ടോക്സിക് സിനിമയിലേക്ക് താൻ എത്തിയത് സംവിധായിക ഗീതു മോഹൻദാസ് തന്നെ വിളിച്ചിട്ടാണെന്ന് നടൻ സുദേവ് നായർ. ചിത്രത്തിന്റെ കഥയെക്കുറിച്ച് ഗീതു തന്നോട് ഒന്നും പറഞ്ഞിരുന്നില്ലെന്നും, കഥാപാത്രവും ചെയ്യേണ്ട സീനുകളും മാത്രമാണ് വിശദീകരിച്ചിരുന്നതെന്നും സുദേവ് പറഞ്ഞു. ടോക്സിക് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘എനിക്ക് ഈ കഥ പറയാൻ പറ്റില്ല. പക്ഷേ ഇത്രയും ഞാൻ പറയാം, നിന്റെ ടാലന്റിനെ ഞാൻ വേസ്റ്റ് ചെയ്യില്ല. എന്നെ ട്രസ്റ്റ് ചെയ്യുകയാണെങ്കിൽ, എന്നെ വിശ്വസിച്ച് ഒരു റിസ്ക് എടുക്കാൻ തയ്യാറാണോ എന്നായിരുന്നു ഗീതു തന്നോട് ചോദിച്ചത്. അതിൽ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ലെന്നും,’താരം പറഞ്ഞു.
തുടർന്ന് യാഷിനും ഗീതു മോഹൻദാസിനുമൊപ്പം വീഡിയോ കോളിൽ സംസാരിച്ചു. ആ സംഭാഷണത്തിലൂടെയാണ് യാഷിന്റെ വ്യക്തിത്വത്തെക്കുറിച്ച് കൂടുതൽ മനസിലായതെന്നും, സിനിമയെയും കലാകാരന്മാരെയും ആത്മാർത്ഥമായി യഷ് പരിഗണിക്കുന്നതായി തോന്നിയെന്നും സുദേവ് പറഞ്ഞു. താൻ പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതായിരുന്നു ‘ടോക്സിക്’ ലെ അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിൽ യാഷിനൊപ്പം ഏറെ സമയം ചെലവഴിക്കാൻ കഴിഞ്ഞത് വേറിട്ട അനുഭവമായിരുന്നു. ഒരു വലിയ താരമെന്ന നിലയിൽ യാഷ് വളരെ ആത്മവിശ്വാസമുള്ള വ്യക്തിയാണെന്ന് തോന്നിയെന്നും അതുകൊണ്ടുതന്നെ സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും സ്റ്റാർഡം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞെന്നും സുദേവ് പറഞ്ഞു.
ഒരു ദിവസം മുഴുവൻ ചിത്രീകരണത്തിന് ശേഷം പോലും യാഷ് പ്രൊഡക്ഷൻ കാര്യങ്ങളിൽ സജീവമായി ഇടപെടാറുണ്ടെന്നും സുദേവ് പറഞ്ഞു.
‘രാത്രി ഷൂട്ട് കഴിഞ്ഞ് തിരിച്ചുപോയിട്ട് പ്രൊഡക്ഷൻ മീറ്റിംഗ് നടത്തണം. അടുത്ത ഷെഡ്യൂൾ എന്തൊക്കെയാണ്, ഈ സിനിമയുടെ സ്കെയിൽ വെച്ച് നോക്കുമ്പോൾ ഇത്രയും വലിയ സ്റ്റാർസിനെയും ആക്ടേഴ്സിനെയും ലൊക്കേഷനുകളെയും എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നൊക്കെ അദ്ദേഹത്തിന് നോക്കണം. അത്രയും ഡെഡിക്കേഷൻ ആയിരുന്നു യഷ്,’സുദേവ് കൂട്ടിച്ചേർത്തു.
അതേസമയം, ‘ടോക്സിക്’ സിനിമയുടെ കഥ എന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നതാണ് സുദേവിന്റെ ഏറ്റവും കൗതുകകരമായ വെളിപ്പെടുത്തൽ. ചിത്രീകരണം പൂർത്തിയാക്കിയിട്ടും സിനിമയുടെ പൂർണ കഥ തനിക്ക് അറിയില്ലെന്നും താരം പറഞ്ഞു.
‘സിനിമയുടെ സ്റ്റോറി എന്താണെന്ന് എനിക്കും അറിയില്ല. ഗീതു സ്റ്റോറി പറഞ്ഞുതന്നിട്ടില്ല. ഷൂട്ട് കഴിഞ്ഞിട്ടും എനിക്ക് ഒന്നും മനസിലായിട്ടില്ല,’ സുദേവ് പറഞ്ഞു.
തനിക്ക് ഓരോ സീനിലും ചെയ്യേണ്ട കാര്യങ്ങളും കഥാപാത്രത്തിന്റെ ഭാഗങ്ങളും കൃത്യമായി പറഞ്ഞു നൽകിയിരുന്നുവെന്നും, എന്നാൽ കഥ വെളിപ്പെടുത്തിയിരുന്നില്ലെന്നും സുദേവ് വ്യക്തമാക്കി. ഒരിക്കൽ യാഷ് തനിക്ക് സിനിമയുടെ കഥ വിവരിക്കാൻ തുടങ്ങിയപ്പോഴുണ്ടായ രസകരമായ സംഭവവും താരം പങ്കുവച്ചു.
‘സീനിനെ കുറിച്ചും എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ഗീതു പറഞ്ഞു തരും. ഒരു ദിവസം യാഷ് എനിക്ക് കഥ നരേറ്റ് ചെയ്യാൻ തുടങ്ങി. യാഷ് ഒരു ഫ്ലോയിൽ വന്ന് കഥ പറഞ്ഞുതുടങ്ങിയപ്പോഴേക്കും ഗീതു വന്ന് ‘നോ, നോ, കഥ പറയാൻ പാടില്ല’ എന്ന് പറഞ്ഞു. കഥ ഒന്നും പറയരുത് എന്നാണ് ഗീതു പറഞ്ഞത്,’ സുദേവ് നായർ പറഞ്ഞു.
സുദേവ് നായർ. Photo: Screengrab/ Youtube.com
യാഷിനെ നായകനാക്കി ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടോക്‌സിക്. യാഷ്, കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്‌മിണി വസന്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഓഗസ്റ്റ് 26ന് തിയേറ്ററുകളിലെത്തും.
Content Highlight: Actor Sudev Nair Talks about Toxic Movie