മരിച്ചിട്ടും കര്‍ക്കറയെ പേടിക്കുന്ന ഹിന്ദുത്വ തീവ്രവാദികള്‍
Opinion
മരിച്ചിട്ടും കര്‍ക്കറയെ പേടിക്കുന്ന ഹിന്ദുത്വ തീവ്രവാദികള്‍
അലി ഹൈദര്‍
Sunday, 21st April 2019, 2:02 pm

രാജ്യത്തെ ഞെട്ടിച്ച 2008ലെ മലേഗാവ്‌സ്‌ഫോടനക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ വെളിച്ചെത്തു കൊണ്ട് വന്ന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. 2019 ലോക്‌സാഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്നും ജനവിധി തേടുന്ന മാലേഗാവ് സ്‌ഫോടനത്തിന്റെ മുഖ്യപ്രതിയായ പ്രഞ്ജാ സിങ്  ഠാക്കൂറിന്റെ പരാമര്‍ശത്തോടെയാണ് കര്‍ക്കറെ വീണ്ടും ചര്‍ച്ചയായത്.

ഹേമന്ത് കര്‍ക്കറയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്ന പ്രജ്ഞാ സിങ് താക്കൂറിന്റെ പരാമര്‍ശം, 2011ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചു എന്നതിനപ്പുറം മുസ്ലിംകളെ പ്രതിക്കൂട്ടിലാക്കുന്ന ഇന്ത്യയുടെ ഭീകരവാദ കാഴ്ച്ചപ്പാടിനെ തിരുത്തി ഹിന്ദുത്വ തീവ്രവാദത്തിന്റെ വേരുകള്‍ കണ്ടെത്തിയ ഒരാളോടുള്ള അടങ്ങാത്ത പക കൂടിയായിരുന്നു.

സന്യാസിമാരും, സൈനികരും, രാഷ്ട്രീയ, മത നേതാക്കളും പ്രതിക്കൂട്ടിലായ മാലേഗാവ് സ്ഫോടന കേസ് അന്വേഷണമാണ് ഹിന്ദുത്വത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ഭീകരതയുടെ ആഴമേറിയ മുഖം തുറന്നുകാണിച്ചത്. അതിന് നേതൃത്വം കൊടുത്തതാകട്ടെ മഹാരാഷ്ട്ര ഭീകരവിരുദ്ധസേന തലവന്‍ ഹേമന്ദ് കര്‍ക്കറെ എന്ന അന്വേഷണ ഉദ്യോഗസ്ഥനും.

കര്‍ക്കറയുടെ അന്വേഷണം മാലേഗാവ് സ്‌ഫോടനക്കേസില്‍ ഒതുങ്ങുന്നതായിരുന്നില്ല. മറിച്ച് മുമ്പ് നടന്ന സ്‌ഫോടനങ്ങളുടെയും ഹിന്ദുരാഷ്ട്രത്തിനായുള്ള ഹിന്ദുത്വവാദികളുടെ ഗൂഢാലോചനകളുടെയും തീവ്രവാദ പ്രവര്‍ത്തനത്തിന്റെയും ചുരുളഴിയുകയായിരുന്നു അതോടെ. സ്‌ഫോടനത്തിന് പിന്നില്‍ മുസ്ലിംകളാണ് എന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രഥമിക റിപ്പോര്‍ട്ടിനെയും സംശയത്തേയും തിരുത്തിക്കൊണ്ടായിരുന്നു ഹേമന്ത് കര്‍ക്കറെയുടെ വരവ്.

 ആരാണ് സാധ്വി പ്രഗ്യാസിങ്?  മലേഗാവ് സ്‌ഫോടനത്തിന്റെ സൂത്രധാര,സഹചാരിയെ വധിച്ചതിനും തടവില്‍

 

മുംബൈയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ മാലേഗാവില്‍ 2008 സെപ്റ്റംബര്‍ 29 നാണ് 6 പേര്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനം ഉണ്ടാകുന്നത്. മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം തീവ്ര ഹിന്ദുത്വ സംഘടനകളില്‍ എത്തിച്ചത് സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്കായിരുന്നു. ഇതേ കുറിച്ചുള്ള അന്വേഷണം പിന്നീട് ചെന്നത്തിയത് ബൈക്കിന്റെ ഉടമ, സന്യാസിനി ആയി അറിയപ്പെട്ടിരുന്ന പ്രജ്ഞ സിങ് ഠാക്കൂറിലേക്കാണ്. പ്രജ്ഞയെ അറസ്റ്റുചെയ്ത് എ.ടി.എസ് നടത്തിയ ചോദ്യം ചെയ്യലില്‍ മറ്റ് 14 പേരുകള്‍ പുറത്തു വന്നു. ഒന്നിനു പിറകെ ഒന്നായി പത്തോളം പേരെ അറസ്റ്റു ചെയ്തു. റിട്ട: മേജര്‍ രമേശ് ഉപാധ്യായ്, ലെഫ്.കേണല്‍ ശ്രീകാന്ത് പുരോഹിത്, സ്വാമി ദയാനന്ദ് പാണ്ഡെ എന്നിവരിലൂടെ ഭീകരവാദ ശൃഖലയുടെ വ്യാപ്തി വെളിപ്പെട്ടു.

ജയിലിലായ ദയാനന്ദ് പാണ്ഡെയുടെ ലാപ്ടോപില്‍നിന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. മൂന്ന് വീഡോയകളും 37 ഓഡിയോ ക്ലിപ്പുകളും അടങ്ങിയ ലാപ്‌ടോപ്പില്‍ നിന്നാണ് തീവ്രവാദ പ്രവര്‍ത്തനത്തിന് ഇസ്‌റഈല്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഹായങ്ങളും ഇന്ത്യന്‍ സൈന്യത്തിലെ സര്‍വ്വീസിലുള്ളവരും വിരമിച്ചവരുമായ ഉന്നതാധികാരികളുടെയും സന്യാസി രാഷ്ട്രീയ പ്രമുഖരുടെയും പങ്ക് വെളിവായത്.

Image result for malegaon blast 2008

അഭിനവ് ഭാരതിന്റെ പേരിലാണ് ഹിന്ദുത്വഭീകരവാദികള്‍ ഇസ്രായേലിലെയും നേപ്പാളിലെയും ചില ഗ്രൂപ്പുകളുമായും നേതാക്കളുമായും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായംതേടി ചര്‍ച്ച നടത്തിയത്. മാലേഗാവ് സ്ഫോടനത്തിന്റെ സൂത്രധാരനും ഇന്ത്യന്‍ സേനയിലെ മുതിര്‍ന്ന സൈനിക ഓഫിസറുമായിരുന്ന ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന്റെ ശബ്ദരേഖയില്‍ നിന്നാണ് ‘അഭിനവ് ഭാരത്’ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനും അഭയം നല്‍കാനും നേപ്പാളിലെ ജ്ഞാനേന്ദ്ര രാജാവുമായി സംസാരിക്കാന്‍ തീരുമാനിച്ചകാര്യം വെളിച്ചത്തായത്.

മുമ്പ് നടന്ന അജ്മീര്‍, മക്ക മസ്ജിദ്, സംത്സോത എക്‌സ്പ്രസ്, 2006 ലെ ആദ്യ മാലേഗാവ് സ്‌ഫോടനം, ആര്‍.എസ്.എസ് പ്രചാരകനും സ്‌ഫോടന ഗൂഢാലോചനയിലും നടത്തിപ്പിലും പ്രധാന പങ്കാളിയുമായ സുനില്‍ ജോഷിയുടെ കൊലപാതകം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ഇതോടെ പുറത്തുവന്നു.

 ആരാണ് സാധ്വി പ്രഗ്യാസിങ്?  മലേഗാവ് സ്‌ഫോടനത്തിന്റെ സൂത്രധാര,സഹചാരിയെ വധിച്ചതിനും തടവില്‍

ദല്‍ഹിയിലെ ഹിന്ദുമഹാസഭാ തലവന്‍ പ്രസാദ് ത്രിപാഠി യു.കെ.യിലെ മുസ്ലിംവിരുദ്ധ സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ റെക്കാഡാണ് കര്‍ക്കറെ കണ്ടെത്തിയ മറ്റൊരു തെളിവ്. ഇംഗ്ലണ്ടിലെ മുസ്ലിം, കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘത്തെ നയിക്കുന്ന സ്റ്റീഫന്‍ ഗൗസുമായി ബന്ധമുണ്ടെന്ന് ത്രിപാഠി പറയുന്നു. ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക എന്നിവിടങ്ങളിലും ഗൗസിന്റെ സംഘം വളര്‍ന്നുവരുന്നതായും ത്രിപാഠി തന്റെ സഹപ്രവര്‍ത്തകരെ അറിയിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് നടപടിയുണ്ടായാല്‍ നേപ്പാള്‍ ഒളിത്താവളമായി ഉപയോഗിക്കാമെന്നും സംഘമായി ബന്ധമുണ്ടെന്ന് സംശയം തോന്നാത്ത ‘ബാസ്റ്റിയന്‍ ഗാഡ്സ്’ എന്ന പേരാണ് പരിശീലനകേന്ദ്രത്തിനായി നല്‍കേണ്ടതെന്നും കാവിക്കൊടി പാടില്ലെന്നും ഗൂഢാലോചനാവേളയില്‍ പുരോഹിത് നിര്‍ദേശിച്ചുവെന്നും കര്‍ക്കറെയുടെ കേസ് ഡയറി വെളിപ്പെടുത്തിയിരുന്നു.

Related image

ഭീകരാക്രമണ പദ്ധതികളെക്കുറിച്ച് അസിമാനന്ദ പ്രജ്ഞ സിങ്ങുമായി ആശയവിനിമയം നടത്തിയത് സുനില്‍ ദാവ്ഡെയുടെ മൊബൈല്‍ ഫോണ്‍ വഴിയായിരുന്നു. രാജ്യത്തെ ഒരു പ്രധാനിയുടെ സഹായത്തോടെ അസിമാനന്ദ നികോബാര്‍ ദ്വീപിലേക്ക് കടന്നുവെന്നായിരുന്നു അന്ന് എ.ടി.എസിന് കിട്ടിയ വിവരം. സ്ഫോടനത്തില്‍ ഉപയോഗിച്ച പ്രജ്ഞാസിങിന്റെ ബൈക്കിന്റെ കാര്യം, സ്ഫോടനവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനാ യോഗങ്ങള്‍, ഫോണ്‍ സംഭാഷണം, സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് എന്നിവയാണ് എ.ടി.എസ്. പ്രധാന തെളിവായി പരാമര്‍ശിച്ചിരുന്നത്.

ലാപ്ടോപ് വഴി ഈ വിവരങ്ങള്‍ കിട്ടിയ ഹേമന്ത് കര്‍ക്കരെ ഹിന്ദുത്വ ഭീകരശൃംഖലയെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് നീക്കുന്നതിനിടെയാണ് മുംബൈ ഭീകരാക്രമണം നടക്കുന്നതും കൊല്ലപ്പെടുന്നതും. കര്‍ക്കറെയുടെ മരണത്തോടെ ഇല്ലാതായത് രാജ്യത്തെ തീവ്രവാദ ശൃഖലകളെ പിടിച്ചുകെട്ടാനുള്ള തെളിവുകള്‍ കൂടിയായിരുന്നു.

Image result for hemant karkare

2008 സെപ്തംബര്‍ 29 നാണ് മാലേഗാവ് സ്‌ഫോടനം നടന്നത്. 2008 നവംബര്‍ 26 നാണ് കാര്‍ക്കറെ കൊല്ലപ്പെടുന്നത്. 2011 ഏപ്രില്‍ 11 നാണ് മാലേഗാവ് സ്‌ഫോടന കേസ് ഐ.എന്‍.എയ്ക്ക് കേസ് കൈമാറുന്നത്. കേസില്‍ ഹേമന്ത് കര്‍ക്കരെ പ്രജ്ഞാ സിംങ് അടക്കമുള്ളവര്‍ക്കെതിരെ കണ്ടെത്തിയ തെളിവുകളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

കേസില്‍ പ്രജ്ഞാ സിംഗ് ഠാക്കൂറിനെയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ എന്‍.ഐ.എ നടപടിയില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായിരുന്നു. എന്നാല്‍ 2014 അധികാരമേറ്റ എന്‍.ഡി.എ സര്‍ക്കാര്‍ കേസുകളെല്ലാം തേച്ച് മായ്ച്ചു കളയാനാണ് ശ്രമിച്ചത്.

കേസുകളില്‍ മൃദുസമീപനം സ്വീകരിക്കാന്‍ എന്‍.ഐ.എ തന്റെ മേല്‍ സമര്‍ദം ചെലുത്തി എന്ന് മലേഗാവ് സ്‌ഫോടനക്കേസിലെ പ്രത്യേക പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രോഹിണി സിയാലിന്റെ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതായിരുന്നു മറ്റു കേസുകളിലെ കോടതി വിധികളും എന്‍.ഐ.എയുടെ നിലപാട് മാറ്റവും.

അലി ഹൈദര്‍
മാധ്യമപ്രവര്‍ത്തകന്‍