ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന യാഷ് ചിത്രമാണ് ‘ടോക്‌സിക് – എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ -അപ്‌സ്’. മൂത്തോന്‍ എന്ന ഒറ്റ സിനിമയിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ച ഗീതു മോഹന്‍ദാസാണ് ടോക്‌സിക് ഒരുക്കുന്നത്.
കെ.ജി.എഫ്, കെ.ജി.എഫ് 2 എന്നീ സിനിമകള്‍ക്ക് ശേഷം വരുന്ന യാഷ് ചിത്രമാണ് ടോക്‌സിക്. ഒരു സിനിമയിലൂടെ ഇന്ത്യയൊട്ടാകെ വലിയ ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്. കെ.ജി.എഫിന് ശേഷം അടുത്ത സിനിമ ഏതായിരിക്കും എന്ന ആകാംക്ഷയില്‍ ഇരിക്കുമ്പോഴാണ് ഗീതു മോഹന്‍ദാസുമൊത്തുമുള്ള ടോക്‌സിക്ക് ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം വരുന്നത്. ടോക്സിക്കിന്റെ ഓരോ അപ്‌ഡേഷനും ഇരുകയ്യും നീട്ടിയാണ് സിനിമ പ്രേമികള്‍ സ്വീകരിക്കുന്നത്.
ടോക്‌സിക് പാന്‍ വേള്‍ഡായാണ് ഒരുങ്ങുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കന്നടയിലും ഇംഗ്ലീഷിലുമായിരിക്കും ടോക്‌സിക് നിര്‍മിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലീഷിലും കന്നഡയിലും എഴുതുകയും ചിത്രീകരിക്കുകയും ചെയ്യുന്ന ടോക്‌സിക്, പിന്നീട് മറ്റ് ദേശീയ, അന്തര്‍ദേശീയ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ആഗോളതലത്തില്‍ വരെ ആകര്‍ഷകമായ വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍ ടോക്‌സിക് ഒരു പാന്‍ വേള്‍ഡ് സിനിമയായി നിര്‍മിക്കാം എന്നാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്നും പാന്‍ വേള്‍ഡ് എന്ന ആശയം മനസില്‍ വെച്ചുകൊണ്ടാണ് സിനിമക്ക് വേണ്ട ഓരോ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും തെരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എന്നാല്‍ സിനിമ കന്നടയിലും ഇംഗ്ലീഷിലും കൂടി എടുക്കുന്നതിനാല്‍ ടോക്സികിന്റെ നിര്‍മാണ ചെലവ് നാല്പത് ശതമാനത്തോളം വര്‍ധിച്ചുവെന്നും പറയപ്പെടുന്നു. 200 കോടി മുതല്‍ മുടക്കിയാണ് ഗീതു മോഹന്‍ദാസ് ടോക്‌സിക് എടുക്കുന്നത്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാതെ വിഷ്വല്‍ ട്രീറ്റായിരിക്കും ചിത്രം ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.