തുടരും; ലാലേട്ടന്‍ ആ സീന്‍ ചെയ്യുന്നത് നേരിട്ട് കാണുകയെന്നത് എന്റെ ആഗ്രഹമായിരുന്നു: ആര്‍ഷ ബൈജു
Entertainment
തുടരും; ലാലേട്ടന്‍ ആ സീന്‍ ചെയ്യുന്നത് നേരിട്ട് കാണുകയെന്നത് എന്റെ ആഗ്രഹമായിരുന്നു: ആര്‍ഷ ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th May 2025, 11:48 am

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് വന്‍വിജയമായ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. 16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു ഇത്.

മോഹന്‍ലാല്‍ ഷണ്‍മുഖം എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ വില്ലനായി എത്തിയത് പ്രകാശ് വര്‍മ ആയിരുന്നു. സിനിമയില്‍ ജോര്‍ജ് മാത്തന്‍ എന്ന ശക്തനായ കഥാപാത്രത്തെ പ്രകാശ് വര്‍മ വളരെ മികച്ചതാക്കിയിരുന്നു. അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് തുടരും.

സിനിമയില്‍ നടി ആര്‍ഷ ബൈജുവും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ജോര്‍ജിന്റെ മകളായ മേരി എന്ന കഥാപാത്രമായാണ് ആര്‍ഷ അഭിനയിച്ചത്. ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ചും പ്രകാശ് വര്‍മയെ കുറിച്ചും പറയുകയാണ് ആര്‍ഷ ബൈജു.

‘എനിക്ക് തുടരും സിനിമയില്‍ ലാലേട്ടന്റെ ഫൈറ്റ് കാണാന്‍ പറ്റിയിരുന്നു. മഴയത്ത് ഉണ്ടായിരുന്ന ഫൈറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ സെറ്റില്‍ ഉണ്ടായിരുന്നു. ലാലേട്ടന് ആ സമയത്ത് നല്ല പനി ഉണ്ടായിരുന്നു. എന്നിട്ടും വളരെ കൂളായിട്ടാണ് അദ്ദേഹമത് ചെയ്തത്. അദ്ദേഹം ഒരു ചായയൊക്കെ കുടിച്ച് കൂളായി ചെയ്തു.

പ്രകാശ് സാറിനെ കുറിച്ച് പറയാതിരിക്കാന്‍ സാധിക്കില്ല. അദ്ദേഹത്തെ കുറിച്ച് എന്തായാലും പറയണം. ഒരു അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ് തുടരും. സാറും വളരെ ഈസി ആയിട്ടാണ് ഓരോന്നും ചെയ്യുന്നത്.

വളരെ എക്‌സ്പീരിയന്‍സുള്ള ആളെ പോലെ ആയിരുന്നു അദ്ദേഹം വര്‍ക്ക് ചെയ്തത്. സെറ്റൊക്കെ വളരെ പരിചിതമായ ആളായത് കൊണ്ടാകണം അത്. ഫൈറ്റൊക്കെ കണ്ടിരിക്കാന്‍ നല്ല രസമായിരുന്നു. എനിക്ക് ശരിക്കും ഇതൊക്കെ കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ടായിരുന്നു.

ഞാന്‍ അതിന്റെയൊന്നും ഭാഗമല്ലെങ്കില്‍ പോലും തരുണ്‍ ചേട്ടനോട് പറഞ്ഞിട്ട് അവിടെ ചെന്ന് കണ്ടതായിരുന്നു. ലാലേട്ടന്‍ ഫൈറ്റ് ചെയ്യുന്നത് കാണാന്‍ എനിക്ക് വലിയ ആഗ്രഹമായിരുന്നു. അത് തുടരും എന്ന സിനിമയിലൂടെ സാധിച്ചു,’ ആര്‍ഷ ബൈജു പറയുന്നു.


Content Highlight: Aarsha Baiju Talks About Mohanlal’s Fight Scene In Thudarum Movie