എഡിറ്റര്‍
എഡിറ്റര്‍
എന്തുകൊണ്ട് ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം നല്‍കുന്നില്ല; ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും മുസ്‌ലീം സംഘടനകള്‍
എഡിറ്റര്‍
Tuesday 31st October 2017 12:27pm

അഹമ്മദാബാദ്: തെരഞ്ഞെടുപ്പുകളില്‍ നിന്നും ബി.ജെ.പിയും കോണ്‍ഗ്രസും തങ്ങളെ അകറ്റിനിര്‍ത്തുകയാണെന്ന് മുസ്‌ലീം സംഘടനകള്‍. ജമാഅത്തെ ഇസ് ലാമി ഹിന്ദ്, ഇന്‍സഫ് ട്രസ്റ്റ്, ഹമാരി ആവാസ്, ഗുജറാത്ത് യൂണിറ്റ് ഓഫ് മുസ് ലീം മജ്‌ലിസ് ഇ മുഷാവറത്ത് തുടങ്ങിയ സംഘടനകളാണ് തെരഞ്ഞൈടുപ്പില്‍ തങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്.

കോണ്‍ഗ്രസും ഭരണകക്ഷിയായ ബി.ജെ.പിയും മുസ്‌ലീങ്ങളെ അവഗണിക്കുകയോ ഒഴിവാക്കുകയോ ആണ്. മാത്രമല്ല തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കണമെന്ന തങ്ങളുടെ ആവശ്യം അവര്‍ കണക്കിലെടുക്കുന്നുപോലുമില്ല. സമൂഹത്തിലെ എല്ലാമേഖലകളില്‍ നിന്നും തങ്ങള്‍ വിവചേനം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും സംഘടനകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുസ്‌ലീംങ്ങള്‍ അവരുടെ മതപരമായ വസ്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്ന് പറയുകയും അവരുടെ വോട്ട് ആവശ്യപ്പെടുകയുമാണ് കോണ്‍ഗ്രസ്. ഇത്തരമൊരു സമീപനം അവര്‍ സ്വീകരിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുമെന്നും ഇന്‍സഫ് ട്രസ്റ്റ് അംഗം കലീം സിദ്ദിഖി പറയുന്നു.


Dont Miss നോക്കിപ്പാടിയിട്ടും വന്ദേമാതരത്തിന്റെ ഒരുവരിപോലും ശരിയായില്ല: ചാനല്‍ചര്‍ച്ചയ്ക്കിടെ വെല്ലുവിളി ഏറ്റെടുത്ത ബി.ജെ.പി വക്താവ് നാണംകെട്ടു: പൊട്ടിച്ചിരിച്ച് നേതാക്കള്‍


ഗുജറാത്തില്‍ കോണ്‍ഗ്രസ് പിന്നാക്ക നേതാക്കളുടെ ഒരു യോഗം കഴിഞ്ഞ ഞായറാഴ്ച രാജീവ് ഗാന്ധി ഭവനില്‍വെച്ച് നടന്നിരുന്നു. മുസ്‌ലീങ്ങള്‍ക്കായുള്ള ഒരു നിര്‍ദേശവും അന്നത്തെ യോഗത്തില്‍ വെച്ചിരുന്നില്ല. എന്നാല്‍ ഹിന്ദുക്കള്‍ മുസ്‌ലീം വേഷം അണിഞ്ഞുനില്‍ക്കുന്ന ചില ഫോട്ടോകളും വീഡിയോകളും തയ്യാറാക്കി ബി.ജെ.പി ധ്രൂവീകരണത്തിന് ശ്രമിക്കുന്നതായി അന്ന് യോഗത്തില്‍ പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങളില്‍ മുസ്‌ലീങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തങ്ങളുടെ ഒരു ലോ പ്രൊഫൈല്‍ സൂക്ഷിക്കണമെന്നുമാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ തങ്ങളോട് പറഞ്ഞതെന്നും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി മൈനോറിറ്റി സെല്‍ ചെയര്‍മാന്‍ അഹമ്മദ് സെയ്ത് പറയുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മുസ്‌ലീങ്ങളെ ഉള്‍പ്പെടുത്താന്‍ ഭരണനേതൃത്വം തയ്യാറാകുന്നില്ലെന്നും എല്ലാ മേഖലകളില്‍ നിന്നും അവര്‍ അകറ്റിനിര്‍ത്തപ്പെടുകയാണെന്നും മജ്‌ലിസ് ഇ മുഷാവറത്ത് ഗുജറാത്ത് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷാഫി മഅദനി പറഞ്ഞു.

മറ്റുമതവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന പൊതുഇടവും അഭിപ്രായ സ്വാതന്ത്ര്യവും പോലും മുസ്‌ലീങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ഉമര്‍ വൊഹ്‌റയും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മൂന്നു ദശകത്തിനിടെ ഗുജറാത്ത് നിയമസഭയിലെ മുസ്ലീം പ്രാതിനിധ്യം ഒരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1980ല്‍ മുസ്ലിം പ്രാതിനിധ്യം 9 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 1 ശതമാനം മാത്രമേയുള്ളൂവെന്ന് ഫസ്റ്റ് പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

2012ലെ തെരഞ്ഞെടുപ്പില്‍ 182 അംഗ നിയമസഭയിലേക്ക് 2 മുസ്‌ലീം എം.എല്‍.എമാര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്തില്‍ 10 ശതമാനമാണ് മുസ്‌ലീം ജനസംഖ്യ. 18 സീറ്റുകളിലെങ്കിലും മുസ്‌ലീം വോട്ടുകള്‍ നിര്‍ണായകമാണെങ്കിലും കോണ്‍ഗ്രസും ബി.ജെ.പിയും മുസ് ലിം സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

Advertisement