എസ്.എസ്-സര്‍ക്കാര്‍ പോര് മുറുകുന്നു; രൂക്ഷ വിമര്‍ശനവുമായി പിണറായിയും ശൈലജയും; സുകുമാരന്‍ നായരെ തള്ളാതെ എം.എ ബേബി
Kerala News
എസ്.എസ്-സര്‍ക്കാര്‍ പോര് മുറുകുന്നു; രൂക്ഷ വിമര്‍ശനവുമായി പിണറായിയും ശൈലജയും; സുകുമാരന്‍ നായരെ തള്ളാതെ എം.എ ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th March 2021, 11:24 am

തിരുവനന്തപുരം: എന്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സുകുമാരന്‍ നായരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് എന്‍.എസ്.എസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും രംഗത്തെത്തിയത്.

എന്‍.എസ്.എസ് തുടര്‍ച്ചയായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പൊതു സമൂഹത്തിന് സംശയുമുണ്ട്. ഇക്കാര്യം സുകുമാരന്‍ നായര്‍ മനസിലാക്കുന്നത് നല്ലതാണ് എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്‍.എസ.എസിനോട് തനിക്കും സര്‍ക്കാരിനും പ്രത്യേക പ്രശ്‌നങ്ങളില്ലെന്നും പിണറായി പറഞ്ഞു.

നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ട് ഇടതുപക്ഷത്തെ കുറ്റം പറയുന്ന എന്‍.എസ്.എസിന്റെ രീതി ശരിയല്ലെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. എന്‍.എസ് നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

അതേസമയം എന്‍.എസ്.എസിനോട് ഏറ്റുമുട്ടലിനില്ലെന്നാണ് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞത്. സാമുദായിക സംഘടനങ്ങള്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ഏതെങ്കിലും ഒരു മുന്നണിക്കാണ് തങ്ങളുടെ പിന്തുണയെന്ന് എന്‍.എസ്.എസ് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എം.എ ബേബി പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് നിലപാട് ആരെ സഹായിക്കാനാണെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചിരുന്നു. താനും എന്‍.എസ്.എസും തമ്മിലുള്ള സൗഹൃദത്തിന് കുറവില്ല. താന്‍ സത്യം പറയുന്നത് കൊണ്ടാകും എന്‍.എസ്.എസ് ചിലപ്പോള്‍ എതിര്‍ക്കുന്നത്. ശബരിമലയെക്കുറിച്ചുള്ള എന്‍.എസ്.എസ് പ്രസ്താവനയില്‍ രാഷ്ട്രീയമുണ്ടെന്ന് പറയേണ്ടി വരും. എന്‍.എസ്.എസ്. നിലപാട് ആരം സഹായിക്കാനാണെന്ന് നിങ്ങള്‍ വിലയിരൂത്തൂ, എന്നായിരുന്നു കാനം രാജേന്ദ്രന്‍ പറഞ്ഞത്.

ഇതിന് പിന്നാലെ കാനം രാജേന്ദ്രന് മറുപടിയുമായി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. എന്‍.എസ്.എസിന്റെ നിലപാട് വിശ്വാസവും ആചാരനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ്. വിശ്വാസ സംരക്ഷണത്തിന് വേണ്ടിയാണ് എന്‍.എസ്.എസ് നിലകൊണ്ടത് എന്നായിരുന്നു സുകുമാരന്‍ നായര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K.K Shailaja and Pinaryi Vijayan against NSS