യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് പൊലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം; വീഡിയോ പുറത്ത്
Kerala
യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് പൊലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം; വീഡിയോ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd September 2025, 1:09 pm

കുന്നംകുളം: യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത് വി.എസിനെ കുന്നംകുളം സ്‌റ്റേഷനില്‍ വെച്ച് പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. 2023 ഏപ്രില്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.

ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റാണ് സുജിത്ത്. സംഭവദിവസം രാത്രി റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിന്റെ സുഹൃത്തുക്കളെ പട്രോളിങ്ങിന് എത്തിയ പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.

മദ്യപിച്ച് പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു തുടങ്ങിയവ ആരോപിച്ചായിരുന്നു പൊലീസ് മര്‍ദ്ദനം.

ഷര്‍ട്ട് പോലും ധരിക്കാനനുവദിക്കാതെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഐ നൂഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി. മൂന്ന് പൊലീസുകാര്‍ ചേര്‍ന്നാണ് സുജിത്തിനെ മര്‍ദ്ദിച്ചത്.

പിറ്റേന്ന് വൈദ്യപരിശോധന നടത്തി യുവാവിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും മദ്യപിച്ചെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സുജിത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

പൊലീസിന്റെ നടപടിക്കെതിരെ നിയമപോരാട്ടം നടത്താനുറച്ച സുജിത്ത്, ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കുകയും, കഴിഞ്ഞമാസം സുജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് എതിരെ കോടതി കേസെടുക്കുകയും ചെയ്തിരുന്നു.

സുജിത്തിന് അനുകൂലമായി കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. വിവരാവകാശ നിയമപ്രകാരം പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദന വീഡിയോ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് നല്‍കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് വിവരാവകാശ കമ്മീഷന്‍ ഇടപെട്ടതോടെയാണ് സുജിത്തിന് വീഡിയോ ലഭിച്ചത്.

Content Highlight:  Youth Congress leader Sujith brutally tortured at police station; Video