ആരോരുമില്ലാത്തവര്‍ക്ക് അല്ലാഹു മാത്രമല്ല അക്ഷരങ്ങളുമുണ്ടെന്ന് വിശ്വസിച്ച് കഥാകാരനായിരുന്നു അശ്റഫ് ആഡൂര്‍
Literature
ആരോരുമില്ലാത്തവര്‍ക്ക് അല്ലാഹു മാത്രമല്ല അക്ഷരങ്ങളുമുണ്ടെന്ന് വിശ്വസിച്ച് കഥാകാരനായിരുന്നു അശ്റഫ് ആഡൂര്‍
സൗമ്യ ആര്‍. കൃഷ്ണ
Sunday, 31st March 2019, 6:08 pm

അക്ഷരം അറിയാത്ത തന്റെ ഉമ്മയാണ് തന്നെ എഴുത്തുകാരനാക്കിയത് എന്ന് അശ്റഫ് ആഡൂര്‍ പറഞ്ഞിരുന്നു. വായിക്കുവാനറിയാത്ത ഉമ്മക്ക് വായിച്ചു കേള്‍പിച്ച പുസ്തകങ്ങളില്‍ നിന്നാണ് അദ്ദേഹം കഥകളോട് കൂട്ടു കൂടുന്നത്. ആഡൂര് ഗ്രാമോദ്ധാരണ വായനശാലയില്‍ ഉമ്മക്ക് വായിക്കുവാനുള്ള പുസ്തകങ്ങള്‍ തിരഞ്ഞാണ് അശ്റഫ് ആദ്യം എത്തുന്നത്. അവിടെനിന്നും ജീവിതത്തിലുടനീളം അക്ഷരങ്ങളായി അദ്ദേഹത്തിന്റെ കൂട്ടുകാര്‍. അക്ഷരങ്ങള്‍ ബാക്കിയാക്കി അശ്റഫ് യാത്രയായി.

ഖലീഫ ഉമറിന്റെ കഥ വായിച്ചു തീരുമ്പോള്‍ ആരുമില്ലത്തവര്‍ക്ക് അല്ലാഹുവുണ്ടെന്ന് ഉമ്മ പറഞ്ഞിരുന്നതായി അശ്റഫ് എഴുതിയിട്ടുണ്ട്. ബഷീറിന്റെ കഥകളിലൂടെ സാധാരണക്കാരന്റെ ജീവിതം വായിച്ചറിഞ്ഞ അദ്ദേഹം ആ വാചകം ആരോരുമില്ലാത്തവര്‍ക്ക് അല്ലാഹു മാത്രമല്ല അക്ഷരങ്ങളുമുണ്ട് എന്നാക്കി തിരുത്തി.

ആ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുന്നതാണ് അശ്റഫിന്റെ ജീവിതം. അതിജീവനത്തിന്റെ കരുത്താണ് തനിക്ക് അക്ഷരങ്ങള്‍ എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞു. ആത്മഹത്യയില്‍ നിന്ന് വരെ തന്നെ മാറ്റി നിര്‍ത്തിയത് അക്ഷരങ്ങളാണ് എന്നു പോലും എഴുതിയിട്ടുണ്ട്.

സാധാരണക്കാരന്റെ കഥകള്‍ പറയാന്‍ ഇഷ്ടമുണ്ടായിരുന്ന കഥാകൃത്തിന് അത് കൊണ്ട് തന്നെയാവും ബഷീര്‍ പ്രിയപ്പെട്ട എഴുത്തുകാരനായി മാറിയത്. മരണത്തിന്റെ മണമുള്ള വീട് എന്ന കഥയിലൂടെയാണ് അശ്റഫ് കഥ പറയുന്നവരുടെ ലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് കരഞ്ഞുപെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികള്‍, പെരുമഴയിലൂടൊരാള്‍, മരിച്ചവന്റെ വേരുകള്‍ തുടങ്ങി സങ്കട ഹൃദയഹാരിയായ നിരവധി കഥകളാണ് അദ്ദേഹം രചിച്ചത്.

ടി പത്മനാഭന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവധാരയുടെ ഓണപതിപ്പില്‍ ഇങ്ങനെ പറഞ്ഞു. അശ്രഫ് ആഡൂര് എന്നൊരു ചെറുപ്പക്കാരന്‍ ഈ അടുത്ത കാലത്ത് നല്ല ഒന്നാന്തരം കഥകള്‍ എഴുതുന്നുണ്ട്. പിന്നീടിങ്ങോട്ട് മലയാളത്തിലെ എല്ലാ മുന്‍നിര ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി അശ്രഫിന്റെ കഥകള്‍.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാഹചര്യങ്ങളില്‍ പല ജോലികള്‍ ചെയ്ത കൂട്ടത്തിലാണ് മാധ്യപ്രവര്‍ത്തനത്തിലേക്കും പ്രവേശിച്ചത്. കഥകളിലേത് പോലെ തന്നെ ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ വാര്‍ത്തകളായിരുന്നു അദ്ദേഹം എന്നും അന്വേഷിച്ചിരുന്നത്.

അതിന്റെ ഭാഗമായി മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പാമ്പന്‍ മാധവന്‍ അവാഡ്. ജീവകാരുണ്യ ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള എ.ടി ഉമ്മര്‍ മാധ്യമ പുരസ്‌കാരം,കൂടാതെ മുന്നോളം ഡോക്യുമെന്ററികള്‍ ചെയ്യുകയും അവക്ക് അവാഡുകള്‍ ലഭിക്കുകയുമുണ്ടായി.

2015 ഫെബ്രുവരി 23 ന് മാധ്യമപ്രവര്‍ത്തകനായിരിക്കെയാണ് പക്ഷാഘാതം ബാധിച്ചത്. ചികിത്സക്ക് ശേഷവും പൂര്‍ണ്ണമായി ഭേധമാവാത്ത രോഗവുമായി അന്ന് മുതല്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.

അച്ചുക്കാ എന്ന് അടുപ്പമുള്ളവര്‍ വിളിച്ചിരുന്ന,സദാ പ്രസന്നനായിരുന്ന ആ എഴുത്തുകാരന്‍ സുഹൃത്തുക്കള്‍ പണിതു നല്‍കിയ ആഡൂരിലെ കഥ വീട്ടില്‍ ഇനി ഉണ്ടാവില്ല.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.