തുടരും; ലാലേട്ടനെ കുറിച്ച് കേട്ടതൊന്നും തള്ളല്ലെന്ന് അന്ന് നേരിട്ട് മനസിലാക്കി: ആര്‍ഷ ബൈജു
Entertainment
തുടരും; ലാലേട്ടനെ കുറിച്ച് കേട്ടതൊന്നും തള്ളല്ലെന്ന് അന്ന് നേരിട്ട് മനസിലാക്കി: ആര്‍ഷ ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th May 2025, 7:32 am

കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ആര്‍ഷ ചാന്ദിനി ബൈജു. 2019ല്‍ പുറത്തിറങ്ങിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് ആര്‍ഷ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

2021ല്‍ കരിക്കിന്റെ ആവറേജ് അമ്പിളി എന്ന മിനി സീരീസില്‍ ടൈറ്റില്‍ റോളില്‍ എത്തിയതും ആര്‍ഷ ആയിരുന്നു. തൊട്ടടുത്ത വര്‍ഷം അഭിനവ് സുന്ദര്‍ നായക്കിന്റെ ആദ്യ ചിത്രമായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിലും ആര്‍ഷ നായികയായി.

മലയാളികള്‍ ഏറെ കാത്തിരുന്ന തരുണ്‍ മൂര്‍ത്തി – മോഹന്‍ലാല്‍ ചിത്രമായ തുടരും എന്ന സിനിമയിലും ആര്‍ഷ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തുടരും സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ആര്‍ഷ ബൈജു.

‘ആദ്യമായി ഞാന്‍ ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ വളരെ എക്‌സൈറ്റ്‌മെന്റിലാണ് നിന്നത്. പൊതുവെ ഒന്നിലും അത്ര എക്‌സൈറ്റ്‌മെന്റ് ഇല്ലാത്ത ആളാണ് ഞാന്‍. പക്ഷെ ലാലേട്ടന്‍ സെറ്റില്‍ വന്നപ്പോള്‍ ഞാന്‍ വലിയ സന്തോഷത്തിലായിരുന്നു. അദ്ദേഹത്തോട് വളരെ നന്നായിട്ട് സംസാരിക്കാനൊക്കെ പറ്റി.

ലാലേട്ടന്‍ എല്ലാം വളരെ ഈസി ആയിട്ടാണ് ചെയ്യുന്നത്. ഞാന്‍ അതിനുമുമ്പ് അദ്ദേഹത്തെ കണ്ടിട്ടുള്ളത് ടി.വിയിലാണ്. അദ്ദേഹം എല്ലാവരോടും വളരെ നോര്‍മലായിട്ടാണ് ഇടപ്പെടുന്നതും സംസാരിക്കുന്നതും. അതുപോലെ വളരെ പെട്ടെന്നാകും അദ്ദേഹം ക്യാരക്ടറായി മാറുന്നത്.

വളരെ എഫേര്‍ട്ട്‌ലെസായിട്ടാണ് ലാലേട്ടന്‍ ഓരോന്നും ചെയ്യുന്നത്. സെറ്റിലൊക്കെ വളരെ നല്ല പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. പണ്ടുമുതല്‍ക്കേ ലാലേട്ടന്‍ എങ്ങനെയാണെന്ന് പലരില്‍ നിന്നും കേട്ടിരുന്നല്ലോ. അതൊന്നും തള്ളല്ലെന്ന് നേരിട്ടുള്ള ഇടപ്പെടലിലൂടെയാണ് മനസിലാകുന്നത്.

എല്ലാവരും പറയുന്നത് പോലെ തന്നെ വളരെ ജോളി ആയിട്ടുള്ള, എല്ലാവരോടും സംസാരിക്കുന്ന ആളാണ് ലാലേട്ടന്‍. നമ്മളേ പോലെയൊക്കെ തന്നെയാണ്. ജാഡയോ മറ്റു കാര്യങ്ങളോ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ കാണാനാകില്ല,’ ആര്‍ഷ ബൈജു പറയുന്നു.


Content Highlight: Aarsha Baiju Talks About Her Acting Experience With Mohanlal In Thudarum Movie