കൈതി രണ്ട് എന്ന് തുടങ്ങും; കാര്‍ത്തിയുടെ മറുപടി ഇതാണ്
Entertainment news
കൈതി രണ്ട് എന്ന് തുടങ്ങും; കാര്‍ത്തിയുടെ മറുപടി ഇതാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th August 2022, 6:58 pm

2019-ല്‍ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’ എന്ന ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. നടന്‍ കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു കൈതി.

രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ നല്‍കിയായിരുന്നു കൈതി അവസാനിച്ചത്. ലോകേഷ് പിന്നീട് സംവിധാനം ചെയ്ത കമല്‍ഹാസന്‍ ചിത്രം വിക്രമിലും കൈതി റഫര്‍റന്‍സുകള്‍ ഉണ്ടായിരുന്നു. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് എന്ന് തുടങ്ങും എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ് കാര്‍ത്തി. തന്റെ ഏറ്റവും പുതിയ ചിത്രമായ വിരുമാന്റെ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് കാര്‍ത്തി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അടുത്ത വര്‍ഷം കൈതി രണ്ടാം ഭാഗം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, വിജയുമായുള്ള ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും കൈതി രണ്ടാം ഭാഗം തുടങ്ങുകയെന്നും കാര്‍ത്തി പറഞ്ഞു.

‘റോളെക്‌സും ദില്ലിയും കൈതി രണ്ടാം ഭാഗത്തില്‍ വരുമോയെന്ന് എനിക്കറിയില്ല. ചിത്രം അടുത്ത വര്‍ഷം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. വിജയ് ചിത്രം പൂര്‍ത്തിയായ ശേഷം കൈതി രണ്ടിന്റെ ഷൂട്ടിങ് തുടങ്ങും,’ കാര്‍ത്തി പറയുന്നു. സഹോദരന്‍ സൂര്യക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷവും അഭിമാനമുവുംണ്ടെന്നും കാര്‍ത്തി പറഞ്ഞു.

അതേസമയം മുത്തയ്യയാണ് വിരുമാന്‍ സംവിധാനം ചെയ്യുന്നത്. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. അതിഥി ശങ്കറാണ് നായികയായി എത്തുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് വിരുമാന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്  രാജ് കിരണ്‍, പ്രകാശ് രാജ്, സൂരി എന്നിവരും
ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.  ചിത്രം അഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും. തേനിയുടെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Content Highlight: When did Kaithi two shooting starts this is the answer by karthi