'എനിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐക്കോണിക് താരത്തെ വേണമെന്നാണ് പറഞ്ഞത്, ലാല്‍ സിങ് ചദ്ദയില്‍ സൂപ്പര്‍താരം എത്തിയത് അങ്ങനെ: ആമിര്‍ ഖാന്‍
Entertainment news
'എനിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐക്കോണിക് താരത്തെ വേണമെന്നാണ് പറഞ്ഞത്, ലാല്‍ സിങ് ചദ്ദയില്‍ സൂപ്പര്‍താരം എത്തിയത് അങ്ങനെ: ആമിര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th August 2022, 5:44 pm

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ഖാന്‍ ചിത്രമാണ് ലാല്‍ സിങ് ചദ്ദ. ആഗസ്റ്റ് 11നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. 1994 ല്‍ ടോം ഹാങ്ക്‌സ് പ്രധാനവേഷത്തില്‍ എത്തിയ അമേരിക്കന്‍ ചലച്ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ അഡാപ്‌റ്റേഷനായിട്ടാണ് ലാല്‍ സിംഗ് ചദ്ദ ഒരുങ്ങുന്നത്.

നേരത്തെ തന്നെ ചിത്രത്തില്‍ ഷാരുഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് ആമിര്‍ ഖാന്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ലാല്‍ സിങ് ചദ്ദയുടെ പ്രോമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് ആമിര്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്.

ഷാരൂഖ് തന്റെ സുഹൃത്താണെന്നും, ഫോറസ്റ്റ് ഗമ്പില്‍ എല്‍വിസ് പ്രെസ് ലി അവതരിപ്പിച്ച കഥാപാത്രത്തെ ചെയ്യാന്‍ കഴിയുന്ന ഒരാളെ എനിക്ക് ആവശ്യമാണ് എന്നാണ് ഷാരുഖിനോട് പറഞ്ഞത് എന്നും ആമിര്‍ഖാന്‍ പറയുന്നു. ‘എനിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐക്കോണിക് താരത്തെ വേണം, അതിനാലാണ് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നത്, എല്‍വിസ് പ്രെസ് ലി അവതരിപ്പിച്ച കഥാപാത്രത്തെ ചെയ്യാന്‍ കഴിയുന്ന ഒരാളെയാണ് എനിക്ക് വേണ്ടത് ഇത് കേട്ടതും ഉടന്‍ തന്നെ അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു,’ ആമിര്‍ ഖാന്‍ പറയുന്നു.

അതുല്‍ കുല്‍ക്കര്‍ണിയാണ് ലാല്‍ സിങ് ചദ്ദക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കരീന കപൂറാണ് നായികയായി എത്തുന്നത്. ത്രീ ഇഡിയറ്റ്സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിര്‍ ഖാന്‍-കരീന കപൂര്‍ ജോഡികള്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണ് ലാല്‍ സിംഗ് ചദ്ദ. 2017ല്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്വൈത് ചന്ദ്രനാണ് ലാല്‍ സിംഗ് ചദ്ദയുടെയും സംവിധായകന്‍.

ചിത്രത്തില്‍ ആമിറിന്റെ അമ്മയുടെ വേഷത്തില്‍ എത്തുന്നത് മോന സിങാണ്. തെന്നിന്ത്യന്‍ താരം നാഗ ചൈതന്യയും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ലാല്‍ സിങ് ചദ്ദ. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആമിര്‍ ഖാന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് വിതരണവകാശം സ്വന്തമാക്കിയിരിക്കുന്നത് ചിരഞ്ജീവിയാണ്.

ഫോറസ്റ്റ് ഗമ്പിന്റെ തനി പകര്‍പ്പാവില്ല ചിത്രമെന്നും നിരവധി സീനുകള്‍ ചിത്രത്തില്‍ നിന്നും മാറ്റം വരുത്തിയാണ് ഷൂട്ട് ചെയ്തത് എന്നും, ഫോറസ്റ്റ് ഗമ്പിലെ പല അശ്ലീല രംഗങ്ങളും ലാല്‍ സിങ് ചദ്ദയില്‍ ഉണ്ടാകില്ല, അത്തരത്തിലുള്ള സീനുകള്‍ കളഞ്ഞത് കുട്ടികള്‍ക്കും ചിത്രം ആസ്വദിക്കാന്‍ വേണ്ടിയാണെന്നും അതുകൊണ്ട് കുട്ടികള്‍ തീര്‍ച്ചയായും ചിത്രം കാണണം എന്നും ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.

ഇതിനൊപ്പം തന്നെ ചിത്രം ഇന്ത്യയുടെ സാംസ്‌കാരത്തിലേക്ക് പറിച്ചു നട്ടാണ് എടുത്തിരിക്കുന്നതെന്നും ആമിര്‍ ഖാന്‍ മുമ്പ് പറഞ്ഞിരുന്നു. 2018ലാണ് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്ക് അവകാശം ആമിര്‍ ഖാന്‍ സ്വന്തമാക്കിയത്.

Content Highlight: Aamir Khan about Shah Rukh Khan cameo role in his new movie Laal Singh Chaddha