ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനം എന്ന പ്രസ്താവന; പ്രജ്ഞ സിങ് ഠാക്കൂറിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
India
ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനം എന്ന പ്രസ്താവന; പ്രജ്ഞ സിങ് ഠാക്കൂറിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2019, 11:56 am

ന്യൂദല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തത് താനാണെന്ന ബി.ജെ.പി സ്ഥാനാര്‍ഥിയും മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുമായ പ്രജ്ഞ സിങ്ങ് ഠാക്കൂറിന്റെ പ്രസാതാവന വിവാദത്തില്‍. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രജ്ഞ സിങിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഭോപാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറാണ് പ്രജ്ഞയ്ക്ക് നോട്ടീസ് നല്‍കിയത്. വിശദീകരണം ഒരു ദിവസത്തിനകം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

ബാബ്റി മസ്ജിദ് തകര്‍ത്തതില്‍ ഒരു വിഷമവും ഇല്ലെന്നും അതില്‍ അഭിമാനിക്കുകയാണ് ചെയ്യുന്നതെന്നും പ്രജ്ഞ സിങ് പറഞ്ഞിരുന്നു. ആജ് തക്കുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു പ്രജ്ഞ സിങ്ങിന്റെ പരാമര്‍ശം. ബാബ്റി മസ്ജിദ് തകര്‍ത്തതില്‍ ഞങ്ങള്‍ എന്തിന് ഖേദിക്കണം? യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണ് ചെയ്യുന്നത്. രാമക്ഷേത്രത്തിന് ആവശ്യമില്ലാത്ത ചില കാര്യങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അത് ഞങ്ങള്‍ നീക്കം ചെയ്തു. എന്നായിരുന്നു പ്രജ്ഞ പറഞ്ഞത്.

രാജ്യത്തോടുള്ള ഞങ്ങളുടെ സ്നേഹമാണ് ഇതിലൂടെ പ്രകടിപ്പിച്ചത്. അവിടെ ഞങ്ങള്‍ വലിയൊരു രാമക്ഷേത്രം തന്നെ ഉയര്‍ത്തിയിരിക്കും. – എന്നും പ്രജ്ഞ സിങ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഹേമന്ത് കര്‍ക്കറെയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നാണ് പ്രജ്ഞ പറഞ്ഞത്. എന്നാല്‍ പിന്നീട് സംഭവം വിവാദമായതിന് പിന്നാലെ പ്രജ്ഞ സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു.

ഈ സംഭവത്തില്‍ തെരഞ്ഞടെപ്പ് കമ്മീഷന്‍ പ്രജ്ഞ സിങിന് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രജ്ഞ സിങിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കാനുള്ള സാഹചര്യമുണ്ടാവുന്നത്.

അതേസമയം പ്രജ്ഞ സിങ്ങിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസറിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാല്‍ എന്‍.ഐ.എ കോടതിയിയെ സമീപിച്ചിരുന്നു.

വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാലും, പ്രജ്ഞ സിങ്ങിന്റെ ജാമ്യം റദ്ദു ചെയ്യാനുള്ള അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലും, പ്രജ്ഞ സിങ്ങിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയണമെന്ന് നിസാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ജാമ്യത്തിലുള്ള സ്വാധിയോട് നിസാറിന്റെ ആവശ്യത്തിന് മറുപടി നല്‍കണമെന്ന് സ്പെഷ്യല്‍ ജഡ്ജ് വി.എസ്. പദല്‍ക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.