'ചിലപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ച് ശല്യം ചെയ്യുമെന്ന് ലാല്‍ സാര്‍'; മൊബൈല്‍ നമ്പര്‍ ചോദിച്ച കഥ പങ്കുവെച്ച് അമൃത
Entertainment
'ചിലപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ച് ശല്യം ചെയ്യുമെന്ന് ലാല്‍ സാര്‍'; മൊബൈല്‍ നമ്പര്‍ ചോദിച്ച കഥ പങ്കുവെച്ച് അമൃത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th May 2025, 11:43 am

തുടരും എന്ന ചിത്രത്തെ കുറിച്ചും നടന്‍ മോഹന്‍ലാലിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അമൃതവര്‍ഷിണി.

മോഹന്‍ലാലിന്റെ മൊബൈല്‍ നമ്പര്‍ നൈസായി ചോദിച്ചുവാങ്ങണമെന്ന് പ്ലാന്‍ ചെയ്തതിനെ കുറിച്ചും എന്നാല്‍ അതിനിടെയുണ്ടായ ഒരു സംഭവത്തെ കുറിച്ചുമാണ് അമൃതവര്‍ഷിണി സംസാരിക്കുന്നത്.

മോഹന്‍ലാലിനൊപ്പം അദ്ദേഹത്തിന്റെ കാറില്‍ യാത്ര ചെയ്തതിനെ പറ്റിയും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അമൃത വര്‍ഷിണി സംസാരിക്കുന്നുണ്ട്.

‘ഞങ്ങള്‍ക്ക് കാറിന്റെ ഒരു സീന്‍ ഉണ്ടായിരുന്നു. അത് ചെയ്യാന്‍ അവിടേക്ക് പോകണം. നീ എന്റെ കാറില്‍ വന്നോളൂ എന്ന് സാര്‍ പറഞ്ഞു. വേണ്ട സാര്‍ ഞാന്‍ ഈ അംബാസിഡറില്‍ പോയ്‌ക്കോളാം എന്ന് പറഞ്ഞു.

കുറച്ച് കഴിഞ്ഞ് ഒരാള്‍ വന്നിട്ട് സാര്‍ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ വണ്ടിയില്‍ കയറാന്‍ പോയപ്പോള്‍ ഒരു ആന്റിയുണ്ട് ഓടി വരുന്നു.

ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വരികയാണ് സാറിനെ കാണാന്‍വേണ്ടി വന്നതാണ്. എനിക്ക് സാറിന്റെ നമ്പര്‍ തരുമോ, ഞാന്‍ വിളിച്ച് ശല്യം ചെയ്യില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ ലാലേട്ടന്‍ അതല്ല ഞാന്‍ തിരിച്ചുവിൡച്ച് വെറുപ്പിക്കും അതുകൊണ്ടാണെന്ന് പറഞ്ഞു.

അങ്ങനെ എന്നോട് കയറാന്‍ പറഞ്ഞു. ഞാന്‍ കയറി. എന്താ നിനക്ക് വേണോ എന്റെ നമ്പര്‍ എന്ന് ചോദിച്ചു. ഞാന്‍ ഉടനെ ആ വേണം എന്ന് ചാടിക്കേറി പറഞ്ഞു. അയ്യടാ.. അങ്ങനെ ഇപ്പോ വാങ്ങണ്ട എന്നായി സാര്‍.

ഓക്കെ എന്ന് ഞാനും പറഞ്ഞു. നമ്പര്‍ ഒന്ന് നൈസ് ആയി ചോദിക്കണമെന്ന് വിചാരിച്ചിരുന്നു. പിന്നെ ഇനിയും സമയം ഉണ്ടല്ലോ,’ അമൃത വര്‍ഷിണി പറഞ്ഞു.

സിനിമ കണ്ട ശേഷം തന്റെ കഥാപാത്രത്തെ ഒന്നുകൂടി നന്നാക്കി ചെയ്യാമെന്ന് തോന്നിയിരുന്നെന്നും അമൃത പറയുന്നു.

‘ ഡയലോഗ് ഡെലിവെറിയൊക്കെ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. പിന്നെ ചില സമയത്ത് ആക്ട് ചെയ്ത് ഒന്നുകൂടി ഫലിപ്പിക്കാമായിരുന്നു എന്ന് തോന്നി.

മൊത്തത്തില്‍ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. ഞാന്‍ എന്ത് ചെയ്താലും സാറ്റിസ്‌ഫൈഡ് ആകാത്ത ഒരു പേഴ്‌സണാണ്.

അതിപ്പോള്‍ റീല്‍ ആണെങ്കിലും എത്ര ഷോട്ട് എടുത്താലും എനിക്ക് തൃപ്തിയാകില്ല. ഒരെണ്ണം കൂടി എന്ന് പറഞ്ഞ് ഞാന്‍ വെറുപ്പിക്കും. അമ്മയ്ക്ക് എന്റെ അത്രയും സാറ്റിസ്ഫാക്ഷന്‍ കിട്ടില്ല. എടീ ഒന്നുകൂടി ശരിയാക്കണം എന്നൊക്കെ പറയും,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Actress AmritaVarshini shares the story of asking for Mohanlal mobile number