ന്യൂദല്‍ഹി: സംസ്ഥാനത്തിന് കൈമാറാതെ ഇത്രനാളും തടഞ്ഞുവെച്ചിരുന്ന സമഗ്ര ശിക്ഷാ അഭിയാന്‍ (എസ്.എസ്.എ )ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രം ഉറപ്പുനല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ സ്‌പെഷ്യല്‍ അധ്യാപകരുടെ നിയമനം തടഞ്ഞുവെച്ച കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ തീരുമാനം. തടഞ്ഞുവെച്ച ഫണ്ട് വൈകാതെ കൈമാറുമെന്ന് എ.എസ്.ജിയാണ് കോടതിയെ അറിയിച്ചത്.
സ്‌പെഷ്യല്‍ അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ ഉടനെ തന്നെ സംസ്ഥാനം നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
തുടര്‍നടപടികള്‍ ജനുവരി 31നകം പൂര്‍ത്തിയാക്കി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, സ്‌പെഷ്യല്‍ അധ്യാപകരുടെ നിയമനം നടത്താത്തത് കേന്ദ്രം ഫണ്ട് നല്‍കാത്തതുകൊണ്ടാണെന്ന് കേരളം മുമ്പ് തന്നെ കോടതിയെ ധരിപ്പിച്ചിരുന്നു.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ ഫണ്ട് നല്‍കാതെ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ് എന്നു ചൂണ്ടിക്കാണിച്ചായിരുന്നു സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്.
തുടര്‍ന്നാണ് കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് നല്‍കാമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി ഉറപ്പ് നല്‍കിയത്.
നേരത്തെ പി.എം ശ്രീയില്‍ ഒപ്പിടാത്ത സംസ്ഥാനങ്ങള്‍ക്ക് എസ്.എസ്.എ ഫണ്ട് അനുവദിക്കേണ്ടെന്ന കേന്ദ്രത്തിന്റെ ചട്ടവും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
കേരളം പി.എം ശ്രീയില്‍ ഒപ്പുവെച്ചതോടെ എസ്.എസ്.എ, എസ്.എസ്.കെ ഫണ്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.