വാരണാസി: രാജ്യത്തെ യുവജനങ്ങളെ ‘ആല്‍ഫ, ബീറ്റ, ഗാമ’ തുടങ്ങിയ തലമുറകളുടെ ലേബലുകള്‍ നല്‍കി ഭിന്നിപ്പിക്കരുതെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍. വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തില്‍ നടന്ന ‘യുവ സംവാദ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ ചെറുപ്പമായിരുന്നപ്പോള്‍ ആരും ഞങ്ങളെ ആല്‍ഫയെന്നോ ബീറ്റയെന്നോ ഗാമയെന്നോ വിഭജിച്ചിരുന്നില്ല,’ ബി.ജെ.പി നേതാവ് പറഞ്ഞു. യുവാക്കളുടെ സ്വത്വം കൃത്രിമമായ തലമുറ വിഭജനങ്ങള്‍ക്കൊണ്ടല്ല, മറിച്ച് അവരുടെ ആശയങ്ങളും കഴിവുകളും ആഗ്രഹങ്ങളും കൊണ്ടാണ് നിര്‍ണയിക്കപ്പെടേണ്ടതെന്നും നിതിന്‍ നബിന്‍ പറഞ്ഞു.

അതത് സംസ്ഥാനങ്ങളിലെ അവസരങ്ങളില്‍ അവിടുത്തെ യുവാക്കള്‍ക്ക് പ്രാഥമിക അവകാശമുണ്ടായിരിക്കണം. ബിഹാറിലെ യുവാക്കള്‍ക്ക് ബിഹാറിലും, ഉത്തര്‍പ്രദേശിലെ യുവാക്കള്‍ക്ക് യു.പിയിലും അവകാശങ്ങള്‍ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ വിഭവങ്ങളും സമ്പത്തും ഇവിടുത്തെ പൗരന്മാര്‍ക്ക് മാത്രമുള്ളതാണ്. ഇന്ത്യന്‍ യുവാക്കളുടെ അവകാശങ്ങള്‍ വിദേശത്തുനിന്നുള്ള ‘അനധികൃത കുടിയേറ്റക്കാര്‍ക്ക്’ നല്‍കാനുള്ള നീക്കങ്ങളെ ബി.ജെ.പി ശക്തമായി എതിര്‍ക്കും,’ നിതിന്‍ നബിന്‍ പറഞ്ഞു.

തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, സാങ്കേതിക മേഖലയില്‍ വലിയ നിക്ഷേപങ്ങളാണ് രാജ്യത്തേക്ക് എത്തുന്നതെന്നും, ഇന്ത്യ വൈകാതെ തന്നെ ഒരു ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (അക) ഹബ്ബായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Content Highlight: Young people need not be categorized as ‘Alpha’ or ‘Beta’—such labels didn’t exist when we were young. True essence lies in ideas, not in artificial divisions: Nitin Nabin.