പുതുമുഖ നടന്മാര്‍ക്ക് പറഞ്ഞു കൊടുക്കുന്നത് പോലെയാണ് ലാലേട്ടനോട് പറഞ്ഞത്‌, അതിനുശേഷം കണ്ടത് മോഹന്‍ലാല്‍ വേര്‍ഷനാണ്: പൃഥ്വിരാജ്
Entertainment news
പുതുമുഖ നടന്മാര്‍ക്ക് പറഞ്ഞു കൊടുക്കുന്നത് പോലെയാണ് ലാലേട്ടനോട് പറഞ്ഞത്‌, അതിനുശേഷം കണ്ടത് മോഹന്‍ലാല്‍ വേര്‍ഷനാണ്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th January 2023, 11:22 am

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ ഒരു പുതുമുഖ നായകന് സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുക്കുന്നത് പോലെയാണ് താന്‍ മോഹന്‍ലാലിന് പറഞ്ഞുകൊടുത്തിരുന്നതെന്നാണ് പൃഥ്വിരാജ് പറയുന്നത്.

സിമ്പിള്‍ ഷോട്ടാണ് എടുക്കേണ്ടതെങ്കില്‍ പോലും അടുത്ത് വന്ന് താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുമെന്നും എന്നാല്‍ പിന്നെ കാണുക താന്‍ പറഞ്ഞു കൊടുത്തതിന്റെ മോഹന്‍ലാല്‍ വേര്‍ഷനാണെന്നും താരം പറഞ്ഞു. കുറച്ച് കാലം മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ലാലേട്ടന്‍ ഒടിയന്‍ ചെയ്ത് കഴിഞ്ഞാണ് ലൂസിഫറിന്റെ ലൊക്കേഷനില്‍ വരുന്നത്. ഒടിയന്റെ ലൊക്കേഷനില്‍ ചെന്നാണ് അദ്ദേഹത്തെ നിര്‍ബന്ധിച്ച് കഥ കേള്‍പ്പിച്ചത്. ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്ത അനുഭവത്തില്‍ ആണ് ഞാന്‍ പറയുന്നത്. ചിലപ്പോള്‍ മറ്റ് സംവിധായകരുടെ അനുഭവത്തെക്കുറിച്ച് എനിക്ക് അറിയില്ല.

ലാലേട്ടന്‍ സ്‌ക്രിപ്റ്റ് നന്നായി വായിച്ചിട്ടാണ് സെറ്റില്‍ വരുക. ഡോര്‍ തുറന്ന് കാറില്‍ നിന്നും ഇറങ്ങി വരുന്ന സിമ്പിള്‍ ഷോട്ടാണ് എടുക്കേണ്ടതെന്ന് കരുതുക. ഭയങ്കര എക്‌സ്പീരിയന്‍സ് ഉള്ള ആക്ടറാണ്. ഇതൊക്കെ എങ്ങനെ ചെയ്യണമെന്നത് അദ്ദേഹത്തിന് അറിയാവുന്നതാണ്. എന്നാലും അദ്ദേഹം ഡയറക്ടറുടെ അടുത്ത് വരും.

ഞാന്‍ എന്താണ് ചെയ്യേണ്ടത് സാര്‍ എന്നാണ് ചോദിക്കുക. അദ്ദേഹം അത് വളരെ വിശദമായിട്ട് അറിയണം എന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് അതിലൂടെ മനസിലാക്കാം. ഒരു പുതുമുഖ നടനോട് പറയുന്നത് പോലെയാണ് ഞാന്‍ ലാലേട്ടനോട് പറയുക.

വളരെ വിശദമായിട്ട് ഒരു സീന്‍ ഞാന്‍ പറഞ്ഞ് കൊടുക്കും. ഓക്കെ സാര്‍ എന്ന് പറഞ്ഞ് അദ്ദേഹം ഷൂട്ടിനായി റെഡിയാകും. പിന്നെ അതിന്റെ ഒരു മോഹന്‍ലാല്‍ വേര്‍ഷനാണ് നമ്മള്‍ കാണുക,” പൃഥ്വിരാജ് പറഞ്ഞു.

ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പയാണ് പൃഥ്വിരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. കൊട്ട മധു എന്നായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. അപര്‍ണ ബാലമുരളി, അന്ന ബെന്‍, ആസിഫ് അലി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍.

content highlight: Actor prithviraj about mohanlal