'സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തില്‍ പാര്‍ട്ടി പന്തുണച്ചില്ല'; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജിവെച്ചു
Kerala News
'സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തില്‍ പാര്‍ട്ടി പന്തുണച്ചില്ല'; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th August 2022, 4:01 pm

തൃശൂര്‍: ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്കെതിരെ പരാതി നല്‍കിയതില്‍ പാര്‍ട്ടി പിന്തുണ നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജിവെച്ചു. തൃശൂര്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജയകൃഷ്ണനാണ് രാജിപ്രഖ്യാപനം നടത്തിയത്. സംഘപരിവാറിനെതിരെയുള്ള തന്റെ നിയമ യുദ്ധത്തില്‍ യാതൊരു പിന്തുണയും നല്‍ക്കാത്ത യൂത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുകയാണെന്ന് ജയകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാറുന്നു, തിരിച്ചുവരുന്നു എന്നൊക്കെ പറയുമ്പോഴും ബഹുഭൂരിഭാഗവും പഴയപടി തന്നെയാണെന്നുള്ളതാണ് സങ്കടകരമായ യാഥാര്‍ത്ഥ്യം.

മാറ്റം വരണം. താഴെത്തട്ടിലേക്ക് നേതാക്കളുടെ നോട്ടമെത്തണം. ഒരു കോണ്‍ഗ്രസുകാരന്റെ അവസാന പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥനയുമാണിത്. സംഘപരിവാറിനെതിരെയുള്ള ഈ പോരാട്ടത്തില്‍ എന്നെ ഒറ്റപ്പെടുത്തിയവരോട് ചേര്‍ന്നുനിന്ന് ഇനിയും പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

പലരും ഈ പോരാട്ടത്തില്‍ എന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ കൂടെ നിന്ന് ധൈര്യം നല്‍കിയവയോരോട് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു,’ ജയകൃഷ്ണന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിന്റെ ഭാഗമായുള്ള സോഷ്യല്‍ മീഡിയയിലെ ദേശീയ പതാക പ്രൊഫൈല്‍ ചിത്രം ഇന്ത്യന്‍ ദേശീയ പതാക കോഡിന് എതിരെയായിരുന്നു എന്നായിരുന്നു ജയകൃഷ്ണന്റെ പരാതി.

കേരള സൈബര്‍ സെല്ലിനും ഡി.ജി.പിക്കുമാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കുമെന്നും ജയകൃഷ്ണന്‍ പറഞ്ഞിരുന്നു.

പരാതി പരിഗണിച്ചതായി തനിക്ക് സന്ദേശം ലഭിച്ചെന്ന് ജയകൃഷ്ണന്‍ പറഞ്ഞിരുന്നു. ഈ നിയമ പോരാട്ടത്തിലാണ് തന്റെ സംഘടനയില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ല് ജയകൃഷ്ണന്‍ ഇപ്പോള്‍ ആരോപിക്കുന്നത്.

ഇന്ത്യയുടെ ദേശീയ പതാക എന്നത് ദീര്‍ഘ ചതുരത്തിലുള്ള മൂന്ന് നിറങ്ങള്‍ ചേര്‍ന്നതാണ് എന്നാണ് ഭേദഗതി വരുത്തിയ പതാക കോഡില്‍ പറയുന്നത്.
എന്നാല്‍ വൃത്താകൃതിയില്‍ ഇന്ത്യയുടെ പതാക എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്നത് പതാക കോഡിന് എതിരാണെന്നായിരുന്നു ജയകൃഷ്ണന്റെ പരാതി.