ന്യദല്‍ഹി: സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്വകാര്യ വാര്‍ത്താ ചാനല്‍ ചര്‍ച്ചയില്‍ വന്ദേമാതരത്തിന്റെ രണ്ട് വരിയെങ്കിലും പാടാന്‍ കഴിയുമോയെന്ന എതിരാളിയുടെ ചോദ്യത്തിന് മുന്നില്‍ നാണംകെട്ട് ബിജെ.പി വക്താവ് നവിന്‍കുമാര്‍ സിങ്.
യു.പിയിലെ പിന്നോക്ക ക്ഷേമ വിഭാഗം തലവന്‍ ബാല്‍ദേവ് സിങ്ങും ബി.ജെ.പി വക്താവ്
നവിന്‍കുമാര്‍ സിങ്ങും എ.ഐ.എം പി.എല്‍.പി തലവന്‍ മുഫ്തി ഇജാസ് അര്‍ഷദ് ഖാസ്മിയും ഉള്‍പ്പെടെ പങ്കെടുത്ത ചര്‍ച്ചയായിലായിരുന്നു സംഭവം.
വലിയ രാജ്യസ്‌നേഹവും രാജ്യഭക്തിയും പറയുന്ന നിങ്ങള്‍ക്ക് വന്ദേമാതരത്തിന്റെ രണ്ട് വരിയെങ്കിലും കാണാതെ പാടാന്‍ പറ്റുമോ എന്നായിരുന്നു എ.ഐ.എം പി.എല്‍.പി അംഗം മുഫ്തി ഇജാസ് അര്‍ഷദ് ഖാസ്മിയുടെ ബി.ജെ.പി വക്താവിനോടുള്ള ചോദ്യം.
ചോദ്യത്തോട് രോഷത്തോടെ പ്രതികരിച്ച നവിന്‍കുമാര്‍ സിങ് പിന്നീട് ഉരുണ്ടുകളിക്കുകയായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ രാജ് പുരോഹിത് ഉള്‍പ്പെടെ ഇദ്ദേഹത്തിന് പിന്തുണയുമായി ചര്‍ച്ചയില്‍ എത്തി.
താങ്കള്‍ വെല്ലുവിളി ഏറ്റെടുത്ത് വന്ദേമാതരം പാടൂ എന്ന് ബി.ജെ.പി എം.എല്‍.എ കൂടി പറഞ്ഞതോടെ മറ്റ് വഴികളൊന്നും ഇല്ലാതെ ഫോണ്‍ നോക്കി പാടാന്‍ തുടങ്ങി. എന്നാല്‍ ഫോണ്‍ നോക്കിയിട്ടുപോലും ഒരു വരി പോലും കൃത്യമായി പാടാന്‍ ഇദ്ദേഹത്തിനായില്ല.
സുനാമി, പുല്‍കിസിയാ തുടങ്ങിയ വാക്കുകളും വന്ദേമാതരത്തിനിടെ കടന്നുവന്നത് കേട്ട് അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും ഞെട്ടി. ചിരിയടക്കാനാവാതെ സ്റ്റുഡിയോയിലിരിക്കുന്ന പ്രവര്‍ത്തകരേയായിരുന്നു പിന്നീട് കണ്ടത്.
ഇതിന് പിന്നാലെ ബി.ജെ.പി വക്താവിനെതിരെ പരിഹാസവുമായി സോഷ്യല്‍മീഡിയയും രംഗത്തെത്തി. വലിയ രാജ്യസ്‌നേഹം പറയുന്ന ബി.ജെ.പി നേതാക്കള്‍ക്ക് ഫോണ്‍ നോക്കി പോലും ഗാനം ആലപിക്കാന്‍ കഴിയാത്തത് പരിശോധിക്കപ്പെടേണ്ടതാണെന്നും ഇവരുടെയൊക്കെ കപടരാജ്യസ്‌നേഹമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ചിലര്‍ ട്വിറ്ററില് പറയുന്നു.
സുനാമി പുല്‍കിസിയാ തുടങ്ങി അര്‍ത്ഥം പോലും കിട്ടാത്ത വാചകങ്ങള്‍ വന്ദേമാതരത്തില്‍ പാടാന്‍ ഇവര്‍ക്കല്ലാതെ മറ്റാരെക്കൊണ്ടാകുമെന്നാണ് മറ്റൊരാളുടെ ചോദ്യം.
