അമ്മയെ പോലെയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ മറന്ന് പോയിരിക്കുകയാണ്: അഹാന കൃഷ്ണ
Entertainment news
അമ്മയെ പോലെയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ മറന്ന് പോയിരിക്കുകയാണ്: അഹാന കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th April 2023, 11:03 am

മക്കള്‍ക്ക് വേണ്ടി ജീവിച്ച് സ്വയം ജീവിക്കാന്‍ മറന്നുപോയ വ്യക്തിയാണ് തന്റെ അമ്മയെന്ന് നടി അഹാന കൃഷ്ണ. നാല് പെണ്‍കുട്ടികളെ അമ്മ എങ്ങനെയാണ് വളര്‍ത്തിയെടുത്തതെന്ന് തനിക്ക് അറിയില്ലെന്നും നല്ല അമ്മക്കുള്ള ഓസ്‌കാര്‍ കൊടുക്കുന്നുണ്ടെങ്കില്‍ തന്റെ അമ്മക്കാണ് അത് കൊടുക്കേണ്ടതെന്നും അഹാന പറഞ്ഞു.

ഇനിയെങ്കിലും സ്വന്തം ഇഷ്ടങ്ങള്‍ക്കും ആഗ്രഹത്തിനും വേണ്ടി ജീവിക്കണമെന്ന് താന്‍ അമ്മയെ ഓര്‍മപ്പെടുത്താറുണ്ടെന്നും അവര്‍ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കാറുണ്ടെന്നും അഹാന പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”നാല് പെണ്‍കുട്ടികളെ എങ്ങനെയാണ് അമ്മ വളര്‍ത്തിയെടുത്തതെന്ന് എനിക്ക് അറിയില്ല. അമ്മക്ക് ശരിക്കും ഓസ്‌കാര്‍ കൊടുക്കണം. അമ്മയുടെ ഏറ്റവും നല്ലൊരു ക്വാളിറ്റി എന്ന് പറയുന്നത്, ഞങ്ങള്‍ക്ക് വേണ്ടി അമ്മയുടെ ജീവിതം തന്നെ കളഞ്ഞു എന്നതാണ്.

അമ്മയുടെ ക്വാളിറ്റിയാണ് അത്. പക്ഷെ അതുപോലെയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇഷ്ടമേയല്ല. എനിക്ക് നല്ലൊരു കുട്ടിക്കാലം ലഭിച്ചിട്ടുണ്ട്. കാരണം സ്‌കൂള്‍ വിട്ട് ചെല്ലുന്ന സമയത്ത് അമ്മ പുറത്തുണ്ടാകും. ട്യൂഷന്‍ വിടുന്ന സമയത്തും അമ്മ എത്തും.

സ്‌കൂളിലെ ചെറിയ പരിപാടിയാണെങ്കിലും അമ്മ അവിടെ വന്ന് മുടി കെട്ടിത്തരാനും ഫോട്ടോയെടുക്കാനും നില്‍ക്കും. അമ്മയുടെ ലൈഫ് തന്നെ ഞങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചതാണ്.

എല്ലാവര്‍ക്കും അമ്മയെ പോലെ ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ പ്രാധാന്യം നല്‍കുന്നത് അമ്മക്ക് വേണ്ട കാര്യങ്ങള്‍ക്കാണ്. അമ്മക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കണം.

ഇനിയെങ്കിലും സ്വയം ജീവിക്കാനായി ഞാന്‍ അമ്മയെ ഓര്‍മിപ്പിക്കുകയാണ്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ അമ്മ മറന്ന് പോയിരിക്കുകയാണ്. ഇനിയെങ്കിലും അമ്മക്ക് വേണ്ടി ജീവിക്കൂ എന്നാണ് പറയാറുള്ളത്. ഒരു നല്ല അമ്മക്കുള്ള ഓസ്‌കാര്‍ എന്റെ അമ്മക്ക് കൊടുക്കണം,” അഹാന പറഞ്ഞു.

content highlight: actress ahana krishna about her mother