റോക്കി ഭായിക്ക് മുന്നേ കോലാര്‍ കീഴടക്കി തങ്കലാന്‍; മേക്കിങ് വീഡിയോ പുറത്ത്
Entertainment news
റോക്കി ഭായിക്ക് മുന്നേ കോലാര്‍ കീഴടക്കി തങ്കലാന്‍; മേക്കിങ് വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th April 2023, 10:27 am

വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന തങ്കലാന്‍ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പീരിയഡ് സിനിമയാണ് തങ്കലാന്‍.

വിക്രവും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാന്‍. വളരെ വ്യത്യസ്തമായ ലുക്കിലാണ് വിക്രത്തെ കാണുന്നത്. ഇതിനായുള്ള അദ്ദേഹത്തിന്റെ മേക്കോവറും ഷൂട്ടിങ് പ്രോസസും മേക്കിങ് വീഡിയോയില്‍ കാണാം.

പാ രഞ്ജിത്തും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തങ്കലാന്‍. വിക്രം തന്റെ കരിയറില്‍ നായകനായി എത്തുന്ന 61-ാം ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

മലയാളി താരങ്ങളായ പാര്‍വതി തിരുവോത്തും മാളവിക മേനോനും പ്രധാന കഥാപാത്രങ്ങളായി തങ്കലാനില്‍ എത്തുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ കെ.ഇ ജ്ഞാനവേലാണ് ചിത്രം നിര്‍മിക്കുന്നത്.

പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് പ്രഭയാണ് ചിത്രത്തിന്റെ സഹഎഴുത്ത് നിര്‍വഹിച്ചിരിക്കുന്നത്.

കോലാര്‍ സ്വര്‍ണഖനിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് തങ്കലാന്‍ നിര്‍മിച്ചിരിക്കുന്നത്. ഗംഭീര മേക്ക് ഓവറിലാണ് വിക്രത്തെ കാണാന്‍ സാധിക്കുന്നത്. നീണ്ട മുടിയും താടിയും, മെലിഞ്ഞ ശരീരവുമായി പ്രേക്ഷകനെ വീണ്ടും വിസ്മയിപ്പിക്കുകയാണ് അദ്ദേഹം.

പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷനുകളിലുള്ള നടന്റെ തങ്കലാന്‍ ലുക്ക് ആരാധകരിലും ആവേശമാണ് സൃഷ്ടിക്കുന്നത്. ആഗസ്റ്റില്‍ തങ്കലാന്‍ തിയേറ്ററുകളില്‍ എത്തുമെത്താണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

content highlight: thangalan movie making video out