തുടരും എന്ന ചിത്രത്തെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
തുടരും എന്ന സിനിമയില്‍ മോഹന്‍ലാല്‍ ഏറ്റവും കൂടുതല്‍ തവണ റിപ്പീറ്റ് അടിച്ച് കണ്ട ഒരു സീനിനെ കുറിച്ചാണ് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തരുണ്‍ പറയുന്നത്.
അത്തരമൊരു സീന്‍ ഇതുവരെ ലാലേട്ടന്‍ ഒരു സിനിമയിലും ചെയ്തിട്ടില്ലാത്തതായിരുന്നെന്നും ഷൂട്ടിന്റെ ഒരാഴ്ച മുന്‍പ് തന്നെ ഈ സീനിനെ കുറിച്ച് പറഞ്ഞ് ലാലേട്ടനെ താന്‍ പമ്പ് ചെയ്തിരുന്നെന്നും തരുണ്‍ പറയുന്നു.
‘ ഞാന്‍ ഒരു പ്രത്യേക സീന്‍ ഷൂട്ട് ചെയ്യുന്നതിന്റെ ഒരാഴ്ച മുന്‍പ് തന്നെ എനിക്കൊരു പേഴ്‌സണല്‍ മൊമെന്റ് കിട്ടുകയാണെങ്കില്‍ ഞാന്‍ ചില കാര്യങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കാറുണ്ട്.
ലാലേട്ടാ നമ്മള്‍ അടുത്താഴ്ച ഇങ്ങനെ ഒരു സീക്വന്‍സ് എടുക്കുന്നുണ്ട് എന്ന് പറയും. അങ്ങനെയാണ് ഞാന്‍ ഇക്കിള്‍ സീനിനെ കുറിച്ച് ലാലേട്ടനോട് പറയുന്നത്.
ലാലേട്ടന്റെ ഇന്‍ട്രോ സീന്‍ എടുക്കുന്ന സമയം ഞാനും ലാലേട്ടനും കുറച്ച് സമയം കാറിനകത്ത് ഉണ്ടായിരുന്നു. ആ ഷോട്ട് ലൈറ്റ് അപ്പ് ചെയ്യാനൊക്കെയുള്ള സമയത്തിന് വേണ്ടി.
അപ്പോള്‍ സംസാരത്തിനിടെ ഞാന്‍ ലാലേട്ടാ, നമുക്ക് അടുത്തയാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് കയറിയ ശേഷമുള്ള ഇക്കിള്‍ സീന്‍ കൂടി ആഡ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു.
ലാലേട്ടന്‍ ഇതുവരെ ഇക്കിള്‍ ഇട്ട് അഭിനയിച്ചിട്ടില്ലല്ലോ എന്ന് ചോദിച്ചു. ആ ശരിയാണ് ഞാന്‍ ഇക്കിള്‍ ഇട്ട് അഭിനയിച്ചിട്ടില്ല. അപ്പോള്‍ നമുക്ക് ഇക്കിള്‍ ഇട്ട് അഭിനയിക്കണം എന്ന് പറഞ്ഞു..
എനിക്കത് ഭയങ്കര വര്‍ക്ക് ഔട്ട് ആയി തോന്നി. ഇതിന് മുന്‍പ് ലുക്കുവിന്റെ അടുത്ത് (ലുക്മാന്‍ അവറാന്‍) ഞാന്‍ ഈ രീതിയില്‍ പറഞ്ഞിട്ടുണ്ട്.
ഒരു ഇമോഷണല് സീന്‍ ചെയ്യാന്‍ പോകുന്നതിന് മുന്‍പ് ലുക്കൂ, നമ്മള്‍ അടുത്തയാഴ്ച നിനക്ക് കയ്യടി കിട്ടാന്‍ പോകുന്ന ഒരു ഇമോഷണല് സീന്‍ എടുക്കുകയാണെന്നൊക്കെ പറഞ്ഞ് അവനെ പമ്പ് ചെയ്ത് നിര്‍ത്താറുണ്ട്.
ഞാന്‍ ചുമ്മാ അതുപോലെ ലാലേട്ടനോടും പറഞ്ഞതാണ്. ലാലേട്ടന് ആ സീന്‍ ചെയ്യാന്‍ കൊതിയുള്ള പോലെ തോന്നി. ആ ഒരാഴ്ച തികയാവുന്ന ദിവസം എന്റെ അടുത്ത് വന്നിട്ട് ഇന്ന് നമ്മുടെ ഇക്കിള്‍ സീന്‍ ആണല്ലേ എന്ന് ചോദിച്ചു.
പുള്ളിയത് നന്നാക്കാനായൊക്കെ ശ്രമിച്ചു. ഞാന്‍ ചെയ്തതൊന്ന് കാണട്ടെ എന്ന് പറഞ്ഞ് ലാലേട്ടന്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് അടിച്ച് കണ്ടത് ആ സീനാണ്.
ആ ഒരു ആഴ്ച അദ്ദേഹത്തിന്റെ കൗതുകം കണ്ടപ്പോള്‍ രസം തോന്നി. എന്നുവെച്ച് പുള്ളി അത് പ്രിപ്പയര്‍ ചെയ്യുകയോ ഒന്നുമല്ല. മെമ്മറിയില്‍ അതുണ്ടാകും,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highilight: Actor Mohanlal Repeatedly watch that scene in Thudarum says Tharun Moorthy