യഷിനും റിഷഭ് ഷെട്ടിക്കും രാജ്ഭവനില്‍ വിരുന്നൊരുക്കി മോദി
Entertainment news
യഷിനും റിഷഭ് ഷെട്ടിക്കും രാജ്ഭവനില്‍ വിരുന്നൊരുക്കി മോദി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th February 2023, 5:20 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത് കന്നഡ താരങ്ങളായ യഷും റിഷഭ് ഷെട്ടിയും. ബെഗംളൂരിവിലെത്തിയ മോദി രാജ്ഭവനിലാണ് വിരുന്നൊരുക്കിയത്. സിനിമാ താരങ്ങള്‍ക്കൊപ്പം വിവിധ മേഖലകളില്‍ നിന്നുമുള്ള പ്രമുഖരും വിരുന്നില്‍ പങ്കെടുത്തിരുന്നു. അന്തരിച്ച കന്നഡ താരം പുനീത് രാജ്കുമാറിന്റെ പങ്കാളി അശ്വനി, ബ്ലോഗര്‍ ശ്രദ്ധ എന്നിവരും പ്രധാനമന്ത്രിയുടെ വിരുന്നിനെത്തി.

പ്രധാനമന്ത്രിക്കൊപ്പമുള്ള മീറ്റിങ് വളരെയധികം പ്രചോദനം നല്‍കി എന്നാണ് റിഷഭ് ഷെട്ടി ട്വീറ്റ് ചെയ്തത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്തുള്ള മീറ്റിങ് വളരെയധികം പ്രചോദനം നല്‍കുന്നതായിരുന്നു. പുതിയ ഇന്ത്യയേയും പുരോഗമിച്ചുകൊണ്ടിരിക്കുന്ന കര്‍ണാടകയേയും രൂപപ്പെടുത്തിയെടുക്കുന്നതില്‍ എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രി വഹിക്കുന്ന പങ്കിനെ പറ്റി ചര്‍ച്ച ചെയ്തു. പുതിയ ഇന്ത്യക്കായി സംഭാവന നല്‍കാന്‍ സാധിച്ചതില്‍ അഭിമാനം. മോദിയുടെ കാഴ്ചപ്പാടുകളും നേതൃത്വവും പ്രചോദനം നല്‍കുന്നു,’ റിഷഭ് ഷെട്ടി കുറിച്ചു.

ഈ വര്‍ഷം അവസാനം കര്‍ണാടകയില്‍ നിമയസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മോദി സിനിമയില്‍ നിന്നുമുള്‍പ്പെടെ പല മേഖലകളില്‍ നിന്നുമുള്ള താരങ്ങള്‍ക്ക് വിരുന്നൊരുക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം കര്‍ണാടക സന്ദര്‍ശിച്ചിരുന്നു.

കെ.ജി.എഫ് ചാപ്റ്റര്‍ 2വിന് ശേഷം യഷ് പുതിയ പ്രോജക്ടുകളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. മികച്ച സ്‌ക്രിപ്റ്റിനായി അദ്ദേഹം കാത്തിരിക്കുകയാണെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. രാജ്യമെങ്ങും ശ്രദ്ധ നേടിയ കാന്താരയാണ് ഒടുവില്‍ പുറത്ത് വന്ന റിഷഭ് ഷെട്ടി ചിത്രം.

Content Highlight: Yash and Rishabh Shetty attended the banquet hosted by Prime Minister Narendra Modi