പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പുരോഹിതന്മാരുടെ പട്ടിക പുറത്തുവിട്ട് കൊളംബിയയിലെ കത്തോലിക്കാ സഭ
World News
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പുരോഹിതന്മാരുടെ പട്ടിക പുറത്തുവിട്ട് കൊളംബിയയിലെ കത്തോലിക്കാ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th August 2022, 1:33 pm

ബൊഗോട്ട: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതന്മാരുടെ പേരുള്‍പ്പെടെയുള്ള പട്ടിക പുറത്തുവിട്ട് കൊളംബിയയിലെ കത്തോലിക്കാ സഭ.

പീഡനാരോപണം നേരിടുന്ന, അന്വേഷണം നേരിടുന്ന 26 പുരോഹിതന്മാരുടെ പട്ടികയാണ് പുറത്തുവിട്ടത്. കൊളംബിയന്‍ പ്രാദേശിക മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

1995നും 2019നുമിടയില്‍ ലൈംഗികാരോപണങ്ങള്‍ നേരിട്ട പുരോഹിതരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

പീഡോഫൈല്‍ വൈദികരെക്കുറിച്ച് അന്വേഷിക്കുന്ന പത്രപ്രവര്‍ത്തകന്‍ ജുവാന്‍ പാബ്ലോ ബാരിയന്റോസിന് അനുകൂലമായി കോടതി വിധി വന്നതിന് പിന്നാലെയാണ് മെഡെലിന്‍ അതിരൂപത (Archdiocese of Medellin) പ്രതികളുടെ പട്ടിക പുറത്തുവിട്ടത്.

”അതിരൂപതയുടെ സുതാര്യതയും സത്യത്തോടുള്ള പ്രതിബദ്ധതയും ഒന്നും മറച്ചുവെക്കാനുള്ള ഉദ്ദേശ്യം ഞങ്ങള്‍ക്കില്ലെന്ന കാര്യവും തെളിയിക്കേണ്ടതുണ്ട്,” മെഡലിന്‍ ആര്‍ച്ച്ബിഷപ്പ് മോണ്‍സിഞ്ഞോര്‍ റിക്കാര്‍ഡോ ടോബണ്‍ (Monsignor Ricardo Tobon) പറഞ്ഞു.

തന്റെ അഭ്യര്‍ത്ഥന അംഗീകരിക്കാനും പീഡോഫീലുകളായ വൈദികരുടെ പട്ടിക പരസ്യമാക്കാന്‍ മെഡലിന്‍ അതിരൂപതയെ നിര്‍ബന്ധിക്കാനും ബാരിയന്റോസ് കോടതിയോട് അപേക്ഷിച്ചിരുന്നു.

ഇത് സംബന്ധിച്ച് പ്രോസിക്യൂഷന് വ്യാഴാഴ്ച 14 പരാതികള്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

”പട്ടികയിലുള്ള പുരോഹിതന്മാരില്‍ ഭൂരിഭാഗം പേരും കുറച്ച് കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വീണ്ടും അവരെ പുരോഹിത സ്ഥാനങ്ങളില്‍ തന്നെ അവരോധിച്ചു,” ശനിയാഴ്ച പുറത്തുവിട്ട വീഡിയോയില്‍ ബാരിയന്റസ് പറഞ്ഞു.

ഭരണഘടനാ കോടതി നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ് സഭ പേരുകള്‍ വെളിപ്പെടുത്തിയതെന്നും ബാരിയന്റസ് കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി ക്രിസ്തീയ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന മാധ്യമപ്രവര്‍ത്തകനാണ് ബാരിയന്റസ്.

2019ല്‍ ‘ലെറ്റ് ദ ചില്‍ഡ്രന്‍ കം ടു മീ’ (Let the children come to me) എന്ന പേരില്‍ ബാരിയന്റസ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. കൊളംബിയയിലെ പുരോഹിതന്മാര്‍ക്കുള്ളിലെ കുറ്റകൃത്യങ്ങളെ മറച്ചുവെക്കുന്നതിനെ കുറിച്ചുള്ള അന്വേഷണമാണ് ഈ പുസ്തകം.

പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയാന്‍ സഭ ശ്രമിക്കുകയും ചെയ്തിരുന്നു.

തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ ജനസംഖ്യയില്‍ ഭൂരിഭാഗം ആളുകളും റോമന്‍ കത്തോലിക്കാ വിഭാഗത്തിലുള്ളവരാണ്.

രാജ്യത്ത് കുറഞ്ഞത് ആറ് പുരോഹിതരെങ്കിലും കുട്ടികളെ പീഡിപ്പിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Content Highlight: Catholic Church in Colombia has released the names of Priests accused of Sexually abusing minors