എന്താണ് നേരത്തെ പറയാതിരുന്നതെന്ന് ലാല്‍സാര്‍ ചോദിച്ചു, നമ്മള്‍ മുതലെടുക്കുകയാണെന്ന് തോന്നരുതല്ലോ: ടൊവിനോ
Entertainment
എന്താണ് നേരത്തെ പറയാതിരുന്നതെന്ന് ലാല്‍സാര്‍ ചോദിച്ചു, നമ്മള്‍ മുതലെടുക്കുകയാണെന്ന് തോന്നരുതല്ലോ: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th March 2025, 11:15 am

ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത എ.ആര്‍.എം എന്ന ചിത്രത്തില്‍ ശബ്ദസാന്നിധ്യമായി നടന്‍ മോഹന്‍ലാലും എത്തിയിരുന്നു.

മലയാളത്തില്‍ മോഹന്‍ലാലിന്റെ ശബ്ദത്തോടെയായിരുന്നു സിനിമയുടെ നരേഷന്‍ ആരംഭിച്ചത്. തമിഴില്‍ വിക്രവും കന്നഡയില്‍ ശിവരാജ് കുമാറുമായിരുന്നു വോയ്‌സ് ഓവര്‍ ചെയ്തത്.

എ.ആര്‍.എമ്മിന് വേണ്ടി മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ അടുത്ത് വോയിസ് ഓവര്‍ ചെയ്യുമോ എന്ന് ചോദിക്കാന്‍ മടിയായിരുന്നെന്നും ഏറ്റവും ഒടുവിലാണ് ഈ കാര്യം പറഞ്ഞ് അദ്ദേഹത്തെ സമീപിച്ചതെന്നും ടൊവിനോ പറയുന്നു.

മോഹന്‍ലാലിനെപ്പോലെയുള്ള വലിയ നടന്മാരുടെ അടുത്ത് ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെട്ട് ചെല്ലാന്‍ മടിയുണ്ടായിരുന്നെന്നും നമ്മളോടുള്ള സൗഹൃദം മുതലെടുക്കുകയാണെന്ന് ഒരിക്കലും അവര്‍ക്ക് തോന്നരുത് എന്നുണ്ടായിരുന്നെന്നും ടൊവിനോ പറയുന്നു.

‘ അവരുടെ വലിയ മനസ് തന്നെയാണ്. നമുക്ക് ഇങ്ങനെ അവരോട് ചെന്നു ചോദിക്കാനൊക്കെ ഒരു മടിയായിരുന്നു. ഏറ്റവും ഒടുവില്‍ ചോദിച്ചു. സോറി ഏറ്റവും വൈകിയ വേളയിലാണ് ചോദിക്കുന്നെന്നറിയാം എന്നൊക്കെ പറഞ്ഞു.

ഇനീഷ്യല്‍ ആലോചനയില്‍ തന്നെ ഇവരൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എങ്ങനെയാണ് ഇവരുടെ അടുത്ത് ചെന്ന് ഞങ്ങളുടെ പടത്തില്‍ ഒരു വോയ്‌സ് ഓവര്‍ ചെയ്തു തരുമോ എന്ന് ചോദിക്കുക.

വലിയ വലിയ ആള്‍ക്കാരുടെ അടുത്ത് നമുക്ക് എങ്ങനെ നേരിട്ട് ചെന്ന് ചോദിക്കാന്‍ പറ്റും?. അത് അവരെ മുതലെടുക്കുന്ന പോലെ ഇരിക്കില്ലേ. പ്രത്യേകിച്ച് നമ്മളോട് സ്‌നേഹത്തില്‍ പെരുമാറുന്ന ആള്‍ക്കാരാകുമ്പോള്‍.

ഒടുവില്‍, സിനിമ നന്നായിട്ട് വന്നിട്ടുണ്ട്. ഇതും കൂടി ഉണ്ടെങ്കില്‍ വളരെ നന്നായിരിക്കുമെന്നാണ് പറഞ്ഞാണ് സമീപിച്ചത്. ഡബ്ബിങ്ങുമൊക്കെ നമ്മള്‍ ചെയ്തു തീര്‍ന്നതിന് ശേഷം ചെന്നു ചോദിച്ചു. ലാലേട്ടനോട് ആന്റണി ചേട്ടന്‍ വഴിയാണ് ചോദിച്ചത്.

‘നേരത്തെ പറയാമായിരുന്നില്ലേ, ചെയ്യാമായിരുന്നല്ലോ’ എന്ന മറുപടിയാണ് അവിടെ നിന്ന് കിട്ടിയത്. ആന്റണി ചേട്ടന്‍ തിരിച്ചു വിളിച്ചിട്ട് കണ്ടന്റ് അയച്ചു തരൂ, ചെയ്ത് തരാമെന്ന് പറഞ്ഞ് അന്ന് തന്നെ അയച്ചു തന്നു. ഇത്രയേ ഉണ്ടായിരുന്നോ എന്ന് അപ്പോള്‍ തോന്നി,’ ടൊവിനോ പറഞ്ഞു.

Content Highlight: Actor Tovino Thomas about Mohanlal and ARM Movie