ജാമ്യം, മന്ത്രിസ്ഥാനം, 20 കോടി പ്രതിഫലം; സംഘപരിവാറിന്റെ ഓഫറുകള്‍ നിഷേധിച്ച് തടവറയില്‍ നിന്ന് ബി.ജെ.പിക്കെതിരെ മത്സരിക്കുന്ന അഖില്‍ ഗൊഗോയി ആരാണ്?
national news
ജാമ്യം, മന്ത്രിസ്ഥാനം, 20 കോടി പ്രതിഫലം; സംഘപരിവാറിന്റെ ഓഫറുകള്‍ നിഷേധിച്ച് തടവറയില്‍ നിന്ന് ബി.ജെ.പിക്കെതിരെ മത്സരിക്കുന്ന അഖില്‍ ഗൊഗോയി ആരാണ്?
ഗോപിക
Wednesday, 24th March 2021, 4:18 pm

ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ തനിക്ക് ജാമ്യം നല്‍കാം, തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് മന്ത്രിയാക്കാം, 20 കോടി രൂപ നല്‍കാം എന്നെല്ലാം വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടും അതെല്ലാം നിഷേധിച്ച് തടവറയില്‍ തുടരുന്ന ഒരു കര്‍ഷകപ്പോരാളി, ജയിലില്‍ നിന്നും തന്റെ സഹപോരാളികള്‍ക്കയച്ച കത്ത് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

2019ല്‍ പൗരത്വ സമരങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട അസമിലെ പൗരത്വപ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന അഖില്‍ ഗൊഗോയിയെ പിന്നീട് പുറം ലോകം കണ്ടിട്ടില്ല. എന്നാല്‍ ജയിലില്‍ നിന്ന് അദ്ദേഹം തന്റെ ജനതയ്ക്കായി ശബ്ദമുയര്‍ത്തിക്കൊണ്ടേയിരുന്നു.

അസമിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ അവിടെ പ്രചരണം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് അസം ജനതയ്ക്ക് മുന്നില്‍ നീതി നിഷേധത്തിന്റെ ആള്‍രൂപമായ അഖില്‍ ഗൊഗോയി ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. താന്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ സംഘടനയായ റൈജോര്‍ ദാലിന് അയച്ച കത്തുകളിലായിരുന്നു ഗൊഗോയിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍.

എന്തായിരുന്നു ആ കത്തുകളില്‍? എന്തിനാണ് അസമിലെ ബി.ജെ.പി ഭരണകൂടം അഖില്‍ ഗൊഗോയിയെ ഭയക്കുന്നത്? ആരാണ് അഖില്‍ ഗൊഗോയി. നമുക്ക് പരിശോധിക്കാം…

NIA court rejects peasant leader Akhil Gogoi's bail plea - The Hindu

2021 മാര്‍ച്ച് 23ന് അഖില്‍ ഗൊഗോയി തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ്…

‘ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്ന് ചോദ്യം ചെയ്യലിനിടെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നു. അപമാനകരമായ ആ വാഗ്ദാനം നിരാകരിച്ചപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്നായി. നിയമസഭയിലെ ഒരു ഒഴിഞ്ഞ സീറ്റിലേക്ക് മത്സരിപ്പിക്കാമെന്നും മന്ത്രിയാക്കാമെന്നും വരെ ഓഫറുകളുണ്ടായിരുന്നു. കൃഷക് മുക്തി സംഗ്രാം സമിതി എന്ന കര്‍ഷക സംഘടന വിട്ട് പുതിയൊരു എന്‍.ജി.ഒ തുടങ്ങാന്‍ 20 കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. അതുമാത്രമല്ല. അസമിലെ ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെതിരെ പ്രവര്‍ത്തിക്കാനും അവര്‍ ആവശ്യപ്പെട്ടു’- ഇതായിരുന്നു കത്തിലെ ഒരു ഭാഗം. തീര്‍ന്നില്ല. ജയിലില്‍ താനനുഭവിക്കേണ്ടിവന്ന ക്രൂരപീഡനങ്ങളെപ്പറ്റിയും ഗൊഗോയി കത്തില്‍ വിശദമായി എഴുതിയിരുന്നു.

TIME8 News | Breaking: NIA Court rejects Akhil Gogoi's bail plea, Gogoi to move High Court

എന്‍.ഐ.എ ആസ്ഥാനത്ത്, തന്നെ ലോക്കപ്പ് നമ്പര്‍ ഒന്നിലാണ് പാര്‍പ്പിച്ചിരുന്നതെന്നും വൃത്തിയില്ലാത്ത പുതപ്പ് മാത്രമാണ് തനിക്ക് നല്‍കിയതെന്നും, കൊടുംതണുപ്പില്‍ ജയിലിലെ വെറും തറയില്‍ തനിക്ക് കിടക്കേണ്ടി വന്നെന്നും ഗൊഗോയി കത്തിലെഴുതിയിരുന്നു.

2019 ഡിസംബര്‍ 18ന് കോടതി അനുമതിയില്ലാതെ, തന്നെ ദല്‍ഹിയിലേക്ക് കൊണ്ടുപോയെന്നും ഗൊഗോയി തന്റെ കത്തില്‍ പറയുന്നുണ്ട്. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വഴി സംഘപരിവാര്‍ നടത്തിയ വിലപേശലുകളെ തള്ളിക്കളഞ്ഞ അഖില്‍ ഗൊഗോയി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ വലിയ പോരാട്ടം നയിക്കാന്‍ തന്റെ ജനതയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ആരാണ് അഖില്‍ ഗൊഗോയി ?

അസമില്‍ നിന്നുള്ള കര്‍ഷകനേതാവും വിവരാവകാശ പ്രവര്‍ത്തകനുമാണ് അഖില്‍ ഗൊഗോയി. അഴിമതിയ്ക്കെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം കൃഷക് മുക്തി സംഗ്രാം സമിതി എന്ന കര്‍ഷക സംഘടനയുടെ നേതാവ് കൂടിയാണ്. ഗുവാഹത്തിയിലെ കോട്ടണ്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇടതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായി രാഷ്ട്രീയ രംഗത്തെത്തിയ അഖില്‍ ഗൊഗോയി സി.പി.ഐ.എം.എല്‍ നേതാവായ സന്തോഷ് റാണയോടൊപ്പമായിരുന്നു തുടക്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. നതുന്‍ പഠതിക് എന്ന ഇടതുപക്ഷ മാസികയുടെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ബ്രഹ്മപുത്രയുടെ പോഷകനദിയായ സുബാന്‍സിരി നദിയില്‍, പാരിസ്ഥിതികമായും സാമൂഹികമായും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന കൂറ്റന്‍ അണക്കെട്ടുകള്‍ പണിയാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ പദ്ധതിക്കെതിരെ 2009 ല്‍ നടന്ന ജനകീയ ചെറുത്തുനില്‍പ്പുകളുടെ മുഖമാവുകയായിരുന്നു അഖില്‍ ഗൊഗോയി. ആയിരക്കണക്കിന് കര്‍ഷകരാണ് അന്ന് അണക്കെട്ടിനെതിരായ സമരങ്ങളില്‍ അണിനിരന്നത്. അണക്കെട്ട് നിര്‍മാണത്തിനാവശ്യമായ സാധങ്ങളുമായി പോകുന്ന ട്രക്കുകള്‍ തടഞ്ഞുകൊണ്ട് ഗൊഗോയിയുടെ നേതൃത്വത്തില്‍ അന്ന് നടന്ന സമരങ്ങള്‍ ദേശീയ തലത്തില്‍ വരെ വലിയ ശ്രദ്ധ നേടിയിരുന്നു.

Anti-CAA stir: NIA court gives bail to Akhil Gogoi | Hindustan Times

പിന്നീട് അണ്ണാ ഹസാരെയുടെ മുന്‍കൈയില്‍ ഇന്ത്യാ എഗയിന്‍സ്റ്റ് കറപ്ഷന്‍ എന്ന മുന്നേറ്റം രൂപംകൊണ്ടപ്പോള്‍ തുടക്കത്തില്‍ അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഗൊഗോയി പിന്നീട് അണ്ണാ ഹസാരെയുടെയും സംഘത്തിന്റെയും ഉദ്ദേശ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് പുറത്തുപോവുകയായിരുന്നു.

അഖില്‍ ഗൊഗോയിയെ മാവോയിസ്റ്റായി മുദ്രകുത്തിക്കൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് 2010 ഏപ്രിലില്‍ അസം ഭരണകൂടം പുറത്തുവിടുകയും അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ കൈക്കൊള്ളുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അന്ന് ദേശീയ തലത്തില്‍ നിരവധി ആക്ടിവിസ്റ്റുകളാണ് അസാം സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്.

‘ഞാനൊരു കമ്യൂണിസ്റ്റാണ്, ഈ നാട്ടില്‍ സാമൂഹിക മാറ്റമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ ഞാനൊരു മാവോയിസ്റ്റല്ല, എന്തുകൊണ്ടെന്നാല്‍ മാവോയിസ്റ്റുകള്‍ ബഹുജന മുന്നേറ്റങ്ങളില്‍ വിശ്വസിക്കുന്നില്ല എന്നായിരുന്നു’, തനിക്ക് നേരെയുള്ള ആരോപണങ്ങളില്‍ അന്ന് അഖില്‍ ഗൊഗോയി പ്രതികരിച്ചത്.

CAA protests: Akhil Gogoi linked to Maoist, claims NIA

കര്‍ഷകരുടെ പോരാട്ടത്തെ ആശയപരമായും രാഷ്ട്രീയപരമായും നേരിടാന്‍ സാധിക്കാത്തതിനാല്‍ ഭരണകൂടം മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി ഈ മുന്നേറ്റങ്ങളെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2019 ല്‍ രാജ്യമെമ്പാടും പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അസമില്‍ അതിനെ മുന്നില്‍ നിന്ന് നയിച്ചത് അഖില്‍ ഗൊഗോയി ആയിരുന്നു. തുടര്‍ന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് 2019 ഡിസംബര്‍ 8നാണ് അസമിലെ ജോര്‍ഹത്തില്‍ നിന്ന് അഖില്‍ ഗൊഗോയിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ശേഷം മാവോയിസ്റ്റ് ബന്ധം കൂടി ആരോപിച്ച് കേസ് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു.

അസമില്‍ ബി.ജെ.പിയ്ക്കെതിരെ ശക്തമായ സമരങ്ങള്‍ നയിക്കുന്ന അഖില്‍ ഗൊഗോയിയുടെ സാന്നിധ്യം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായിരുന്നു. തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹം സിബ്സാഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കാനും തീരുമാനിച്ചു.

Akhil Gogoi is sick, has symptoms of Covid' — jailed RTI activist's wife in Facebook post

ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ തയ്യാറല്ലെന്നും മാര്‍ച്ച് 27ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അഖില്‍ ഗൊഗോയിയുടെ കത്ത് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ജനാധിപത്യ വിരുദ്ധരായ ബി.ജെ.പിയില്‍ നിന്ന് അസമിനെയും ജനങ്ങളുടെ ഭാവിയെയും രക്ഷിക്കാനാണ് താന്‍ ജയിലില്‍ നിന്ന് ഈ കത്ത് അയയ്ക്കുന്നതെന്നാണ് അഖില്‍ ഗൊഗോയി അന്ന് പറഞ്ഞിരുന്നത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഏറ്റവും ശക്തനായ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുക. അസമിന്റെ ഭാവി ജനങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അസം രക്ഷപ്പെടണമെങ്കില്‍ ബി.ജെ.പിയ്‌ക്കോ പൗരത്വനിയമത്തിനോ അനുകൂലമായവര്‍ക്കോ വോട്ടുചെയ്യരുതെന്നും അദ്ദേഹം കത്തിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ബി.ജെ.പി ഭരണത്തിന് കീഴില്‍ അസമിന്റെയും അവിടുത്തെ ജനങ്ങളുടെയും ഭാവി ഇരുണ്ടതാണെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.

കടുത്ത മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ അനുഭവിച്ച് താന്‍ ജയിലില്‍ കഴിയുകയാണെന്നും തന്റെ ഭാവി എന്താണെന്ന് അറിയില്ലെന്നും അഖില്‍ ഗൊഗോയിയുടെ കത്തിലുണ്ട്. അസമീസ് രാഷ്ട്രീയത്തില്‍ നിന്ന് അഖില്‍ ഗൊഗോയിയെ തുടച്ചുമാറ്റാനുള്ള ശ്രമങ്ങളാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്ന വരികളാണ് അദ്ദേഹത്തിന്റെ കത്തുകളിലുള്ളത്. തടവറയിലെ ക്രൂരപീഡനങ്ങള്‍ക്കിടയിലും അസമിലെ സിബ്‌സാഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ബി.ജെ.പി-സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തുകൊണ്ട് ജനാധിപത്യത്തിന് പ്രതീക്ഷ നല്‍കുകയാണ് അഖില്‍ ഗൊഗോയി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Who Is Anti CAA Activist Akhil Gogoi And Why The BJP Government Target Him

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.