ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും പിന്നീട് 325 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തു. ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

ചിത്രത്തിന്റെ ഭാഗമായി സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്ന ‘ഒരു സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിമും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ റിലീസിന് പിന്നാലെ ഭാവന സ്റ്റുഡിയോസ് യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഷോർട്ട് ഫിലിമിലെ ടോക്സൺ എന്ന ടോക്സിക് ബോയ്ഫ്രണ്ട് കഥാപാത്രവും അതിലെ ഡയലോഗുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo.IMDb

ഇപ്പോഴിതാ ‘സാത്തുക്കുടി’ എന്ന ഈ വാക്ക് ആദ്യമായി കേൾക്കുന്നത് സിനിമയുടെ ചിത്രീകരണത്തിനിടെയാണെന്ന് പറയുകയാണ് നടൻ അഭിജിത് വേണുഗോപാൽ. നിവിൻ പോളിക്കൊപ്പമുള്ള രംഗങ്ങളിലെ അനുഭവങ്ങളും ചിത്രത്തിലെ കോമഡി രംഗങ്ങൾ ചിത്രീകരിച്ചപ്പോഴുണ്ടായ രസകരമായ നിമിഷങ്ങളും താരം പങ്കുവെച്ചു.

‘ആദ്യമായിട്ട് സാത്തുക്കുടി എന്ന് കേൾക്കുന്നത് നിവിൻ ചേട്ടൻ വന്ന് ആ സീനിൽ പറയുമ്പോഴാണ്. ഞങ്ങൾക്കൊന്നും അത് എന്താണെന്ന് അറിയില്ലായിരുന്നു. ‘ചന്ദ്രലേഖ’ സിനിമയിലെ ശ്രീനിവാസൻ സാർ പറയുന്ന ഒരു ഡയലോഗിൽ നിന്നുള്ള റഫറൻസാണ് അത്. രാവിലെ ഞാൻ വന്നപ്പോൾ എന്നോട് പറഞ്ഞു, ‘എടാ, നിന്റെ പേര് ടോക്സിക് ടോക്സൺ എന്നാണ്.’ അപ്പോഴാണ് ആ പേര് ആദ്യമായി കേൾക്കുന്നത്. അപ്പോൾത്തന്നെ തോന്നി, ഓക്കേ, കൊള്ളാം, എന്തോ ഒന്നുണ്ട് എന്ന്,’ അഭിജിത് പറഞ്ഞു.

പിന്നീട് തന്റെ ഇൻട്രോ രംഗം ചിത്രീകരിച്ചപ്പോഴും സിനിമയിൽ എന്തോ രസകരമായത് സംഭവിക്കാനുണ്ടെന്ന തോന്നലുണ്ടായിരുന്നുവെന്ന് അഭിജിത് പറഞ്ഞു.

‘സ്വാഭാവികമായിട്ടും ഇത് അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്ക് ചിരിയായിരുന്നു. സ്ക്രിപ്റ്റ് വായിക്കുമ്പോൾത്തന്നെ ഇതൊക്കെ എങ്ങനെയാണ് പറയാൻ പോകുന്നത് എന്നൊരു ചിന്തയുണ്ടായിരുന്നു. ഞാൻ പറയുന്നത് കേട്ട് പാർവതി ചിരിക്കും, പാർവതി പറയുന്നത് കേട്ട് ഞാനും ചിരിക്കും. ചിലപ്പോൾ ഫുൾ ടീമും ഇരുന്ന് ചിരിക്കുന്നുണ്ടാവും. അങ്ങനെ ഫുൾ കോമഡി പരിപാടിയായിരുന്നു. ഏകദേശം മൂന്ന് ദിവസം കൊണ്ടാണ് ഷൂട്ട് തീർന്നത്,’ അഭിജിത് പറഞ്ഞു.

സിനിമയിൽ നിവിൻ പോളിക്കൊപ്പം അഭിനയിക്കാനും സമയം ചെലവഴിക്കാനും കഴിഞ്ഞതും രസകരമായ അനുഭവമായിരുന്നുവെന്ന് അഭിജിത് പറയുന്നു. നിവിന്റെ സംസാരവും ആലുവ ശൈലിയുമാണ് തനിക്ക് ഏറെ ഇഷ്ടമായതെന്നും അഭിജിത് പറയുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo.IMDb

‘നിവിൻ ചേട്ടനുമായി സംസാരിച്ചിരിക്കാനൊക്കെ ഭയങ്കര രസമാണ്. പുള്ളി വർത്തമാനം പറയുന്നതു കേൾക്കാൻ തന്നെ നല്ല രസമാണ്. പക്കാ ആലുവക്കാരനാണ്. ഞാൻ ആലുവ സൈഡായതുകൊണ്ട് നമുക്ക് ആ സ്ലാങ്ങും പരിപാടികളുമൊക്കെ ഭയങ്കര റിലേറ്റ് ചെയ്യാൻ പറ്റും. പുള്ളി പക്കാ അടിപൊളി മനുഷ്യനാണ്,’ അഭിജിത് വേണുഗോപാൽ കൂട്ടിച്ചേർത്തു.

Content Highlight: Actor Abhijith Venugopal says that he heard the word ‘Sathukkudi’ for the first time during the filming of the movie