പണ്ട് ചാക്കോച്ചന് ലൗ ലെറ്റര്‍ എഴുതി വീട്ടില്‍ പിടിച്ച കാര്യം എന്റെ അമ്മ പറഞ്ഞിട്ടുണ്ട്; ആരാധകന്റെ കമന്റിന് കുഞ്ചാക്കോ ബോബന്റെ മറുപടി
Movie Day
പണ്ട് ചാക്കോച്ചന് ലൗ ലെറ്റര്‍ എഴുതി വീട്ടില്‍ പിടിച്ച കാര്യം എന്റെ അമ്മ പറഞ്ഞിട്ടുണ്ട്; ആരാധകന്റെ കമന്റിന് കുഞ്ചാക്കോ ബോബന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th August 2022, 3:49 pm

ഒരു തലമുറയുടെ ചോക്ലേറ്റ് നായകനായിരുന്ന കുഞ്ചാക്കോ ബോബനോട് മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേക ഇഷ്ടമാണ്. ആദ്യ ചിത്രത്തിലൂടെ ഇത്രയും വലിയൊരു ഫാന്‍ ബേസ് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ചുരുക്കം താരങ്ങള്‍ മാത്രമേ മലയാളത്തിലുള്ളൂ.

വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ എന്ന താരം ശക്തമായ സാന്നിധ്യമാകുന്നത് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ സിനിമാ ആസ്വാദകരുടെ മനസില്‍ നിലനില്‍ക്കുന്നതുകൊണ്ട് കൂടിയാണ്.

ഒരു സമയത്ത് പൂര്‍ണമായും സിനിമ ചാക്കോച്ചനെ കൈവിട്ടെന്ന് തോന്നിയ ഘട്ടത്തിലും അദ്ദേഹത്തോടുള്ള ഇഷ്ടം മനസില്‍ സൂക്ഷിച്ച ആരാധകരും അനവധിയാണ്. ആ ഇഷ്ടം ഇന്നും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. പണ്ട് തങ്ങളുടെയൊക്കെ അമ്മമാരുടെ ചോക്ലേറ്റ് ഹീറോയായിരുന്ന കുഞ്ചാക്കോ ബോബന്റെ പുതുതലമുറ ഫാന്‍സുകാരും ഏറെയാണ്.

അത്തരത്തില്‍ ഒരു ആരാധകന്‍ ചാക്കോച്ചന്റെ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോയ്ക്ക് താഴെ ഇട്ട കമന്റും അതിന് ചാക്കോച്ചന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഒരു ആരാധകന്റെ കമന്റ് ചാക്കോച്ചനെ വായിച്ച് കേള്‍പ്പിച്ചത്.

‘എന്റെ അമ്മ കോളേജ് പഠനം കാലം മുതല്‍ ചാക്കോച്ചന്റെ ആരാധികയാണ്. ചാക്കോച്ചന് ലൗ ലെറ്റര്‍ എഴുതിയിട്ട് വീട്ടില്‍ പിടിച്ച കാര്യമൊക്കെ അമ്മ ഇടയ്ക്ക് പറയാറുണ്ട്. കാലങ്ങള്‍ കഴിഞ്ഞ് ചോക്ലേറ്റ് ഹീറോ എന്ന ഇമേജ് മാറ്റിയെടുത്ത ചാക്കോച്ചന് പത്തനം തിട്ടയില്‍ നിന്നുള്ള ഒരു ആരാധകന്റെ എല്ലാ സ്‌നേഹവും എന്നായിരുന്നു കമന്റ്. ഇതിന് പിന്നാലെയായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി.

അത്തരമൊരു ചോക്ലേറ്റ് ഇമേജ് ആദ്യ സിനിമയിലൂടെ തന്നെ തനിക്ക് ചാര്‍ത്തി കിട്ടിയിരുന്ന പട്ടമായിരുന്നെന്നും പക്ഷേ ഒരു പരിധി കഴിഞ്ഞപ്പോള്‍ ഒരു നടനെന്ന നിലയില്‍ മുന്നോട്ട് പോകാന്‍ ഒരുപാട് തടസ്സങ്ങള്‍ തന്റെ മുന്നില്‍ ഉണ്ടായെന്നുമായിരുന്നു ചാക്കോച്ചന്‍ പറഞ്ഞത്.

ആ ഇമേജ് മാറ്റാനുള്ള മനപൂര്‍വമായ ശ്രമങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. പിന്നെ ഹാര്‍ഡ് വര്‍ക്കും ലക്കുമെല്ലാം ഇതിന്റെ ഘടകങ്ങളാണ്. ആ രീതിയില്‍ നോക്കുമ്പോള്‍ അങ്ങനെയൊരു ഇമേജ് മാറ്റി നല്ല നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിക്കുന്നുണ്ട്. ആ ഒരു ഫയറാണ് ഇപ്പോള്‍ ഉള്ളത്.

ശരിക്കും പറഞ്ഞാല്‍ ന്നാ താന്‍ കേസ് കൊട് എന്ന സിനിമ ആയാലും അതിന് മുന്‍പുള്ള സിനിമയായാലും അതില്‍ ചാക്കോച്ചന്‍ എന്നതിലുപരിയായി അതിലെ കഥാപാത്രമായി കാണാന്‍ സാധിക്കുന്നു എന്ന് എന്റെ വിമര്‍ശകര്‍ പോലും പറയുമ്പോള്‍ അതാണ് ഏറ്റവും വലിയ അംഗീകാരമായി തോന്നുന്നതും മുന്‍പോട്ടുള്ള യാത്രയില്‍ ഊര്‍ജമാകുന്നതും, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പില്‍ വെള്ളിത്തിരയിലെത്തുകയാണ് കുഞ്ചാക്കോ ബോബന്‍. ആ കഥാപാത്രത്തെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകരും.

Content highlight: actor Kunchacko Boban’s reply to a fan’s comment