എന്റെ ഏറ്റവും വലിയ ആഗ്രഹം അച്ഛന്‍ സാധിച്ചു തന്നില്ല, ഇപ്പോള്‍ അദ്ദേഹത്തോടുള്ള വാശിക്ക് കിട്ടുന്ന കാശെല്ലാം അതിനായി ചെലവാക്കുന്നു: ധ്യാന്‍ ശ്രീനിവാസന്‍
Entertainment news
എന്റെ ഏറ്റവും വലിയ ആഗ്രഹം അച്ഛന്‍ സാധിച്ചു തന്നില്ല, ഇപ്പോള്‍ അദ്ദേഹത്തോടുള്ള വാശിക്ക് കിട്ടുന്ന കാശെല്ലാം അതിനായി ചെലവാക്കുന്നു: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th April 2023, 7:35 am

ശ്രീനിവാസനോടുള്ള വാശിക്ക് ബൈക്ക് വാങ്ങുന്നതിനെക്കുറിച്ച് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. പണ്ട് തനിക്ക് ബൈക്ക് വാങ്ങി തന്നില്ലായിരുന്നുവെന്നും സ്വന്തമായ പൈസ ആയപ്പോള്‍ ആറ്, ഏഴ് ബൈക്ക് വാങ്ങി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട് അച്ഛനോട് വാശി കാണിച്ചുവെന്നും ധ്യാന്‍ പറഞ്ഞു.

എന്നാല്‍ ബൈക്ക് ഓടിക്കാന്‍ തനിക്ക് ഇപ്പോള്‍ പേടിയാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പണ്ട് ഞാന്‍ ഭയങ്കര ലാവിഷ് ആയിരുന്നു. ഏകദേശം അഞ്ച്, ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭയങ്കര ലാവിഷ് ലൈഫായിരുന്നു. പത്ത് വര്‍ഷം മുന്നെ അച്ഛന്റെ കാശിലായിരുന്നു ജീവിച്ചത്. ചേട്ടനും തരുമായിരുന്നു. പൈസയക്കുറിച്ച് ഒന്നും ചിന്തിക്കേണ്ടായിരുന്നു.

കാരണം കണ്ടവന്റെ പൈസയല്ലെ, അച്ഛനാണെങ്കിലും ഞാന്‍ കഷ്ടപ്പെടുന്നില്ലല്ലോ. അതുകൊണ്ട് ലാവിഷായി ജീവിച്ചു. സ്വന്തമായി പൈസ ഉണ്ടാക്കി തുടങ്ങിയപ്പോള്‍ ചെറിയ രീതിയില്‍ പിശുക്കാന്‍ തുടങ്ങി. പിശുക്കെന്ന് പറഞ്ഞാല്‍ ആവശ്യമുള്ള സാധനങ്ങള്‍ക്ക് എല്ലാം നന്നായി ചിലവാക്കുന്ന വ്യക്തിയാണ് ഞാന്‍.

അതിനപ്പുറത്തേക്ക് അനാവശ്യമായി വിലയുള്ള വാച്ചുകളോ ചെരുപ്പുകളോ ഒന്നും വാങ്ങാറില്ല. ഏറ്റവും കൂടുതല്‍ ഞാന്‍ കാശ് കളയുന്നത് വണ്ടി എടുത്തിട്ടാണ്. പഠിക്കുന്ന സമയത്ത് സ്വന്തമായിട്ട് ബൈക്ക് വേണമെന്നത് എന്റെ വലിയ ആഗ്രഹം ആയിരുന്നു. വീട്ടില്‍ നിന്ന് എനിക്ക് വാങ്ങിച്ച് തരില്ലായിരുന്നു.

സ്വന്തമായിട്ട് പൈസ ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ഒരു വാശിയുണ്ടായിരുന്നു. കിട്ടുന്ന കാശിന് എല്ലാം ബൈക്ക് വാങ്ങണമെന്ന്. കുറേ ബൈക്ക് വാങ്ങി വീടിന്റെ മുന്നിലിട്ട് അച്ഛനെ വെറുപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

പണ്ട് കൂട്ടുകാരുടെ ബൈക്ക് എടുത്താണ് പോയത്. വീട്ടുകാര്‍ക്ക് പേടിയായത് കൊണ്ടാണ്. ബൈക്ക് ഓടിച്ച് ആക്സിഡന്റ് ആയി മരിക്കുന്നവരെ കണ്‍മുന്നില്‍ കാണാന്‍ ഇടയായതിന് ശേഷം ബൈക്കിനോട് പേടിയായി.

കയ്യില്‍ പൈസ വന്നപ്പോഴേക്കും ബൈക്കിനോട് പേടിയായി. പക്ഷെ പണ്ടത്തെ വാശി ഉള്ളില്‍ ഉള്ളത് കൊണ്ട് കിട്ടുന്ന കാശിനൊക്കെ ബൈക്ക് വാങ്ങിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു ആറ്, ഏഴ് ബൈക്ക് വാങ്ങി,” ധ്യാന്‍ പറഞ്ഞു.

content highlight: actor dhyan sreenivasan about sreenivasan