ശ്രീലങ്കയില്‍ തമിഴ് ജനതയെ ഒറ്റി ബി.ജെ.പി; മിണ്ടാനാകാതെ എ.ഐ.എ.ഡി.എം.കെ; തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ പുതിയ വിവാദങ്ങള്‍
national news
ശ്രീലങ്കയില്‍ തമിഴ് ജനതയെ ഒറ്റി ബി.ജെ.പി; മിണ്ടാനാകാതെ എ.ഐ.എ.ഡി.എം.കെ; തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ പുതിയ വിവാദങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th March 2021, 2:22 pm

ചെന്നൈ: ശ്രീലങ്കയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് യു.എന്നില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിട്ടുനിന്നത് വിവാദമാകുന്നു.

ചൊവ്വാഴ്ച ജനീവയിലെ ഐക്യരാഷട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് നടന്ന വോട്ടെടുപ്പില്‍ നിന്നാണ് ഇന്ത്യ വിട്ടു നിന്നത്.

ഇതോടെ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ പുതിയ വിവാദങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന കേന്ദ്ര നടപടിയില്‍ എ.ഐ.ഡി.എം.കെയ്ക്ക് എതിര്‍പ്പുണ്ടെങ്കിലും പുറത്ത് പറയാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.

അതേസമയം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന കേന്ദ്ര നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് തമിഴ്‌നാട്ടില്‍ നിന്ന് ഉയരുന്നത്.

വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കേന്ദ്രനടപടി തമിഴ് ജനതയെ വഞ്ചിച്ചതിന് തുല്യമാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി.ചിദംബരം പറഞ്ഞു.

” ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയുമായി ബന്ധപ്പെട്ട പ്രമേയത്തില്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കുകയായിരുന്നു.

ഇത് തമിഴ് ജനതയോടുള്ള വഞ്ചനയാണ്. തമിഴ്‌നാട്ടുകാരുടെ താത്പര്യത്തിനെതിരായ ഈ നടപടിക്ക് എ.ഐ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് തമിഴ്ജനത പ്രതികരിക്കണം,” പി.ചിദംബരം പറഞ്ഞു.

വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് തെറ്റാണെന്നും. തമിഴ്ജനതയുടെ വികാരം മാനിച്ച് അദ്ദേഹം രാജിവെക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

അതേസമയം ശ്രീലയങ്കയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ പ്രമേയം യു.എന്നില്‍ പാസായി. 47 കൗണ്‍സില്‍ അംഗങ്ങളില്‍ 22 പേരും പ്രമേയത്തിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. അതേമയം പ്രമേയത്തിനെതിരെ ശ്രീലങ്ക കടുത്ത വിമര്‍ശനം ഉന്നയിച്ച് മുന്നോട്ടു വന്നു. രാഷ്ട്രീയ താത്പര്യം മാത്രമാണ് പ്രമേയത്തിന് പിന്നിലെന്നും ശ്രീലങ്ക പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India abstains in U.N. Human Rights Council vote on Sri Lanka; Controversies in Tamil Nadu