തുടരും എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്താനായതിന്റെ സന്തോഷത്തിലാണ് നടന്‍ അബിന്‍ ബിനോ. സിനിമയെ ഒരു പ്രധാന വഴിത്തിരിവിലേക്ക് എത്തിക്കുന്നത് അബിന്റെ കഥാപാത്രമാണ്.
തുടരുമില്‍ അഭിനയിക്കുമ്പോഴൊന്നും കഥ പൂര്‍ണമായും തനിക്ക് അറിയില്ലായിരുന്നെന്നും തന്റെ ഭാഗം മാത്രം അഭിനയിച്ച് തിരിച്ചുപോരുകയായിരുന്നെന്നും എബിന്‍ പറയുന്നു.
തിയേറ്റില്‍ പടം കണ്ട തന്റെ കിളിപോയെന്നും തിയേറ്റില്‍ നിന്ന് ഇറങ്ങാനാകാത്ത അവസ്ഥയിലായിരുന്നെന്നും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അബിന്‍ പറയുന്നു.
ലാലേട്ടന്റെ കൂടെ ഇങ്ങനെയൊരു സിനിമയൊക്കെ എന്നും ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെ അടുത്ത് കാണാനെങ്കിലും പറ്റിയിരുന്നെങ്കിലെന്നാണ് ആഗ്രഹിച്ചത്. പക്ഷേ അതിനപ്പുറം കൂടെ അഭിനയിക്കാന്‍ പറ്റി.
‘ തരുണ്‍ ചേട്ടന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞത് എടാ ലാലേട്ടന്റെ കൂടെയുള്ള ഒരു പരിപാടിയാണ്. കുറച്ച് ഉണ്ട് എന്ന് പറഞ്ഞു. ലാലേട്ടന്റെ കൂടെ ആണെന്ന് പറഞ്ഞപ്പോഴേ ഞാന്‍ ഓക്കെ പറഞ്ഞു.
പിന്നെ എന്നോട് ഒന്നും പറഞ്ഞിട്ടില്ല. നീ ഇനി സിനിമ കാണുമ്പോള്‍ മനസിലാകുമെന്ന് പറഞ്ഞു. ഫസ്റ്റ് ഷോ കണ്ടുകഴിഞ്ഞപ്പോള്‍ എന്റെ കിളിപോയി.
ആരും പറഞ്ഞിരുന്നില്ല. ഞാന്‍ ഡയറക്ഷന്‍ ടീമിനോട് ചോദിച്ചപ്പോഴും അബിന്‍ സിനിമ കാണുമ്പോള്‍ മനസിലാകും എന്നാണ് പറഞ്ഞത്. എന്റെ പരിപാടിയൊക്കെ എടുത്ത് എന്നെ വിട്ടതാണ്. സിനിമയുടെ മൊത്തം പരിപാടി അറിയില്ലായിരുന്നു. സിനിമ കണ്ട ശേഷമാണ് കാര്യങ്ങള്‍ മനസിലായത്.
സത്യം പറഞ്ഞാല്‍ തിയേറ്ററില്‍ പടം കഴിഞ്ഞിട്ടും എനിക്ക് എഴുന്നേല്‍ക്കാനായില്ല. അവിടെ തന്നെ ഇരുന്ന് പോയി. നമ്മള്‍ ഒരുപാട് ആഗ്രഹിച്ച ലാലേട്ടനെ കിട്ടുകയാണല്ലോ.
ഒരുപാട് ഫാന്‍ ഷോയ്ക്ക് പോയി കൂകിവിളിച്ച് ആര്‍പ്പുവിളിച്ച് നടന്ന ഒരാളാണ് ഞാന്‍. ഇടയ്ക്ക് അദ്ദേഹത്തിന് ഒരു വീഴ്ച സംഭവിച്ചു. അവിടെ നിന്നും തിരിച്ച് നമ്മള്‍ എല്ലാം ആഗ്രഹിച്ച ഒരാളെ കിട്ടുമ്പോള്‍ എന്തായാലും ഭയങ്കര സന്തോഷമായിരിക്കില്ലേ. അത് തന്നെയായിരുന്നു തുടരും എന്ന സിനിമ.
ഷൂട്ടൊക്കെ സാധാരണ എനിക്ക് നല്ല ടെന്‍ഷനായിരുന്നു. മമ്മൂക്കയുടെ കൂടെ ടര്‍ബോയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ പേടിയായിരുന്നു. തുടരും ചെയ്തപ്പോള്‍ അത്ര പേടിയുണ്ടായിരുന്നില്ല. വളരെ സിംപിളായിട്ട് നമ്മളെ കെയര്‍ ചെയ്തുപോകുന്ന പരിപാടിയായിരുന്നു.
തുടരുമില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ എന്നു പറയുന്നത് പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് തന്നെയാണ്. ഭയങ്കരമായിരുന്നു ആ സീന്‍. സത്യം പറഞ്ഞാല്‍ ഈ ഫാമിലികളൊന്നും സാധാരണ ഒരു മാസ് സാധനം വന്നാല്‍ കയ്യടിക്കുകയൊന്നുമില്ല.
അവരില്‍ നിന്നും അങ്ങനെ സാധാരണ വരാറില്ല. പക്ഷേ തുടരും കാണാന്‍ ഞാനിരുന്ന തിയേറ്ററില്‍ ഫാമിലീസ് എല്ലാം ഭയങ്കര കയ്യടിയും ആര്‍പ്പുവിളിയുമായിരുന്നു. അത് വേറൊരു ഫീല്‍ തന്നെയായിരുന്നു,’ അബിന്‍ പറഞ്ഞു.
Content Highlight: Actor Abin Bino about Thudarum and Mohanlal