കുന്നംകുളം: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.
കുന്നംകുളം സ്‌റ്റേഷനിലെ എസ്.ഐ നുഹ്‌മാന്‍, സി.പി.ഒമാരായ സജീവന്‍, സന്ദീപ്,ശശിധരന്‍ എന്നിവരേയാണ് പൊലീസ് സേനയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഉത്തരമേഖലാ ഐ.ജിയുടെതാണ് നടപടി.
അതേസമയം, പൊലീസ് സേനയില്‍നിന്നു ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും സസ്‌പെന്‍ഷന്‍ മാത്രമെന്ന നടപടി അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.
രണ്ട് വര്‍ഷം മുമ്പ് എടുക്കേണ്ട നടപടിയാണിതെന്നും സംഭവത്തില്‍ പ്രതികളായ മുഴുവന്‍ പൊലീസുകാരെയും പിരിച്ചുവിടും വരെ സമരമെന്നുമാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.
കൂടാതെ, പൊലീസ് മര്‍ദന സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തില്‍ ആരോപണവിധേയനായ സി.പി.ഒ ശശിധരന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓ.ജെ ജനീഷിന്റെ നേതൃത്വത്തില്‍ തൃക്കൂര്‍ മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ‘ചൂരല്‍ മാര്‍ച്ച്’ എന്ന പേരില്‍ പ്രതിഷേധം നടത്തിയത്.
കേസില്‍ ആരോപണവിധേയരായ പൊലീസുകാരുടെ വീടുകളിലേക്ക് കഴിഞ്ഞദിവസങ്ങളിലായി പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. സംസ്ഥാനവ്യാപകമായി പൊലീസ് സ്‌റ്റേഷനുകളിലേക്ക് ഈ മാസം പത്തിന് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
Content Highlight: youth congress leader case: 4 police officers suspended