ഭീകരതയുടെ കയറ്റുമതിക്കാരനായ പാകിസ്ഥാനിൽ നിന്നുള്ള പാഠങ്ങൾ ലോകത്തിന് വേണ്ട; യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ
national news
ഭീകരതയുടെ കയറ്റുമതിക്കാരനായ പാകിസ്ഥാനിൽ നിന്നുള്ള പാഠങ്ങൾ ലോകത്തിന് വേണ്ട; യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th March 2023, 11:45 am

ന്യൂദൽഹി: ഭീകരതയുടെയും അക്രമത്തിന്റെയും മുൻനിര കയറ്റുമതിക്കാരെന്ന നിലയിൽ പാകിസ്ഥാനിൽ നിന്ന് ലോകത്തിന് ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള പാഠങ്ങൾ ആവശ്യമില്ലെന്ന് ഇന്ത്യ. വ്യാഴാഴ്ച നടന്ന മനുഷ്യാവകാശ കൗൺസിൽ ജനറൽ ഡിബേറ്റിനിടയിലായിരുന്നു ഇന്ത്യയുടെ പരാമർശം.

കുപ്രചരണങ്ങളിൽ ഏർപ്പെടുന്നതിന് പകരം പാകിസ്ഥാൻ ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യൻ അണ്ടർ സെക്രട്ടറി പി.ആർ തുളസിദാസ് പറഞ്ഞു.

“ഭീകരവാദികൾ തഴച്ചുവളരുകയും ശിക്ഷയില്ലാതെ തെരുവിൽ അലയുകയും ചെയ്യുന്ന ഒരു രാജ്യത്ത് നിന്ന്, ലോകത്തിന് ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള പാഠങ്ങൾ ആവശ്യമില്ല. തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും മുൻനിര കയറ്റുമതിക്കാരെന്ന നിലയിൽ പാകിസ്ഥാന്റെ സംഭാവന സമാനതകളില്ലാത്തതാണ്,” തുളസിദാസ് പറഞ്ഞു.

യു.എൻ ലിസ്റ്റു ചെയ്ത 150ഓളം ഭീകരരും ഭീകരസംഘടനകളും പാക്കിസ്ഥാനിലുണ്ട്. ഇവർ
സജീവമായി പ്രചാരണം നടത്തുകയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്ത ചരിത്രമുണ്ട്. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികൾ പാകിസ്ഥാനിൽ സ്വതന്ത്രരായി ജീവിക്കുകയാണെന്നും ഇത് വഴി രാജ്യത്ത് ശിക്ഷാവിധി എത്രത്തോളം അർത്ഥവത്താണ് എന്ന വസ്തുത പാകിസ്ഥാന് നിഷേധിക്കാനാകുമോ എന്നും തുളസിദാസ് കൂട്ടിച്ചേർത്തു.

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നതാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് നേരിടുന്നത് പീഡനവും വിവേചനവുമാണ്. അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീർ എന്നും ഇന്ത്യയുടെ ഭാ​ഗമായി തന്നെ നിലനിൽക്കുമെന്നും തുളസിദാസ് പറഞ്ഞു. കശ്മീർ നിലവിൽ ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളെപ്പോലെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നീങ്ങുകയാണെന്നും തുളസിദാസ് കൂട്ടിച്ചേർത്തു. പാകിസ്ഥാൻ നടത്തുന്ന കുപ്രചരണങ്ങളെ തിരിച്ചറിയാനും ചെറുക്കാനുമുള്ള വിവേകവും ബുദ്ധിയും ഇന്ത്യയിലെ ജനതയ്ക്കുണ്ടെന്നും തുളസിദാസ് പറഞ്ഞു.

Content Highlight: World does not need lessons on democracy and human rights from Pakistan India at UNHRC