പൂര്‍ണ മനസോടെയാണ് ഇവിടേക്ക് വരുന്നത്; കര്‍ണാടകയിലെ ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍
national news
പൂര്‍ണ മനസോടെയാണ് ഇവിടേക്ക് വരുന്നത്; കര്‍ണാടകയിലെ ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2023, 10:52 am

ബെംഗളൂരു: മുതിര്‍ന്ന ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബെംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ നേതാക്കളായ സിദ്ധരാമയ്യ, രണ്‍ദീപ് സുര്‍ജേവാല എന്നിവരുടെ സാന്നിധ്യത്തിലാണ് ഷെട്ടാര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹുബ്ബള്ളിയിലെ ധര്‍വാദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഷെട്ടാര്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു മുതിര്‍ന്ന നേതാവായിട്ടും തനിക്ക് ബി.ജെ.പിയില്‍ നിന്ന് വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് പ്രവേശനത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ ഷെട്ടാര്‍ പറഞ്ഞു.

‘ഒരു മുതിര്‍ന്ന നേതാവെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമെന്ന് തന്നെയാണ് ഞാന്‍ കരുതിയത്. പക്ഷേ എനിക്കത് കിട്ടിയില്ല. ഞാന്‍ ഞെട്ടിപ്പോയി. ആരും എന്നോടതിനെക്കുറിച്ച് സംസാരിച്ചില്ല, ആരുമൊന്നും ബോധ്യപ്പെടുത്താനും ശ്രമിച്ചില്ല. എന്ത് സ്ഥാനം കിട്ടുമെന്നതിനെക്കുറിച്ചു പോലും ഒരുറപ്പ് എനിക്ക് ലഭിച്ചില്ല,’ ഷെട്ടാര്‍ പറഞ്ഞു.

പൂര്‍ണ മനസോടെയാണ് താന്‍ കോണ്‍ഗ്രസിലേക്കെത്തുന്നതെന്നും ഷെട്ടാര്‍ വ്യക്തമാക്കി.

‘ഞാന്‍ പൂര്‍ണ മനസോടെയാണ് കോണ്‍ഗ്രസിലേക്കെത്തുന്നത്. ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും രണ്‍ദീപ് സുര്‍ജേവാലയുമെല്ലാം എന്നെ ബന്ധപ്പെട്ടിരുന്നു. അവര്‍ എന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചപ്പോള്‍ കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതിന്റെ ആവശ്യമെനിക്കുണ്ടായില്ല,’ ഷെട്ടാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മുന്‍ മുഖ്യമന്ത്രിയായ ഷെട്ടാര്‍ ബി.ജെ.പിയില്‍ നിന്ന് രാജി വെച്ചത്.
സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തിലിരുന്ന സമയത്ത് പ്രതിപക്ഷ നേതാവുമായിരുന്നു ഷെട്ടാര്‍.

പാര്‍ട്ടിയെ കെട്ടിപ്പടുക്കാനും വളര്‍ത്താനും വളരെയധികം പ്രവര്‍ത്തിച്ച താന്‍ വളരെ വിഷമത്തോടെയാണ് ബി.ജെ.പിയില്‍ നിന്ന് രാജി വെക്കുന്നതെന്ന് ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവ് കൂടിയായ ഷെട്ടാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തനിക്കെതിരെ വ്യക്തമായ ആസൂത്രണത്തോട് കൂടിയുള്ള ഗൂഢാലോചന നടന്നെന്നും രാജി തീരുമാനത്തിലേക്കെത്താന്‍ ബി.ജെ.പി തന്നെ നിര്‍ബന്ധിതനാക്കുകയായിരുന്നെന്നും ഷെട്ടാര്‍ ആരോപിച്ചിരുന്നു.

ആറ് തവണ എം.എല്‍.എ ആയ വ്യക്തിയാണ് ഷെട്ടാര്‍. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ സംസ്ഥാന ബി.ജെ.പിയില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ നിരവധി നേതാക്കളാണ് പാര്‍ട്ടി വിട്ടത്.

ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവഡി നേരത്തെ ബി.ജെ.പിയില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.യെദിയൂരപ്പയുടെ വിശ്വസ്തനായിരുന്ന സാവഡി, ബെല്‍ഗാവിയിലെ മുതിര്‍ന്ന ലിംഗായത്ത് നേതാവാണ്.

2004 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ബെല്‍ഗാവിയിലെ അതാനി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സാവഡി, 2018 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഹേഷ് കുമത്തള്ളിയോട് തോറ്റിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയ കുമത്തള്ളിയെ അതാനിയില്‍ മത്സരിപ്പിക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനമാണ് സാവിഡിയെ ചൊടിപ്പിച്ചത്.

2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയെന്ന നിലയില്‍ ലക്ഷ്മണ്‍ സാവഡിയുടെ രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. അതിനിടെയുണ്ടായ ഷെട്ടാറിന്റെ രാജി പാര്‍ട്ടിയുടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്.

പട്ടികജാതിക്കാരോട് ബി.ജെ.പി വിവേചനം കാണിക്കുന്നു എന്നാരോപിച്ച് മുന്‍ മന്ത്രി ബി. സോമശേഖരനും കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം രാജി വെച്ചിരുന്നു. പട്ടികജാതി അംഗമെന്ന നിലയില്‍ പാര്‍ട്ടിയില്‍ നിന്ന് വ്യാപകമായ വിവേചനവും ശ്വാസം മുട്ടലും അനുഭവപ്പെടുന്നുവെന്നാണ് സോമശേഖരന്‍ പറഞ്ഞത്.

Content Highlights: jagadrrsh shettar joins congress