പ്രിയം എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായ ആനി ജോഷ്വ എന്ന കഥാപാത്രമായി ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച ദീപ, അതേ സിനിമയോടെ തന്റെ സിനിമ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു.

പ്രിയം, Photo: YouTube/ Screengrab

ഇപ്പോൾ വർഷങ്ങൾക്കിപ്പുറം, സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് തുറന്നു പറയുകയാണ് ദീപ നായർ. ഭർത്താവിന്റെ സമ്മതവും നിലവിലെ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമുമാണ് തിരിച്ചുവരവിന് മുന്നിലെ പ്രധാന വെല്ലുവിളികളെന്ന് ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തിൽ താരം വ്യക്തമാക്കി.

‘തിരിച്ചുവരുമോ എന്ന് പലരും ചോദിക്കാറുണ്ട്. ചില പ്രൊഡക്ഷൻ കൺട്രോളർമാരും മറ്റും സ്ക്രിപ്റ്റുമായി സമീപിച്ചിട്ടുമുണ്ട്. പക്ഷേ, അതൊരു വലിയ തീരുമാനമാണ്. ഇപ്പോൾ മെൽബണിൽ അത്യാവശ്യം നല്ല ശമ്പളമുള്ള ജോലിയുണ്ട്.

അത് ഉപേക്ഷിച്ച് വരണമെങ്കിൽ അത്രയും മികച്ച ഓഫർ വരണം. കൂടാതെ, കുടുംബം അവിടെയാണ്. കുട്ടികളുടെ കാര്യങ്ങളും നോക്കണം. ഭർത്താവിനെക്കൊണ്ട് സമ്മതിപ്പിക്കുകയും വേണം (ചിരിക്കുന്നു). എല്ലാം ഒത്തുവരികയാണെങ്കിൽ മാത്രം ആലോചിക്കാവുന്ന ഒന്നാണത്,’ ദീപ പറഞ്ഞു.

സിനിമ വിട്ടതിൽ ഒരിക്കലും വിഷമം തോന്നിയിട്ടില്ലെന്നും, ജീവിതത്തിൽ ചിലത് ഉപേക്ഷിക്കുമ്പോൾ മറ്റെന്തെങ്കിലും നേടാൻ കഴിയുമെന്ന വിശ്വാസമാണ് തനിക്കുണ്ടായിരുന്നതെന്നും താരം പറയുന്നു. വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു, അത് സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദീപ വ്യക്തമാക്കി.

പ്രിയം, Photo: YouTube/ Screengrab

അതേസമയം, സിനിമയിൽ തുടർന്നിരുന്നെങ്കിൽ പ്രിയം എന്ന ചിത്രത്തിലെ ‘ആനി’ എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത നഷ്ടമായേനെയെന്നുമാണ് താരം വിലയിരുത്തുന്നത്.

അതുകൊണ്ട് തന്നെ കരിയറിനെ കുറിച്ച് വലിയ നഷ്ടബോധമില്ലെന്ന് ദീപ പറഞ്ഞു. എന്നാൽ, ഒരു കാര്യത്തിൽ ചെറിയ സങ്കടമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അന്നത്തെ സിനിമാസുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും ഉള്ള ബന്ധം തുടരാൻ കഴിഞ്ഞില്ലെന്നതാണ് അതെന്ന് ദീപ നായർ പറഞ്ഞു.

സനലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രിയം 1958 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഹൗസ്ബോട്ട് എന്ന സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുണ്ടാതാണ്. ചിത്രത്തിൽ ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, തിലകൻ എന്നിവരും മറ്റ് പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlight: Actress Deepa Nair says her husband must agree to make a comeback to cinema

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.