ഹൈദരാബാദ്: ഹൈദരാബാദില്‍ കൊമേഡിയന്‍ കുനാല്‍ കമ്രയുടെ സ്റ്റാന്‍ഡ് അപ് കോമഡി ഷോയില്‍ പ്രശ്‌നമുണ്ടാക്കിയ വിശ്വഹിന്ദു പരിഷത്തുകാരായ 15 അക്രമികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതല്‍ തടങ്കല്‍ എന്ന നിലയിലാണ് ഇവരെ ഇന്നലെ (ഒക്ടോബര്‍ 11, ഞായര്‍) കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ഹൈദരാബാദ് ടി.ജി.എസ്.ആര്‍.ടി.സി കലാഭവനില്‍ ഇന്നലെ നടന്ന ‘സ്റ്റാന്‍ഡിംഗ് അപ്പ്’ എന്ന കോമഡി ഷോ തടയുമെന്ന് വി.എച്ച്.പി പ്രവര്‍ത്തകര്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ കോമഡി ഷോ തടയാനായി ടി.ജി.എസ്.ആര്‍.ടി.സി കലാഭവനിലെത്തിയ 15 വി.എച്ച്.പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കാമ്രയെ ‘ഹിന്ദു വിരുദ്ധന്‍’ എന്ന് വിളിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍ വേദിയില്‍ കയറി പ്രശ്‌നമുണ്ടാക്കിയിരുന്നു. കാമ്രക്കെതിരായ മുദ്രാവാക്യങ്ങളും വി.എച്ച്.പി പ്രവര്‍ത്തകര്‍ മുഴക്കുകയും ചെയ്തു. ഒരു ബസിലാണ് വി.എച്ച്.പി പ്രവര്‍ത്തകരുടെ സംഘം സ്ഥലത്തെത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്ഥിതിഗതികള്‍ വഷളാവുന്നതിന് മുമ്പ് തന്നെ അവരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് വ്യക്തമാക്കി.

കോമഡി ഷോ വേദിക്ക് സമീപം വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. സ്ഥലത്ത് ശക്തമായ പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നതായി കോമഡി ഷോയില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘കോമഡി ഷോ നടക്കുന്നത് തടയാന്‍ വേണ്ടി പത്ത് പതിനഞ്ച് പേര്‍ ഒരു ബസ്സില്‍ സ്ഥലത്തെത്തി. എന്നാല്‍ പൊലീസ് ഇടപെട്ടതുകൊണ്ട് പ്രശ്‌നമുണ്ടായില്ല. 10 മിനിറ്റിനുള്ളില്‍ ആ ബസ് അവിടെ നിന്ന് പോയി. എന്നാല്‍, ഷോയെയും കമ്രയെയും രാജ്യവിരുദ്ധം എന്ന് മുദ്രകുത്തിക്കൊണ്ട് ഒരാള്‍ വീഡിയോ ചിത്രീകരിക്കുന്നത് ഞാന്‍ കണ്ടു,’ എന്ന് കോമഡി ഷോയില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞതായി സിയാസത് ഡെയലി റിപ്പോര്‍ട്ട് ചെയ്തു.

വി.എച്ച്.പിക്ക് പുറമെ മറ്റൊരു ഹിന്ദുത്വ സംഘടനയായ ബദജ്‌രംഗദളും കുണാല്‍ കമ്രയുടെ കോമഡി ഷോക്കെതിരെ ഭീഷണി ഉയര്‍ത്തിയിരുന്നു. കോമഡി ഷോ തടയണമെന്നാവശ്യപ്പെട്ട് ബജ്‌രംഗദള്‍ പൊലീസില്‍ പരാതിയും നല്‍കി. പരിപാടി തടസ്സപ്പെടുത്തുമെന്ന് ബജ്രംഗ് ദളിന്റെ ഹൈദരാബാദ് ഘടകം ഭീഷണിപ്പെടുത്തിയിരുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹിന്ദു ദൈവങ്ങളായ രാമനെയും സീതയെയും കുറിച്ച് കമ്ര അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നത്. ‘രാമന്‍, സീത തുടങ്ങിയ ഹിന്ദു ദൈവങ്ങളെ കുനാല്‍ കമ്ര എപ്പോഴും വിമര്‍ശിക്കാറുണ്ട്. ഇതിനുമുമ്പും പലയിടങ്ങളിലായി അദ്ദേഹത്തിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിപാടിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.,’ എന്ന് ബജ്രംഗ് ദള്‍ നേതാക്കള്‍ പറഞ്ഞിരുന്നതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: 15 VHP activists detained as Kunal Kamra performs in Hyderabad